പശ്ചിമേഷ്യന്‍ യുദ്ധം തുടരുന്നതില്‍ കടുത്ത ഊര്‍ജ്ജ പ്രതിസന്ധി; ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര ഉന്നതതല യോഗം; വിഭവങ്ങളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍
പശ്ചിമേഷ്യന്‍ യുദ്ധം തുടരുന്നതില്‍ കടുത്ത ഊര്‍ജ്ജ പ്രതിസന്ധി
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ പെട്രോളിയം, ക്രൂഡ് ഓയില്‍, വാതകം, ഊര്‍ജ്ജം, വളം തുടങ്ങിയ മേഖലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ പങ്കെടുത്ത യോഗം വിഭവങ്ങളുടെ തടസ്സമില്ലാത്ത വിതരണവും സുസ്ഥിരമായ ലോജിസ്റ്റിക്‌സും ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വ്യാപാര പാതകള്‍ തടസ്സപ്പെട്ടത് ആഗോള ഊര്‍ജ്ജ വിപണിയെയും സാമ്പത്തിക സ്ഥിരതയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇസ്രയേല്‍-യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ പ്രത്യാക്രമണങ്ങള്‍ ഈ മേഖലയെ കൂടുതല്‍ അശാന്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ആഘാതം ഇന്ത്യയിലും പ്രതിഫലിച്ചു തുടങ്ങി. വ്യാവസായിക ഡീസലിന്റെ വിലയില്‍ 25 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. ലിറ്ററിന് 87.67 രൂപയില്‍ നിന്ന് 109.59 രൂപയായി ഇത് ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ഊര്‍ജ്ജ സുരക്ഷ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ സജീവമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
വിപണിയിലെ ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന വാണിജ്യ എല്‍പിജിയുടെ അളവ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. ഇതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും മുന്‍ഗണന നല്‍കാനാണ് നിര്‍ദ്ദേശം. ഗാര്‍ഹിക-വാണിജ്യ ഉപഭോക്താക്കള്‍ക്കിടയില്‍ പിഎന്‍ജി കണക്ഷനുകള്‍ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, എല്‍പിജി പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അധികൃതര്‍ വ്യാപകമായി റെയ്ഡുകള്‍ നടത്തിവരുന്നു.
നിലവിലെ പ്രതിസന്ധിക്കിടയിലും രാജ്യത്തെ തുറമുഖങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്നും ചരക്ക് നീക്കത്തില്‍ തടസ്സങ്ങളില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അമേരിക്കയിലെ ടെക്‌സസില്‍ നിന്നുള്ള എല്‍പിജി കപ്പല്‍ മംഗളൂരു തുറമുഖത്ത് എത്തിയത് വലിയ ആശ്വാസമായിട്ടുണ്ട്. ഊര്‍ജ്ജ വിതരണം സുഗമമാക്കുന്നതിനായി മാര്‍ച്ച് 14 മുതല്‍ 31 വരെ ക്രൂഡ് ഓയിലിന്റെയും എല്‍പിജിയുടെയും ചരക്ക് കൂലി ഷിപ്പിങ് മന്ത്രാലയം ഒഴിവാക്കിയിരുന്നു. ഇത്തരം നടപടികളിലൂടെ ആഭ്യന്തര വിപണിയില്‍ ഇന്ധന ലഭ്യത ഉറപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
