എന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടോ? തന്റെ പരുക്ക് വ്യാജമാണെന്ന് പറയുന്നവര്‍ക്ക് നാണമില്ലേ? മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ തയാറാകണം; മമത ബാനര്‍ജിക്ക് കാലിനു പരുക്കേറ്റതിനെ പരിഹസിച്ച അമിത്ഷായ്ക്ക് മറുപടി; ബിജെപിയോട് നേരിട്ട് മുട്ടി ബംഗാളില്‍ പ്രചരണം കൊഴിപ്പിച്ചുമ മമത ബാനര്‍ജി

എന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടോ? തന്റെ പരുക്ക് വ്യാജമാണെന്ന് പറയുന്നവര്‍ക്ക് നാണമില്ലേ?

Update: 2026-03-30 05:20 GMT

കൊല്‍ക്കത്ത: ബിജെപിക്കെതിരെ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടോയെന്ന് മമത ചോദിച്ചു. പുരുലിയയിലെ മാനബസാറില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. തന്നെ കൊല്ലാന്‍ അവര്‍ പദ്ധതിയിടുന്നുണ്ടോയെന്നായിരുന്നു അമിത് ഷായുടെ പരിഹാസത്തിനു നേരെ മമതയുടെ ചോദ്യം.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമത ബാനര്‍ജിക്ക് കാലിനു പരുക്കേറ്റതിനെ അമിത് ഷാ പരിഹസിച്ചിരുന്നു. മമത വിക്ടിം കാര്‍ഡ് രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ചിലപ്പോള്‍ അവര്‍ കാല്‍ ഒടിക്കുന്നു, ചിലപ്പോള്‍ തലയില്‍ കെട്ടുമായി വരുന്നു, ചിലപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ ചീത്തവിളിക്കുന്നു എന്നിങ്ങനെയായിരുന്നു ഷായുടെ വിമര്‍ശനം.

തന്റെ പരുക്ക് വ്യാജമാണെന്ന് പറയുന്നവര്‍ക്ക് നാണമില്ലേയെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ അവര്‍ തയാറാകണമെന്നും മമത വെല്ലുവിളിച്ചു. 2021ല്‍ നന്ദിഗ്രാമില്‍ വച്ചാണ് മമതയുടെ കാലിനു പരുക്കേറ്റത്. മമത സര്‍ക്കാരിനെതിരെ അമിത് ഷാ പുറത്തിറക്കിയ കുറ്റപത്രത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കുറ്റപത്രം സമര്‍പ്പിക്കാന്‍ നിങ്ങള്‍ ആരാണ്. യഥാര്‍ഥത്തില്‍ നിങ്ങള്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കേണ്ടതെന്നും മമത തിരിച്ചടിച്ചു.

ബിജെപി അധികാരത്തില്‍ വന്നാല്‍ ബംഗാളിലെ ജനങ്ങളുടെ ഭക്ഷണസ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് മമത ഇന്നലെ പറഞ്ഞിരുന്നു. മത്സ്യം, മാംസം, മുട്ട എന്നിവ കഴിക്കുന്നതിനു ബിജെപി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും സ്ത്രീകള്‍ക്കായുള്ള 'ലക്ഷ്മി ഭണ്ഡാര്‍' എന്നുമായിരുന്നു മമതയുടെ വിമര്‍ശനം.

മറ്റ് സംസ്ഥാനങ്ങളില്‍ ബംഗാളി സംസാരിക്കുന്നവര്‍ ആക്രമിക്കപ്പെടുകയാണെന്നും മമത പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി കലാപങ്ങള്‍ ഇളക്കിവിട്ടാണ് അധികാരം പിടിച്ചെടുക്കുന്നത്. ''ഈ ആളുകള്‍ കലാപങ്ങള്‍ ഉണ്ടാക്കുന്നു. ആളുകളെ കൊന്നൊടുക്കിയാണ് അവര്‍ അധികാരത്തില്‍ വരുന്നത്. ഗോത്രവര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നമ്മുടെ ബംഗാളി ഭാഷ സംസാരിക്കുന്നവര്‍ ആക്രമിക്കപ്പെടുന്നു. ഞങ്ങള്‍ ആരെയും അടിച്ചമര്‍ത്താറില്ല'' മമത ബാനര്‍ജി പറഞ്ഞു.

ബംഗാളില്‍ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടം ഏപ്രില്‍ 23നും രണ്ടാം ഘട്ടം ഏപ്രില്‍ 29നും നടക്കും. വോട്ടെണ്ണല്‍ മേയ് 4ന്.

Tags:    

Similar News