'നിങ്ങളുടെ സ്വപ്നം ഞങ്ങളോട് പറയൂ' എന്ന് സ്റ്റാലിന്‍; 'എനിക്ക് നയന്‍താരയെ വേണം, നിങ്ങളത് സാധിപ്പിച്ചു തരുമോ? എന്ന് തമിഴ്നാട്ടിലെ അണ്ണാ ഡിഎംകെ എംപി; ഡിഎംകെ സര്‍ക്കാരിന്റെ പുതിയ പദ്ധതിയെ പരിഹസിച്ച പരാമര്‍ശം വിവാദത്തില്‍

Update: 2026-03-17 12:10 GMT

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങവെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പരിഹസിക്കാന്‍ അണ്ണാ ഡിഎംകെ എംപിയുടെ പൊതുവേദിയില്‍ നടത്തിയ പ്രസംഗം വന്‍ വിവാദത്തില്‍. മുഖ്യമന്ത്രിയുടെ 'നിങ്ങളുടെ സ്വപ്നം ഞങ്ങളോട് പറയൂ' എന്ന പുതിയ പദ്ധതിയെ പരിഹസിച്ചുകൊണ്ട് എഐഎഡിഎംകെ നേതാവും രാജ്യസഭാ എംപിയുമായ സി.വി. ഷണ്മുഖം നടത്തിയ പ്രസ്താവനയാണ് വിവാദത്തിലായത്. 'എനിക്ക് നയന്‍താരയെ വേണം, നിങ്ങളത് സാധിപ്പിച്ചു തരുമോ? ഒരാള്‍ക്ക് നയന്‍താരയെ വിവാഹം കഴിക്കണമെന്നാണ് സ്വപ്നമെങ്കില്‍ സ്റ്റാലിന്‍ അത് നടത്തിക്കൊടുക്കുമോ?' എന്നായിരുന്നു സര്‍ക്കാര്‍ പദ്ധതിക്കെതിരെ നടത്തിയ പ്രതികരണം.

വിഴുപ്പുറം ജില്ലയില്‍ എഐഎഡിഎംകെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയായിരുന്നു എംപിയുടെ പ്രസംഗം. നടി നയന്‍താരയെ പരാമര്‍ശിച്ച് നടത്തിയ ലൈംഗിക ചുവയോടെ നടത്തിയ ഈ പ്രതികരണം വ്യാപക വിമര്‍ശനത്തിന് കാരണമായി. വീടുകള്‍ സന്ദര്‍ശിച്ച് ജനങ്ങളുടെ ആവശ്യങ്ങളും സ്വപ്നങ്ങളും ചോദിച്ചറിയുന്ന പുതിയ പദ്ധതിയാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 23 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നീക്കം. പദ്ധതിയെ രാഷ്ട്രീയമായി വിമര്‍ശിക്കുന്നതിന് പകരം നടിയുടെ പേര് വലിച്ചിഴച്ചതും സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രതികരണം നടത്തിയതുമാണ് വിവാദമായത്.

തമിഴ്നാട്ടിലെ മുഴുവന്‍ സ്ത്രീകളെയുമാണ് എംപി ഷണ്‍മുഖം അപമാനിച്ചതെന്ന് ഡിഎംകെ വക്താവ് ഡോ. സയ്യിദ് ഹഫീസുള്ള പറഞ്ഞു. രാഷ്ട്രീയ നയങ്ങളെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ സ്ത്രീകളെ ഇത്തരത്തില്‍ അധിക്ഷേപിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നാലെ നവമാധ്യമങ്ങളിലടക്കം എംപിക്കെതിരെ വലിയതോതില്‍ വിമര്‍ശനം ഉയര്‍ന്നു. എഐഎഡിഎംകെ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

എന്നാല്‍ പാര്‍ട്ടിക്കകത്ത് എംപിയുടെ പ്രസ്താവന തെറ്റാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മുന്‍പ് എംകെ സ്റ്റാലിനെതിരെ നടത്തിയ മറ്റൊരു പ്രസംഗത്തിലും എംപി സമാനമായ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. മുഖ്യമന്ത്രി സൗജന്യമായി ഭാര്യമാരെ നല്‍കുമെന്നായിരുന്നു അന്നത്തെ പ്രസ്താവന. ഇത്തരം പ്രസ്താവനകള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയ്ക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News