തമിഴ്‌നാട് പിടിക്കാൻ വാഗ്ദാന പെരുമഴ; ഡിഎംകെ പ്രകടനപത്രിക പുറത്തിറക്കി; പെൻഷൻ വർധനയും വിദ്യാർഥികൾക്ക് ലാപ്ടോപ്പും അടക്കം 'സൂപ്പർ സ്റ്റാർ' പ്രഖ്യാപനങ്ങളുമായി സ്റ്റാലിൻ

Update: 2026-03-29 17:15 GMT

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ഡി.എം.കെ. കുടുംബനാഥകൾക്കുള്ള പ്രതിമാസ സഹായം ഇരട്ടിയാക്കിയും വിദ്യാർഥികൾക്കും വയോധികർക്കും കൈനിറയെ പദ്ധതികൾ പ്രഖ്യാപിച്ചും വോട്ടുറപ്പിക്കാനാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നീക്കം. ചെന്നൈയിൽ നടന്ന പ്രൗഢമായ ചടങ്ങിലാണ് സ്റ്റാലിൻ പ്രകടനപത്രിക പ്രകാശനം ചെയ്തത്. സാധാരണയായി ഡി.എം.കെ.യുടെ പത്രിക 'ഹീറോ' ആണെങ്കിൽ ഇക്കുറി അത് 'സൂപ്പർ സ്റ്റാർ' ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

സ്ത്രീവോട്ടർമാരെ ലക്ഷ്യമിട്ടുള്ള വൻ പ്രഖ്യാപനങ്ങളാണ് പത്രികയുടെ മുഖ്യാകർഷണം. കുടുംബനാഥകളായ സ്ത്രീകൾക്ക് നിലവിൽ നൽകുന്ന 1,000 രൂപ സഹായം 2,000 രൂപയായി വർധിപ്പിക്കും. വീട്ടുപകരണങ്ങൾ വാങ്ങാനോ പഴയവ മാറ്റിവാങ്ങാനോ സഹായിക്കുന്ന 8,000 രൂപയുടെ 'ഇല്ലത്തരസി' കൂപ്പൺ പദ്ധതിയും പ്രഖ്യാപിച്ചു. കുടുംബശ്രീ മാതൃകയിലുള്ള സ്വയംസഹായ സംഘങ്ങളിലെ സ്ത്രീകൾക്ക് അഞ്ചു ലക്ഷം രൂപ വരെ ഈടില്ലാതെ സബ്‌സിഡിയോടെ വായ്പ നൽകും.

ഫാക്ടറികൾ അധികമുള്ള മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കായി 1,000 ശിശുപരിപാലന കേന്ദ്രങ്ങൾ (ക്രഷ്) ആരംഭിക്കുമെന്നും പത്രികയിലുണ്ട്. വിദ്യാർഥികൾക്കായി വിപുലമായ പദ്ധതികളാണ് സ്റ്റാലിൻ വിഭാവനം ചെയ്യുന്നത്. നിലവിലുള്ള പ്രഭാതഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെ നീട്ടും. ഉപരിപഠനം നടത്തുന്ന 35 ലക്ഷം വിദ്യാർഥികൾക്ക് ലാപ്‌ടോപ് നൽകും.

സാമൂഹിക സുരക്ഷാ പെൻഷനുകളിലും ആരോഗ്യ മേഖലയിലും വലിയ വർധനയാണ് ഡി.എം.കെ. ഇത്തവണത്തെ പ്രകടനപത്രികയിലൂടെ വാഗ്ദാനം ചെയ്യുന്നത്. വയോജന പെൻഷൻ നിലവിലെ 1,200 രൂപയിൽ നിന്ന് രണ്ടായിരമാക്കും എന്നതിനൊപ്പം ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ 1,500-ൽനിന്ന് 2,500 രൂപയായി ഉയർത്തുമെന്നും പത്രികയിൽ പറയുന്നു. കൂടാതെ, ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് സർക്കാർ ആശുപത്രികളിലെ ഡയാലിസിസ് കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനവും ഇതിലുണ്ട്.

രണ്ടുലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം. ഇതിനായി 2030-ഓടെ എല്ലാ ജില്ലകളിലും 'നിയോ ടൈഡൽ പാർക്കുകൾ' സ്ഥാപിക്കും. തിരഞ്ഞെടുപ്പ് ഗോദയിൽ ജനക്ഷേമ പദ്ധതികൾ മുൻനിർത്തി ഭരണത്തുടർച്ച ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡി.എം.കെ. ഇത്തവണ കളം നിറയുന്നത്.

Tags:    

Similar News