സ്‌കൂട്ടിയും ബൈക്കും കൂട്ടിയിടിച്ചു; കണ്ണൂരില്‍ ഡിഗ്രി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
മയ്യില്‍: കണ്ണാടിപ്പറമ്പില്‍ സ്‌കൂട്ടിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ ഡിഗ്രി വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ കോളേജ് ഓഫ് കൊമേഴ്സിലെ വിദ്യാര്‍ത്ഥിയും ചേലേരി നൂഞ്ഞേരി സ്വദേശിയുമായ മുഹമ്മദ് സൂഫിയാന്‍ (19) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 8.45-ഓടെ കണ്ണാടിപ്പറമ്പ് ഗവ. സ്‌കൂളിന് സമീപത്തായിരുന്നു അപകടം. സൂഫിയാന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിര്‍ദിശയില്‍ വന്ന സ്‌കൂട്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ഇരുമ്പ് കൈവരിയില്‍ ഇടിച്ചു മറിയുകയും സൂഫിയാന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചേലേരി നൂഞ്ഞേരിയിലെ 'സഫ വില്ല'യില്‍ മുഹമ്മദ് കുഞ്ഞി മൗലവിയുടെയും ജുവൈരിയയുടെയും മകനാണ് സൂഫിയാന്‍. ഏക സഹോദരന്‍ മുഹമ്മദ് സിനാന്‍ വിദേശത്താണ്.