'ദയവായി എന്നെ അതിലേക്ക് വലിച്ചിഴക്കരുത്, അഭ്യര്‍ഥനയാണ്; നിയമസഭാംഗങ്ങള്‍ അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ തന്റെ പേര് ഉപയോഗിക്കരുത്; നേതൃമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് അകലം പാലിച്ച് ഡി.കെ ശിവകുമാര്‍
'ദയവായി എന്നെ അതിലേക്ക് വലിച്ചിഴക്കരുത്,
ബംഗളൂരു: കര്‍ണാടകയിലെ നേതൃമാറ്റ വിവാദങ്ങളില്‍ തര്‍ക്കാലം അകലം പാലിച്ചു ഉപമുഖ്യന്ത്രി ഡി കെ ശിവകുമാര്‍. പാര്‍ട്ടിയിലെ ഉള്‍പ്പാര്‍ട്ടി നീക്കങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളോടാണ് ഡികെ തല്‍ക്കാലം അകലം പാലിച്ചത്. നിയമസഭാംഗങ്ങള്‍ അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ തന്റെ പേര് ഉപയോഗിക്കരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. 'എനിക്ക് വേണ്ടി ആരും സംസാരിക്കരുത്, ദയവായി അങ്ങനെ ചെയ്യരുത്' എന്നാണ് ശിവകുമാര്‍ ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്.
'നിങ്ങള്‍ക്ക് നിങ്ങളുടേതായ പ്രശ്നങ്ങളുണ്ടെങ്കില്‍, നിങ്ങള്‍ ഒരു എം.എല്‍.എ ആണെങ്കില്‍ മന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അധികാരം ആഗ്രഹിക്കുന്നുവെങ്കില്‍, അല്ലെങ്കില്‍ ചെയര്‍മാന്‍ സ്ഥാനം ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ മുന്നോട്ട് പോയി അത് പിന്തുടരുക. പക്ഷേ ദയവായി എന്നെ അതിലേക്ക് വലിച്ചിഴക്കരുതെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു' -അദ്ദേഹം പറഞ്ഞു.
ചില നിയമസഭാംഗങ്ങള്‍ രാജ്യ തലസ്ഥാനം സന്ദര്‍ശിക്കുകയോ വിദേശയാത്ര നടത്തുകയോ ചെയ്യുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന് അത്തരം നീക്കങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു ശിവകുമാറിന്റെ മറുപടി. 'എം.എല്‍.എമാര്‍ ഡല്‍ഹിയിലേക്കോ വിദേശത്തേക്കോ പോകുന്നതിനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല, ഞാന്‍ ഇതില്‍ ഇടപെടുകയുമില്ല' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.