'ഇറച്ചി നിരോധന' വിവാദം; പ്രചരിക്കുന്ന വാർത്തകൾ പച്ചക്കള്ളമെന്ന് സുന്ദർ സി, തോൽവി ഭയന്ന് ഡിഎംകെ നടത്തുന്ന കുപ്രചാരണമെന്ന് ഖുശ്ബു; മധുരയിൽ നിയമസഭാ പോരാട്ടം മുറുകുന്നു

Update: 2026-04-08 12:27 GMT

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മധുര സെൻട്രൽ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന സുന്ദർ സിയെ ചുറ്റിപ്പറ്റി പ്രചാരണച്ചൂടിനിടെ വിവാദങ്ങളും പുകയുന്നു. മണ്ഡലത്തിൽ മാംസവിൽപന നിരോധിക്കുമെന്ന് സുന്ദർ സി പറഞ്ഞതായുള്ള പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ കനത്ത ചർച്ചയായത്. എന്നാൽ ഇത് പച്ചക്കള്ളമാണെന്നും തോൽവി പേടിച്ചവർ നടത്തുന്ന കുപ്രചാരണമാണെന്നും വ്യക്തമാക്കി താരം തന്നെ രംഗത്തെത്തി.

എ.ഐ.എ.ഡി.എം.കെ നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യത്തിലെ ഘടകകക്ഷിയായ 'പുതിയ നീതി കക്ഷി'യുടെ സ്ഥാനാർഥിയായാണ് സുന്ദർ സി മത്സരിക്കുന്നത്. താൻ അധികാരത്തിൽ വന്നാൽ മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാനായി മണ്ഡലത്തിലെ മാംസവിൽപന ശാലകൾ നിരോധിക്കുമെന്ന് സുന്ദർ സി പ്രഖ്യാപിച്ചതായായിരുന്നു പ്രചാരണം. ഇത് വോട്ടർമാർക്കിടയിൽ ആശയക്കുപ്പമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് സുന്ദർ സി ആരോപിച്ചു.

"തെരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ചാൽ ഇറച്ചിക്കടകൾ അടച്ചുപൂട്ടുമെന്ന് പ്രചരിക്കുന്ന വാർത്തകൾ തീർത്തും വ്യാജമാണ്. ജനങ്ങളുടെ വികാരങ്ങളെയും അവകാശങ്ങളെയും മാനിക്കാൻ അറിയുന്നവനാണ് ഞാൻ. നേരിട്ട് മത്സരിക്കാൻ ധൈര്യമില്ലാത്തവരാണ് ഇത്തരം തരംതാഴ്ന്ന നീക്കങ്ങൾ നടത്തുന്നത്. നമ്മുടെ ഐക്യത്തിലൂടെ ഇതിന് മറുപടി നൽകും." – സുന്ദർ സി (എക്സിൽ കുറിച്ചത്)

സംഭവത്തിൽ ഡി.എം.കെയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഭാര്യയും നടിയുമായ ഖുശ്ബുവും രംഗത്തെത്തി. ഭരണകക്ഷിയായ ഡി.എം.കെ സുന്ദർ സിയെ ഭയപ്പെടുന്നുണ്ടെന്നും തോൽവി ഉറപ്പായതുകൊണ്ടാണ് ഇത്തരം നുണപ്രചാരണങ്ങൾ നടത്തുന്നതെന്നും ഖുശ്ബു ആരോപിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഖുശ്ബു ഭർത്താവിനായി മണ്ഡലത്തിൽ സജീവമായി രംഗത്തുണ്ട്.

2010-ൽ ഡി.എം.കെയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ഖുശ്ബു പിന്നീട് കോൺഗ്രസിലും തുടർന്ന് ബി.ജെ.പിയിലുമെത്തിയിരുന്നു. എന്നാൽ സുന്ദർ സി ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഹിന്ദി അടിച്ചേൽപ്പിക്കലും ദേശീയ വിദ്യാഭ്യാസ നയവും ഡി.എം.കെ പ്രധാന ആയുധമാക്കുന്ന മധുരയിൽ, പുതിയ വിവാദങ്ങൾ വോട്ടർമാരെ എങ്ങനെ സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ തമിഴകം ഉറ്റുനോക്കുന്നത്.

Tags:    

Similar News