പശ്ചിമേഷ്യന്‍ സംഘര്‍ഷം ആശങ്കാജനകം; ഇന്ത്യക്ക് മുന്നില്‍ അപ്രതീക്ഷിത വെല്ലുവിളികള്‍; ഹോര്‍മുസ് വഴിയുള്ള ഇന്ധന നീക്കത്തിന് തടസ്സമെങ്കിലും പെട്രോള്‍, ഡീസല്‍ വിതരണത്തില്‍ പ്രതിസന്ധിയില്ല; ഊര്‍ജ ഉറക്കുമതി 41 രാജ്യങ്ങളില്‍ നിന്നാക്കി ഉയര്‍ത്തി; എഥനോള്‍ ഉത്പാദനം കൂട്ടിയത് പ്രയോജനപ്പെട്ടു; ലോക്‌സഭയില്‍ പ്രസ്താവന നടത്തി പ്രധാനമന്ത്രി
പശ്ചിമേഷ്യന്‍ സംഘര്‍ഷം ആശങ്കാജനകം; ഇന്ത്യക്ക് മുന്നില്‍ അപ്രതീക്ഷിത വെല്ലുവിളികള്‍;
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നല്‍കണമെന്നും രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദേശകാര്യമന്ത്രിയും പെട്രോളിയം മന്ത്രിയും നേരത്തെ സഭയില്‍ സംസാരിച്ചു.
മൂന്നാഴ്ചയായി യുദ്ധം തുടരുകയാണ്. ലോകത്തെ സാമ്പത്തിക വ്യവസ്ഥയിലും ജനങ്ങളിലും യുദ്ധം ബാധിക്കുന്നു. ലോകസാമ്പത്തിക രംഗത്തിന് ഇത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികള്‍ ഉയരുന്നു. യുദ്ധം നടക്കുന്ന മേഖലയുമായി ഇന്ത്യയ്ക്ക് നല്ല വ്യാപാര ബന്ധമുണ്ട്. ഇന്ത്യയിലേക്ക് വരുന്ന ക്രൂഡ് ഓയിലില്‍ വലിയൊരു ഭാഗം ഈ മേഖലയില്‍ നിന്നാണ്. ഒരു കോടി ഇന്ത്യക്കാര്‍ ഈ മേഖലയില്‍ ഉണ്ടെന്ന് മോദി ലോക്‌സഭയില്‍ പറഞ്ഞു.
കപ്പലുകളിലും നിരവധി ഇന്ത്യക്കാര്‍ ഉണ്ട്. ഇന്ത്യ യുദ്ധത്തിനെതിരെ ഒറ്റക്കെട്ടായി സന്ദേശം നല്‍കണം. രാഷ്ട്ര തലവന്മാരുമായി രണ്ട് തവണ സംസാരിച്ചു. ചിലര്‍ക്ക് ജീവന്‍ നഷ്ടമായത് ദുഖകരമാണ്. പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കി വരികയാണ്. ഇന്ത്യന്‍ എംബസികള്‍ അവിടെയുള്ള പൗരന്മാര്‍ക്ക് എല്ലാ സഹായവും നല്‍കുന്നു. സംഘര്‍ഷത്തിനിടെ ഇന്ത്യക്കാരുടെ സുരക്ഷ ഏറെ പ്രധാനമാണെന്നും 3,75000 ഇന്ത്യക്കാര്‍ സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങിയെന്നും മോദി പറഞ്ഞു.
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കത്തില്‍ തടസ്സം നേരിടുന്നുണ്ട്. 60 ശതമാനം എല്‍പിജി ഇറക്കുമതി ചെയ്യുന്നതാണ്. എല്‍പിജിയുടെ ഗാഹിക ഉപയോഗത്തിനാണ് പ്രാധാന്യം നല്‍കുന്നത്. പെട്രോള്‍, ഡീസല്‍ വിതരണത്തില്‍ പ്രതിസന്ധിയില്ല. ഇന്ത്യ നേരത്തെ 27 രാജ്യങ്ങളില്‍ നിന്നാണ് ഊര്‍ജ ഇറക്കുമതി ചെയ്തിരുന്നത്. ഇപ്പോള്‍ ഊര്‍ജ ഉറക്കുമതി 41 രാജ്യങ്ങളില്‍ നിന്നാക്കി ഉയര്‍ത്തി. ഇന്ത്യയ്ക്ക് പെട്രോളിയം ഉത്പന്നങ്ങള്‍ ശേഖരിക്കുന്നതിനുള്ള ശേഷി കൂട്ടി.
കൂടുതല്‍ വിതരണക്കാരുമായി സമ്പര്‍ക്കത്തിലാണ്. എണ്ണയും ഗ്യാസും രാസ വളവും ഇന്ത്യയില്‍ കൂടുതല്‍ എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എഥനോള്‍ ഉത്പാദനം കൂട്ടിയത് ഇപ്പോള്‍ പ്രയോജനപ്പെടുന്നു. നാലരക്കോടി ബാരല്‍ എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ ഇതിലൂടെ കഴിഞ്ഞു. റെയില്‍വേ വൈദ്യുതീകരണം, മെട്രോ, ഇല്ക്രട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് നല്‍കിയ ശ്രദ്ധയും സഹായിച്ചു. ലോകത്ത് എല്ലാ സാമ്പത്തിക വ്യവസ്ഥകളെയും ഇത് ബാധിച്ചെന്നും ഇന്ത്യയില്‍ ഇതിന്റെ പ്രത്യാഘാതം കുറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും മോദി പറഞ്ഞു.
രാജ്യത്തെ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന് പറഞ്ഞ അദ്ദേഹം അന്തര്‍മന്ത്രാലയ സമിതി രൂപീകരിച്ച് സ്ഥിതി വിലയിരുത്തുകയാണെന്നും അദ്ദേഹം അറിയിച്ചു. കാര്‍ഷിക രംഗത്ത് യുദ്ധം എന്ത് പ്രഭാവം ചെലുത്തും എന്നതും ആശങ്കയാണ്. രാജ്യത്ത് ആവശ്യത്തിന് ഭക്ഷ്യ ഉത്പാദനം നടക്കുന്നു. കൊവിഡ് കാലത്തും ഇന്ത്യയില്‍ യൂറിയ വില കൂടാതെ പിടിച്ചു നിറുത്തി. ആറ് യൂറിയ പ്ലാന്റുകള്‍ കഴിഞ്ഞ പത്തു കൊല്ലത്തില്‍ തുറന്നു. ഇതു വഴി യൂറിയ ഉത്പാദനം കൂട്ടാന്‍ കഴിഞ്ഞു.
ജൈവ കൃഷിക്കും പ്രോത്സാഹനം നല്‍കുന്നു. സോളാര്‍ പമ്പുകളും കര്‍ഷകരെ സഹായിക്കുന്നു. കര്‍ഷകരെ ഇത് ബാധിക്കില്ല എന്ന ഉറപ്പ് നല്‍കുന്നു. വേനല്‍ക്കാലത്ത് വൈദ്യുതിയുടെ ആവശ്യം കൂടും. എല്ലാ വൈദ്യുതി നിലയങ്ങള്‍ക്കും കല്‍ക്കരി ലഭ്യമാക്കും. ഇന്ന് ആകെ ഊര്‍ജ്ജ ഉത്പാദനത്തിന്റെ പകുതി പാരമ്പര്യേതര മാര്‍ഗ്ഗങ്ങളിലൂടെയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
