നാമ നിര്‍ദ്ദേശ പത്രികാ സമര്‍പ്പണം കഴിഞ്ഞു; ഇനി പോരാട്ടം! ആകെ ലഭിച്ചത് 1269 പത്രികകള്‍; സൂക്ഷ്മ പരിശോധന നാളെ; 26 ന് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി തീരുന്നതോടെ മത്സര ചിത്രം തെളിയും; വിമതരെ ഒതുക്കാനുള്ള തത്രപ്പാടില്‍ നേതാക്കള്‍; പുനലൂരില്‍ യുഡിഎഫിന് ആശ്വാസം; കോഴിക്കോട് സ്ഥാനാര്‍ത്ഥികളില്‍ കോടീശ്വരന്‍മാര്‍ ഏറെ

നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി.

Update: 2026-03-23 10:43 GMT

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. ലഭ്യമായ കണക്കുകള്‍ പ്രകാരം സംസ്ഥാനത്താകെ 1269 പത്രികകളാണ് ഇതുവരെ ലഭിച്ചത്. സമര്‍പ്പിക്കപ്പെട്ട പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ നടക്കും.

പ്രതിപക്ഷ നേതാവും പറവൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുമായ വി.ഡി. സതീശന്‍, പാലായിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജോസ് കെ. മാണി, ഒറ്റപ്പാലത്തെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി മേജര്‍ രവി, നേമത്തെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ.എസ്. ശബരിനാഥന്‍, ഗുരുവായൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍, എലത്തൂരിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി എ.കെ. ശശീന്ദ്രന്‍, തൃക്കാക്കരയിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍, തിരുവനന്തപുരം മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി സുധീര്‍ കരമന, എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കരമന ജയന്‍ എന്നിവരടക്കം നിരവധി പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചവരില്‍ ഉള്‍പ്പെടുന്നു. പയ്യന്നൂരിലെ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി. കുഞ്ഞികൃഷ്ണനും പത്രിക നല്‍കി.

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26 ആണ്. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികള്‍ക്ക് വിമത സ്ഥാനാര്‍ത്ഥികള്‍ രംഗത്തുള്ളതിനാല്‍, അവരെ അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ് നേതാക്കള്‍. മാര്‍ച്ച് 26-ന് ശേഷമായിരിക്കും കേരളത്തിലെ യഥാര്‍ത്ഥ മത്സര ചിത്രം വ്യക്തമാകുക. സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടികയും നാളെ പ്രസിദ്ധീകരിക്കും. ഇത്തവണ 2.72 കോടി വോട്ടര്‍മാരാണ് കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിര്‍ണ്ണയിക്കാന്‍ വിധിയെഴുതുന്നത്.

സൂക്ഷ്മപരിശോധനയും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള സമയപരിധിയും കഴിയുന്നതോടെ, നിയമസഭാ തിരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ മത്സരചിത്രം കൂടുതല്‍ വ്യക്തമാകും.

പുനലൂരില്‍ യുഡിഎഫിന് ആശ്വാസം

പുനലൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഖാന്‍ പിന്മാറി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് അദ്ദേഹത്തിന്റെ ഈ നിര്‍ണായക തീരുമാനം.

മുസ്ലിം ലീഗിന് പുനലൂര്‍ സീറ്റ് നല്‍കിയതിലുള്ള പ്രതിഷേധം കാരണമാണ് സഞ്ജയ് ഖാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരുന്നത്. കെ.സി. വേണുഗോപാല്‍ ചില ഉറപ്പുകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് താന്‍ പിന്മാറിയതെന്ന് സഞ്ജയ് ഖാന്‍ അറിയിച്ചു.

ഇന്ന് രാവിലെ 11 മണിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് സഞ്ജയ് ഖാന്‍ നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍, അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം സജീവമായ നീക്കങ്ങള്‍ നടത്തിവരികയായിരുന്നു. പി.സി. വിഷ്ണുനാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഫോണില്‍ വിളിച്ച് തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. കടുത്ത തീരുമാനങ്ങള്‍ പാടില്ലെന്ന് നേതൃത്വം അറിയിച്ചിരുന്നെങ്കിലും, പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് താന്‍ മത്സരിക്കുന്നതെന്ന നിലപാടിലായിരുന്നു സഞ്ജയ് ഖാന്‍ ആദ്യം. തുടര്‍ന്ന്, കെ.സി. വേണുഗോപാല്‍ നേരിട്ട് വിഷയത്തില്‍ ഇടപെട്ട് സഞ്ജയ് ഖാനെ അനുനയിപ്പിക്കുകയായിരുന്നു.

