അസമില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പ്രദ്യുത് ബോര്‍ദോലോയ് എംപി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു; അടുത്തമാസം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിര്‍ണായക നീക്കം

Update: 2026-03-18 15:35 GMT

ദിസ്പുര്‍ : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അസമില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. അസം കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റ് ഭൂപന്‍ കുമാര്‍ ബോറ ഭാരതീയ ജനതാ പാര്‍ട്ടിയിലേക്ക് മാറി ഒരു മാസത്തിനുള്ളില്‍, അവരുടെ മൂന്ന് എംപിമാരില്‍ ഒരാളെ നഷ്ടപ്പെട്ടു. കോണ്‍ഗ്രസ് എംപി പ്രദ്യുത് ബോര്‍ദോലോയ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. രണ്ട് തവണ നാഗോണില്‍ നിന്നുള്ള എംപിയും തരുണ്‍ ഗൊഗോയ് സര്‍ക്കാരിലെ മുന്‍ മന്ത്രിയുമാണ് ബൊര്‍ദോലോയ്. വടക്കുകിഴക്കന്‍ സംസ്ഥാനത്തിലെ ശശി തരൂര്‍ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയുടെയും അസം ബിജെപി പ്രസിഡന്റ് ദിലീപ് സൈകിയയുടെയും സാന്നിധ്യത്തിലായിരുന്നു ലോക്‌സഭ എംപിയായിരുന്ന പ്രദ്യുത് ബോര്‍ദോലോയ് ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയായി ഡിസ്പൂര്‍ സീറ്റില്‍ നിന്ന് അദ്ദേഹം മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. 30 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധമാണ് അദ്ദേഹം ഉപേക്ഷിച്ചത്.

കോണ്‍ഗ്രസിലെ വര്‍ഗീയശക്തികളെ തുറന്നു കാട്ടിയിട്ടും യാതൊരു നടപടികളും സ്വീകരിക്കാത്തതിനാലാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും, പദവികളില്‍ നിന്നും, പ്രാഥമിക അംഗത്വത്തില്‍ നിന്നും ഞാന്‍ രാജിവയ്ക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നല്‍കിയ രാജിക്കത്തില്‍ പ്രദ്യുത് ബോര്‍ദോലോയ് വ്യക്തമാക്കി.

ആത്മാഭിമാനമുള്ള ആര്‍ക്കും കോണ്‍ഗ്രസില്‍ ഇന്ന് തുടരാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. 1975ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന വ്യക്തിയാണ് പ്രദ്യുത്. അദ്ദേഹത്തെ തങ്ങള്‍ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബുധനാഴ്ച നിശ്ചയിക്കും. ബോര്‍ഡോലോയ്ക്കും സീറ്റുണ്ടാകും. അദ്ദേഹത്തിന്റെ ജയം ഉറപ്പാക്കുമെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവരിക എന്നത് തന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്ന് പ്രദ്യുതും പറഞ്ഞു. പതിനാറാം വയസില്‍ പാര്‍ട്ടിയുടെ ഭാഗമായതാണ്. തന്റെ ജീവിതം ഇത്തരത്തില്‍ മാറിമറിയാന്‍ കാരണമായത് പാര്‍ട്ടിയാണ്. എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ നിന്ന് നേരിട്ടത് കടുത്ത അപമാനമാണ്. അരികുവത്ക്കരിക്കപ്പെടുകയും ചെയ്തു. അസമിലെ ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നതിന് വേണ്ടിയാണ് ബിജെപിയില്‍ ചേര്‍ന്നത്. പുതിയ സഹപ്രവര്‍ത്തകര്‍ക്കൊപ്പം അസമില്‍ ഒരുമിച്ച് എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കുമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രദ്യുത് വ്യക്തമാക്കി.

Similar News