"സിനിമയിലെ 'ഈഗോ' രാഷ്ട്രീയത്തിലേക്ക്! ലിയോയിലെ വെടിയുണ്ടകൾക്ക് പിന്നാലെ രജനിയെ കൊട്ടി വിജയ്; മറുപടിയുമായി തലൈവർ എത്തിയതോടെ തമിഴകം ഇളകുന്നു; സഖ്യനീക്കങ്ങൾ പാളിയതോടെ ടിവികെ വെട്ടിലായോ?"

Update: 2026-03-17 10:40 GMT

ചെന്നൈ: ഒരു ഇടവേളയ്ക്ക് ശേഷം തമിഴകത്തെ നടുക്കിയ സൂപ്പർസ്റ്റാർ-ദളപതി പോര് വീണ്ടും ചർച്ചകളിൽ വരുകയാണ്. മുമ്പ് ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിൽ രജനികാന്ത് പറഞ്ഞ 'കാക്കയും കഴുകനും' കഥയാണ് ഈ യുദ്ധത്തിന്റെ വിത്തിട്ടത്. ആകാശത്ത് ഉയരത്തിൽ പറക്കുന്ന കഴുകനെ ശല്യം ചെയ്യാൻ കാക്ക ശ്രമിക്കുമെന്നും എന്നാൽ കഴുകൻ തന്റെ ഉയരം കൂട്ടി അതിനെ നിഷ്പ്രഭമാക്കുമെന്നുമായിരുന്നു തലൈവരുടെ കഥ. ഇത് വിജയ് യെ ലക്ഷ്യം വെച്ചാണെന്ന് ആരാധകർ ഉറപ്പിച്ചു. എന്നാൽ ഇതിന് ചുട്ട മറുപടി വിജയ് നൽകിയത് 'ലിയോ' സിനിമയുടെ ക്ലൈമാക്സിലൂടെയാണ്. കഴുകനെ വെടിവെച്ചിടുന്ന ദൃശ്യം ഉൾപ്പെടുത്തിക്കൊണ്ട് കൃത്യമായ മറുപടി വിജയ് നൽകിയതോടെ തമിഴ് സിനിമാ ലോകം രണ്ട് തട്ടിലായി.

എന്നാൽ സിനിമാ പോര് രാഷ്ട്രീയത്തിലേക്കും വഴിമാറുകയാണ്. വിജയ് തന്റെ രാഷ്ട്രീയ പാർട്ടിയായ 'തമിഴക വെട്രി കഴകം' (TVK) പ്രഖ്യാപിച്ചതിന് പിന്നാലെ വന്ന പരാമർശങ്ങൾ രജനികാന്തിനെ ചൊടിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. തന്റെ രാഷ്ട്രീയ പ്രവേശനം സിനിമാതാരങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്ന പഴയ രീതിയിലല്ലെന്ന് വിജയ് സൂചിപ്പിച്ചിരുന്നു. ഇതിന് പരോക്ഷമായി മറുപടി നൽകിക്കൊണ്ട് രജനികാന്ത് രംഗത്തെത്തിയതോടെ ആരാധകർക്കിടയിലെ 'ഈഗോ' ക്ലാഷ് വീണ്ടും മൂർച്ഛിച്ചിരിക്കുകയാണ്. തലമുറകൾ മാറിയിട്ടും സൂപ്പർസ്റ്റാർ പദവിയെച്ചൊല്ലിയുള്ള ഈ പോരാട്ടം തമിഴ് മണ്ണിൽ അവസാനിക്കുന്നില്ല എന്നതിന്റെ തെളിവാണ് പുതിയ വിവാദങ്ങൾ. സിനിമാ ലൊക്കേഷനുകളിൽ നിന്ന് രാഷ്ട്രീയ വേദികളിലേക്ക് പടരുന്ന ഈ പോര് തമിഴ്നാട് രാഷ്ട്രീയത്തിൽ എന്ത് ചലനമുണ്ടാക്കുമെന്ന് ഉറ്റുനോക്കുകയാണ് ഏവരും.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ഗോദയിൽ വലിയ ചർച്ചയായ ബിജെപി-ടിവികെ സഖ്യനീക്കങ്ങൾക്ക് തിരിച്ചടിയായി പുതിയ വിവാദങ്ങൾ. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ജനറൽ സെക്രട്ടറി ആദവ് അർജുന സൂപ്പർസ്റ്റാർ രജനീകാന്തിനെതിരെ നടത്തിയ പരാമർശമാണ് സഖ്യചർച്ചകൾക്ക് പെട്ടെന്ന് വിരാമമിട്ടത്. ഡിഎംകെ കുടുംബത്തിൽ നിന്നുള്ള ഭീഷണിയെത്തുടർന്നാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിന്മാറിയതെന്ന ആദവ് അർജുനയുടെ പ്രസ്താവന തമിഴ് രാഷ്ട്രീയത്തിൽ വലിയ പ്രകമ്പനമുണ്ടാക്കി.

