ഗൃഹനാഥയ്ക്ക് പ്രതിമാസം 3,000 രൂപ പെന്‍ഷന്‍; തൊഴില്‍രഹിതരായ യുവജനങ്ങള്‍ക്ക് 3000 രൂപ അലവന്‍സ്; ദരിദ്രര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി; കന്നുകാലി കള്ളക്കടത്ത് തടയും; ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും; വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക

Update: 2026-04-10 10:49 GMT

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിക്കുന്നതിനിടെ വമ്പന്‍ വാഗ്ദാനങ്ങളുമായി പ്രകടന പത്രിക ബിജെപി പുറത്തിറക്കി. 'സങ്കല്‍പ് പത്ര' എന്ന തലക്കെട്ടോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പത്രിക പ്രകാശനം ചെയ്തത്. ആറ് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പിലാക്കും, എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 3,000 രൂപ പെന്‍ഷന്‍ എന്നിവയാണ് പത്രികയിലെ പ്രാധാന വാഗ്ധാനങ്ങള്‍. വികസനത്തിനും ശാക്തീകരണത്തിനുമുള്ള മാര്‍ഗനിര്‍ദ്ദേശമായി പ്രകടന പത്രിക പ്രവര്‍ത്തിക്കുമെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. 'സോണാര്‍ ബംഗ്ലാ' എന്ന ബിജെപിയുടെ കാഴ്ചപ്പാടിനെ പത്രിക പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിലവിലെ ഭരണം പശ്ചിമ ബംഗാളിലെ ജനങ്ങള്‍ക്ക് ഒരു പേടിസ്വപ്നമാണെന്ന് അമിത് ഷാ പറഞ്ഞു. ബംഗാളില്‍ നിന്നുള്ള ഒരു വ്യക്തിതന്നെ സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ കഴിയും. സുരക്ഷ, ക്ഷേമ വിതരണം, സാമ്പത്തിക വികസനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതിയാണ് ബിജെപ മുന്നോട്ടുവയ്ക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.

'ബിജെപി സങ്കല്‍പ് പത്ര കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും വഴികാട്ടുകയും അവര്‍ക്ക് ഒരു പുതിയ ഭാവി നല്‍കുകയും ചെയ്യും. ബംഗാളിന്റെ സംസ്‌കാരത്തില്‍ അഭിമാനിക്കുന്ന ഓരോ പൗരനും ഇത് പുതിയ പ്രതീക്ഷ നല്‍കും. കൂടാതെ സോണാര്‍ ബംഗ്ലാ സൃഷ്ടിക്കുന്നതിനുള്ള ഒരു രൂപരേഖയായി ഇത് പ്രവര്‍ത്തിക്കും,' അമിത് ഷാ പറഞ്ഞു. ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ വരുമെന്നും എല്ലാ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ശക്തിപ്പെടുത്തുന്നതിനായി പ്രതിമാസം 3,000 രൂപ പദ്ധതി നടപ്പിലാക്കും. സംസ്ഥാനത്തെ പൊലീസ് സേനയിലും എല്ലാ സര്‍ക്കാര്‍ തസ്തികകളിലും സ്ത്രീകള്‍ക്ക് 33% സംവരണം ഉറപ്പുവരുത്തും. എല്ലാ മണ്ഡലങ്ങളിലും കുറഞ്ഞത് ഒരു വനിതാ പൊലീസ് സ്റ്റേഷനും എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു ഹെല്‍പ്പ് ഡെസ്‌ക്കും വീതം രൂപീകരിക്കും. ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളില്‍ ഇതിനകം നടപ്പിലാക്കിയിട്ടുള്ള ഏകീകൃത സിവില്‍ കോഡ്, പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ച് ആറ് മാസത്തിനുള്ളില്‍ പശ്ചിമ ബംഗാളില്‍ നടപ്പിലാക്കും. ഇത് കൂടാതെ മറ്റ് നിരവധി സുപ്രധാന പ്രഖ്യാപനങ്ങളം ബിജെപി പ്രകടന പത്രികയിലൂടെ പുറത്തുവിട്ടു.

എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റ് തൊഴിലാളികള്‍ക്കും ക്ഷാമബത്ത (ഡിഎ) ഉറപ്പാക്കും. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഏഴാം ശമ്പള കമ്മീഷന്‍ 45 ദിവസത്തിനുള്ളില്‍ നടപ്പിലാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. ബിരുദം നേടിയ എല്ലാ യുവതീ യുവാക്കള്‍ക്കും 3,000 രൂപ പ്രതിമാസം അലവന്‍സ് നല്‍കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ അവരെ സഹായിക്കുന്നതിന് 15,000 രൂപ ഒറ്റത്തവണ സാമ്പത്തിക സഹായം. കര്‍ഷകര്‍ക്ക്, പ്രധാനമന്ത്രി - കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പ്രതിവര്‍ഷം 3,000 രൂപ കൂടി നല്‍കുമെന്ന് ബിജെപി വാഗ്ധാനം ചെയ്തു. ഇത് മൊത്തം സഹായം പ്രതിവര്‍ഷം 9,000 രൂപയായി ഉയര്‍ത്തി. കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു. നെല്ല്, ഉരുളക്കിഴങ്ങ്, മാമ്പഴം കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കാന്‍ ഒരു പുതിയ പദ്ധതി അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മണല്‍, കല്‍ക്കരി, കല്ല് മാഫിയകള്‍ക്കെതിരെ ഒരു മാസത്തിനുള്ളില്‍ കര്‍ശന നടപടി സ്വീകരിക്കും. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് 31,000 രൂപ സാമ്പത്തിക സഹായം നല്‍കും. സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്രാ സൗകര്യം.

നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുകയും ഇല്ലാതാക്കുകയും നാടുകടത്തുകയും ചെയ്യുമെന്നതാണ് അമിത് ഷായുടെ മറ്റൊരു സുപ്രധാന പ്രഖ്യാപനം. നുഴഞ്ഞുകയറ്റക്കാരോട് ഞങ്ങള്‍ക്ക് ഒരു സഹിഷ്ണുതയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരെ ലക്ഷ്യം വച്ചുള്ളതാണെന്ന് ബിജെപി യുടെ ഇത്തവണത്തെ പ്രകടന പത്രിക. പശ്ചിമ ബംഗാളിലെ ജനങ്ങള്‍ക്ക് മമത ബാനര്‍ജി സര്‍ക്കാരിന്റെ കഴിഞ്ഞ 15 വര്‍ഷത്തെ ഭരണം ഒരു ദുഃസ്വപ്നം ആയിരുന്നു,' അദ്ദേഹം ആരോപിച്ചു. ഇത്തവണ പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. ആദ്യ ഘട്ടത്തില്‍ 152 സീറ്റുകളിലേക്ക് ഏപ്രില്‍ 23 ന് വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തില്‍ 142 സീറ്റുകളിലേക്ക് ഏപ്രില്‍ 29 ന് വോട്ടെടുപ്പ് നടക്കും.

പ്രധാന വാഗ്ദാനങ്ങള്‍

കുടുംബത്തിലെ ഗൃഹനാഥയ്ക്ക് പ്രതിമാസം 3000 രൂപ ധനസഹായം.

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 3000 രൂപ അലവന്‍സ്.

മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന യുവാക്കള്‍ക്ക് 15000 രൂപ ധനസഹായം.

അഴിമതി മൂലം ജോലി നഷ്ടപ്പെട്ടവര്‍ക്ക് അഞ്ച് വര്‍ഷത്തെ പ്രായപരിധിയില്‍ ഇളവ്.

സര്‍ക്കാര്‍ രൂപീകരിച്ച് 45 ദിവസത്തിനുള്ളില്‍ ഏഴാം ശമ്പള കമ്മിഷന്‍ നടപ്പിലാക്കും.

45 ദിവസത്തിനുള്ളില്‍ ഡിഎ കുടിശ്ശിക തീര്‍ക്കും.

പൊലീസ് ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാന സര്‍ക്കാര്‍ ജോലികളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം.

ആറു മാസത്തിനുള്ളില്‍ യൂണിഫോം സിവില്‍ കോഡ് (യുസിസി) നടപ്പിലാക്കും.

ദരിദ്രര്‍ക്ക് സൗജന്യ ചികിത്സയ്ക്കായി ആയുഷ്മാന്‍ ഭാരതുമായി ചേര്‍ന്ന് സംസ്ഥാന ആരോഗ്യ പദ്ധതി സംയോജിപ്പിക്കും.

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശനമായ 'കണ്ടെത്തുക, ഇല്ലാതാക്കുക, നാടുകടത്തുക' എന്ന നയം.

അതിര്‍ത്തി പ്രദേശങ്ങളിലെ കന്നുകാലി കള്ളക്കടത്ത് തടയുക.

പശ്ചിമ ബംഗാളില്‍ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ക്ഷേമ പദ്ധതികളും നടപ്പിലാക്കുന്നത് ഉറപ്പാക്കുക.

വടക്കന്‍ ബംഗാള്‍ ജില്ലകളില്‍ എയിംസ്, ഐഐടി, ഐഐഎം, ഫാഷന്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ സ്ഥാപിക്കുക.

വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനായി നാല് പുതിയ ടൗണ്‍ഷിപ്പുകളുടെ വികസനം.

ബംഗാളിന്റെ സാംസ്‌കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനായി വന്ദേമാതരം മ്യൂസിയം നിര്‍മ്മിക്കും.

Tags:    

Similar News