പഞ്ചാബിലെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതില്‍ പരാജയപ്പെട്ടിട്ടില്ല; വിഷയങ്ങള്‍ താന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ട്; തനിക്കെതിരായ ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതവും ദുരുദ്ദേശ്യപരവും; അവയെ പൂര്‍ണ്ണമായും തള്ളിക്കളയുന്നുവെന്ന് രാഘവ് ഛദ്ദ
പഞ്ചാബിലെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതില്‍ പരാജയപ്പെട്ടിട്ടില്ല
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പഞ്ചാബിന്റെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതില്‍ പരാജയപ്പെട്ടെന്ന ആരോപണം അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ആം ആദ്മി പാര്‍ട്ടി എം.പി രാഘവ് ചദ്ദ. തനിക്കെതിരെയുള്ള ഈ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ആം ആദ്മി പറഞ്ഞു.
പാര്‍ലമെന്റില്‍ പഞ്ചാബിലെ വിഷയങ്ങള്‍ ഉന്നയിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടുവെന്ന ആം ആദ്മി പാര്‍ട്ടിയിലെ ചില നേതാക്കളുടെ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണ്. ഞാന്‍ അവയെ പൂര്‍ണ്ണമായും തള്ളിക്കളയുന്നു' ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റ് നടപടികള്‍ ശ്രദ്ധിക്കുന്ന ആര്‍ക്കും സത്യമറിയാം. എം.പിയായിരുന്ന കാലയളവില്‍ ഞാന്‍ സ്ഥിരമായി പഞ്ചാബിന്റെ ആശങ്കകള്‍ സഭയില്‍ ഉന്നയിച്ചിട്ടുണ്ട്.
ഇത് വെറുമൊരു അഭിപ്രായമോ പ്രചാരണമോ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള വാദമോ അല്ല. ഏതൊരു പൗരനും പരിശോധിക്കാവുന്ന ഔദ്യോഗിക രേഖകളുടെ ഭാഗമാണിത്' അദ്ദേഹം പറഞ്ഞു. പഞ്ചാബിന് കേന്ദ്രം നല്‍കാനുള്ള ഫണ്ടുകളെക്കുറിച്ച് സംസാരിക്കുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് ചദ്ദക്കെതിരെ ഉയര്‍ന്ന പ്രധാന ആരോപണം. എന്നാല്‍ ഈ ആരോപണം നിഷേധിച്ച എം.പി 2024ല്‍ രാജ്യസഭയില്‍ താന്‍ ഈ ആവശ്യം ഉന്നയിക്കുന്ന വീഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു.
റിലീസ് ചെയ്യാത്ത ആര്‍.ഡി.എഫ് ഫണ്ടുകള്‍, ഭൂഗര്‍ഭജലത്തിന്റെ കുറവില്‍ നേരിടുന്ന പ്രതിസന്ധി, കര്‍ഷകരുടെ പ്രതിസന്ധികള്‍, പഞ്ചാബ് സര്‍ക്കാരിനോടുള്ള സാമ്പത്തിക അനീതി, സംസ്ഥാനത്തെ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍, സംസ്ഥാനത്തിന്റെ അതിര്‍ത്തി സുരക്ഷ ശക്തമാക്കല്‍, കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴിയുടെ വികസനം, നങ്കാന സാഹിബിലേക്കുള്ള വിസ രഹിത തീര്‍ഥാടനം തുടങ്ങി നിരവധി വിഷയങ്ങള്‍ താന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ടെന്നു അദ്ദേഹം കൂട്ടി ചേര്‍ത്തു.
പഞ്ചാബ് എനിക്ക് വെറുമൊരു സംസാരവിഷയമല്ല മറിച്ച് എന്റെ പ്രതിബദ്ധതയാണ്. എന്റെ ആത്മാവാണ്. പഞ്ചാബിന്റെ അവകാശങ്ങള്‍ക്കായി താന്‍ എപ്പോഴും നിലകൊണ്ടിട്ടുണ്ട് സത്യസന്ധതയോടും ധൈര്യത്തോടും ഉറച്ച ബോധ്യത്തോടും കൂടി അത് തുടരുക തന്നെ ചെയ്യും. കഴിഞ്ഞ വ്യാഴാഴ്ചയാണ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്ത് നിന്ന് രാഘവ് ചദ്ദയെ നീക്കിയത്. ഇതിനു പിന്നാലെ അശോക് മിത്തലിനെ ഈ സ്ഥാനത്തേക്ക് നിയമിക്കുകയും ചെയ്തിരുന്നു.