ഈ ആരോപണം ശക്തമായി നിഷേധിച്ച രജനീകാന്ത്, ഇതിനെല്ലാം മറുപടി നൽകാൻ കാലം കാത്തിരിക്കുന്നുണ്ടെന്ന് പറഞ്ഞ് തന്റെ പ്രതിഷേധം വ്യക്തമാക്കി. രജനീകാന്തിനെ പോലുള്ള ഒരു വ്യക്തിത്വത്തെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി അണ്ണാഡിഎംകെയും ബിജെപിയും ടിവികെയ്‌ക്കെതിരെ രംഗത്തെത്തിയതോടെയാണ് തിരഞ്ഞെടുപ്പ് സഖ്യസാധ്യതകൾ അവതാളത്തിലായത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡിഎംകെയെ നേരിടാൻ ബിജെപിയും വിജയ്‌യുടെ പാർട്ടിയും കൈകോർക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ടിവികെയ്ക്ക് 80 സീറ്റുകളും ഉപമുഖ്യമന്ത്രി പദവും ബിജെപി വാഗ്ദാനം ചെയ്തതായി ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട നടപടികൾക്കായി വിജയ് ഡൽഹിക്ക് പോയത് ഈ ചർച്ചകൾക്കാണെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തിയിരുന്നു. എന്നാൽ, രജനീകാന്തിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള ടിവികെ നേതാവിന്റെ പരാമർശം ബിജെപിയെയും അണ്ണാഡിഎംകെയെയും ഒരുപോലെ ചൊടിപ്പിച്ചു. രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ ബഹുമാനിക്കുന്ന വ്യക്തിത്വമാണ് രജനീകാന്തിന്റേതെന്നും അദ്ദേഹത്തിന്റെ അന്തസ്സിനെ കളങ്കപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി വ്യക്തമാക്കി. രജനീകാന്ത് ആരാധകരുടെ വോട്ടുകൾ ലക്ഷ്യം വെച്ചാണ് പളനിസ്വാമിയുടെ ഈ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

ഭരണകക്ഷിയായ ഡിഎംകെ തുടർച്ചയായ രണ്ടാം തവണയും അധികാരം പിടിക്കാൻ ലക്ഷ്യമിടുമ്പോൾ, ടിവികെയുടെ കടന്നുവരവ് പ്രതിപക്ഷ വോട്ടുകളിൽ വലിയ വിള്ളലുണ്ടാക്കുമെന്ന് കരുതിയിരുന്നതാണ്. എന്നാൽ സഖ്യചർച്ചകൾ പ്രതിസന്ധിയിലായതോടെ തമിഴ്നാട് രാഷ്ട്രീയം ഒരു ത്രികോണ മത്സരത്തിലേക്കോ ചതുഷ്കോണ മത്സരത്തിലേക്കോ നീങ്ങാനുള്ള സാധ്യത വർദ്ധിച്ചു. ബിജെപി നേതാവ് കെ. അണ്ണാമലൈയും ആദവ് അർജുനയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്.

പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരിച്ചുവരാൻ ശ്രമിക്കുന്ന അണ്ണാഡിഎംകെയും വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന ടിവികെയും ഇതോടെ നേർക്കുനേർ പോരാടേണ്ട അവസ്ഥയിലായി. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം വലിയ തരംഗം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് പുതിയ വിവാദങ്ങൾ വലിയ നിരാശയാണ് നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ രജനീകാന്തിന്റെ നിലപാടും വിജയ്‌യുടെ പ്രതികരണവും തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

Tags:    

Similar News