സിംഗനല്ലൂരിൽ നിന്ന് മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച നേതാവ്; മനസ്സ് നിറച്ച് ജയ പ്രതീക്ഷകളുമായി നിൽക്കവേ മുട്ടൻ പണി; എഐഎഡിഎംകെയുടെ സീറ്റ് വിഭജനം കഴിഞ്ഞതും പാർട്ടിക്ക് തലവേദന; തമിഴ്‌നാട്ടിലെ ബിജെപി യിൽ പുതിയ വിവാദം; കടുത്ത അമർഷവുമായി അണ്ണാമലൈ

Update: 2026-03-27 09:10 GMT

ചെന്നൈ: തമിഴ്‌നാട് ബിജെപിയിൽ സീറ്റ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത ആഭ്യന്തര തർക്കങ്ങളും സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുടെ കടുത്ത പ്രതിഷേധവും രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാവുകയാണ്. എഐഎഡിഎംകെ-ബിജെപി സഖ്യത്തിലെ സീറ്റ് വിഭജനത്തിന് പിന്നാലെ, ബിജെപിക്ക് വിജയസാധ്യതയില്ലാത്ത മണ്ഡലങ്ങളാണ് നൽകിയതെന്ന ആരോപണവുമായാണ് അണ്ണാമലൈ രംഗത്തെത്തിയിരിക്കുന്നത്.

ഇതിൽ പ്രതിഷേധിച്ച് താൻ ഇത്തവണ മത്സരത്തിനില്ലെന്ന് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ കത്തിലൂടെ അറിയിച്ചു കഴിഞ്ഞു. മെയ് 4-ന് തന്റെ നിലപാടുകൾ വ്യക്തമാക്കുമെന്ന പ്രഖ്യാപനം പാർട്ടി പദവികളിൽ നിന്നുള്ള വിട്ടുനിൽക്കലാണോ എന്ന സംശയം ജനിപ്പിക്കുന്നുണ്ട്. താൻ മത്സരിക്കാൻ ആഗ്രഹിച്ച സിംഗനല്ലൂർ, കാവുണ്ടംപാളയം തുടങ്ങിയ ഉറച്ച മണ്ഡലങ്ങൾ ബിജെപിക്ക് ലഭിക്കാത്തതാണ് അണ്ണാമലൈയെ ചൊടിപ്പിച്ചത്. പകരം തഞ്ചാവൂർ, ഗന്ധർവക്കോട്ടൈ തുടങ്ങിയ ഡിഎംകെ സ്വാധീനമേഖലകൾ വെച്ചുമാറാനുള്ള ആലോചനകൾ നടക്കുന്നുണ്ടെങ്കിലും അണ്ണാമലൈ ഇതിൽ തൃപ്തനല്ല.

അണ്ണാമലൈയെ പാർട്ടിയിലെ മുതിർന്ന നേതാക്കൾ ചേർന്ന് ഒതുക്കാൻ ശ്രമിക്കുകയാണെന്ന ആക്ഷേപം സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ അനുയായികൾ ശക്തമായി ഉന്നയിക്കുന്നുണ്ട്. നൈനാർ നാഗേന്ദ്രൻ, വാനതി ശ്രീനിവാസൻ തുടങ്ങിയ നേതാക്കൾ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിച്ചപ്പോൾ അണ്ണാമലൈയുടെ സീറ്റുകൾക്കായി സമ്മർദ്ദം ചെലുത്തിയില്ലെന്നാണ് വിമർശനം.

ഇതിനിടെ ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് ബി.എൽ. സന്തോഷിന്റെ അധ്യക്ഷതയിൽ ചേർന്ന നിർണ്ണായക യോഗത്തിൽ നിന്ന് അണ്ണാമലൈ വിട്ടുനിന്നത് ഭിന്നത രൂക്ഷമാണെന്നതിന്റെ സൂചനയാണ്. തമിഴിസൈ സൗന്ദരരാജൻ, വാനതി ശ്രീനിവാസൻ തുടങ്ങിയ പ്രമുഖർ യോഗത്തിൽ പങ്കെടുത്തപ്പോൾ അധ്യക്ഷന്റെ അഭാവം ബിജെപി ക്യാമ്പിൽ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്.

വരും ദിവസങ്ങളിൽ പുറത്തിറങ്ങാനിരിക്കുന്ന സ്ഥാനാർത്ഥി പട്ടികയിൽ അണ്ണാമലൈയുടെ പേര് ഉണ്ടാകുമോ അതോ അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിൽക്കുമോ എന്നാണ് തമിഴ് രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

Tags:    

Similar News