കോഴിക്കോട് സ്ഥാനാര്‍ത്ഥികളില്‍ കോടീശ്വരന്‍മാര്‍ ഏറെ

കോഴിക്കോട് ജില്ലയില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാഗവും കോടീശ്വരന്‍മാരാണെന്ന് സമര്‍പ്പിച്ച സത്യവാങ്മൂലങ്ങള്‍ വ്യക്തമാക്കുന്നു. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികളിലെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം കോടികളുടെ സ്വത്തുണ്ടെന്നാണ് വിവരങ്ങള്‍.

യുഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ തിരുവമ്പാടിയിലെ സി.കെ. കാസിമിനാണ് ഏറ്റവും കൂടുതല്‍ സ്വത്തുള്ളത്. അദ്ദേഹത്തിന് 6.10 കോടി രൂപയുടെ ഭൂമിയും കെട്ടിടങ്ങളും മറ്റ് സ്ഥാവര സ്വത്തുക്കളും ഭാര്യയുടെ പേരില്‍ 1.60 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളുമുണ്ട്. നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ 37.93 ലക്ഷം രൂപയുടെ ജംഗമ സ്വത്തുക്കള്‍ കാസിമിനും 18.56 ലക്ഷം രൂപയുടെ ജംഗമ സ്വത്തുക്കള്‍ ഭാര്യക്കുമുണ്ട്. കാസിമിന്റെ ആകെ ബാധ്യത 89.58 ലക്ഷം രൂപയാണ്.

കുന്നമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.എ. റസാഖിന് നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ 1.11 കോടി രൂപയുടെ ജംഗമ സ്വത്തുക്കളും ഭാര്യയ്ക്ക് 21.45 ലക്ഷം രൂപയുടെ ജംഗമ സ്വത്തുക്കളുമുണ്ട്. സ്ഥാവര സ്വത്തുക്കളുടെ കാര്യത്തില്‍ റസാഖിന് 43 ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് 13.5 ലക്ഷം രൂപയുടെയും സ്വത്തുക്കളുണ്ട്. കൊയിലാണ്ടിയിലെ ഡിസിസി പ്രസിഡന്റ് കൂടിയായ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. പ്രവീണ്‍ കുമാറിന് 17.15 ലക്ഷം രൂപയുടെ ജംഗമ സ്വത്തുക്കളും ഭാര്യയ്ക്ക് 70.70 ലക്ഷം രൂപയുടെ ജംഗമ സ്വത്തുക്കളുമുണ്ട്. പ്രവീണ്‍ കുമാറിന് 2.70 ലക്ഷം രൂപയുടെ സ്ഥാവര സ്വത്തും ഭാര്യയ്ക്ക് 31.93 ലക്ഷം രൂപയുടെ സ്ഥാവര സ്വത്തുക്കളുമുണ്ട്.

നാദാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എം. അഭിജിത്തിന് 6.76 ലക്ഷം രൂപയുടെ നിക്ഷേപങ്ങളാണുള്ളത്. സ്വര്‍ണം, നിക്ഷേപങ്ങള്‍ എന്നിവയുള്‍പ്പെടെ ഭാര്യയുടെ പേരില്‍ 53.55 ലക്ഷം രൂപയുടെ ജംഗമ സ്വത്തുക്കളുണ്ട്. അഭിജിത്തിന്റെ പേരില്‍ ഭൂമിയോ കെട്ടിടങ്ങളോ ഇല്ലെങ്കിലും ഭാര്യയുടെ പേരില്‍ 50 ലക്ഷം രൂപയുടെ സ്ഥാവര സ്വത്തുക്കളുണ്ട്. കെ.കെ. രമയ്ക്ക് വാഹനമടക്കം 19.99 ലക്ഷം രൂപയുടെ ജംഗമ സ്വത്തുക്കളും 40 ലക്ഷം രൂപയുടെ ഭൂമിയും മറ്റ് സ്ഥാവര സ്വത്തുക്കളുമുണ്ട്. 27.88 ലക്ഷം രൂപയുടെ ബാധ്യതയും രമയ്ക്കുണ്ട്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ കോഴിക്കോട് സൗത്തിലെ അഹമ്മദ് ദേവര്‍കോവിലിന് 5.30 കോടി രൂപയുടെ ഭൂമിയും കെട്ടിടങ്ങളും ഉള്‍പ്പെടെയുള്ള സ്ഥാവര സ്വത്തുക്കളും 9.30 ലക്ഷം രൂപയുടെ നിക്ഷേപങ്ങളും മറ്റ് ജംഗമ സ്വത്തുക്കളുമുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കും സാമ്പത്തിക ശേഷിയുള്ളവരുണ്ടെങ്കിലും മറ്റ് മുന്നണികളിലെ ചില സ്ഥാനാര്‍ത്ഥികളെ അപേക്ഷിച്ച് ഇവരുടെ സ്വത്ത് കുറവാണെന്നും സത്യവാങ്മൂലങ്ങള്‍ വ്യക്തമാക്കുന്നു.

Tags:    

Similar News