ഈ രാഹുകാലമൊക്കെ ഞാൻ പണ്ടേ തള്ളിക്കളഞ്ഞതാണ്; ശിവരാത്രി ദിവസം മാംസം കഴിച്ചാൽ എന്താ കുഴപ്പം; പ്രതിപക്ഷത്തിന്റെ ബജറ്റ് വിവാദത്തിൽ മറുപടിയുമായി സിദ്ധരാമയ്യ

Update: 2026-03-26 08:14 GMT

ബെംഗളൂരു: 2026-ലെ സംസ്ഥാന ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ശക്തമായി പ്രതികരിച്ചു. ശുഭമുഹൂർത്തങ്ങളിലോ അന്ധവിശ്വാസങ്ങളിലോ തനിക്ക് വിശ്വാസമില്ലെന്ന് അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി. അന്ധവിശ്വാസങ്ങളാകരുത് ഭരണപരമായ കാര്യങ്ങളെ നയിക്കേണ്ടതെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബജറ്റ് അവതരണത്തിന് 'അശുഭകരമായ' സമയം ഒഴിവാക്കിയത് സിദ്ധരാമയ്യയുടെ രാഷ്ട്രീയ അരക്ഷിതാവസ്ഥ മൂലമാണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക് ആരോപിച്ചിരുന്നു. അടുത്ത ബജറ്റ് അവതരിപ്പിക്കാൻ താൻ ഉണ്ടാകുമോ എന്ന ആശങ്ക മൂലമാണ് മുഖ്യമന്ത്രി മുഹൂർത്തം നോക്കിയതെന്നും അശോക് പരിഹസിച്ചു. ഇതിനുള്ള മറുപടിയിലാണ് സിദ്ധരാമയ്യ തന്റെ നിലപാട് വ്യക്തമാക്കിയത്.

രാഹുകാലം, ഗുളികകാലം, യമഗണ്ഡകാലം തുടങ്ങിയ വിശ്വാസങ്ങളെ താൻ പണ്ടേ തള്ളിക്കളഞ്ഞതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻപ് പലതവണ രാഹുകാല സമയത്ത് താൻ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇത്തവണ കുടുംബാംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും അഭ്യർത്ഥന മാനിച്ചാണ് ആ സമയം ഒഴിവാക്കിയത്. ജനാധിപത്യത്തിൽ വിശ്വസിക്കുന്നതുകൊണ്ട് അവരുടെ താൽപര്യത്തെ താൻ ബഹുമാനിക്കുകയായിരുന്നെന്നും, വ്യക്തിപരമായി രാഹുകാലത്തെയോ ഗ്രഹണത്തെയോ തനിക്ക് ഭയമില്ലെന്നും സിദ്ധരാമയ്യ അടിവരയിട്ടു.

ഉത്സവങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും അദ്ദേഹം പങ്കുവെച്ചു. എല്ലാ ദിവസവും ഒരുപോലെയാണെന്നും, നമ്മൾ ചില ദിവസങ്ങളെ ഉത്സവങ്ങളായി നിശ്ചയിക്കുന്നു എന്നേയുള്ളൂ എന്നും സിദ്ധരാമയ്യ പറഞ്ഞു. വിശ്വാസങ്ങളുടെ ഭാഗമായി ഭൂരിഭാഗം ആളുകളും സസ്യാഹാരം മാത്രം കഴിക്കുന്ന ശിവരാത്രി, ഉഗാദി തുടങ്ങിയ ഉത്സവ ദിവസങ്ങളിലും താൻ മാംസാഹാരം കഴിക്കാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഭക്ഷണ നിയന്ത്രണങ്ങളിലും തനിക്ക് വിശ്വാസമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    

Similar News