കൈക്കൂലിയില്ലാതെ സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാ വീടുകളിലുമെത്തും; സേവനങ്ങള്‍ക്കായി ആപ്പ് പുറത്തിറക്കും; ആധാര്‍ കാര്‍ഡ് മാതൃകയില്‍ സിറ്റിസണ്‍ഷിപ്പ് കാര്‍ഡ്;ട്രോളിങ് നിരോധന സമയത്ത് നല്‍കുന്ന തുക 20,000 ആക്കും; കന്യാകുമാരിയെ ഇളക്കി മറിച്ച് വിജയ്; ടിവികെയുടെ റോഡ് ഷോയില്‍ ജനസാഗരം
കന്യാകുമാരി: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, കന്യാകുമാരിയില്‍ വന്‍ ജനസാഗരത്തെ സാക്ഷിനിര്‍ത്തി തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷന്‍ വിജയിയുടെ റോഡ് ഷോ. വാഗ്ദാനങ്ങളുടെ പെരുമഴയുമായാണ് ദളപതി തന്റെ രാഷ്ട്രീയ പര്യടനം കന്യാകുമാരിയില്‍ തുടരുന്നത്. തീരദേശ മേഖലയിലെ വോട്ടര്‍മാരെ ലക്ഷ്യം വെച്ച്, ട്രോളിങ് നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന സഹായധനം നിലവിലെ 8000 രൂപയില്‍ നിന്ന് 20,000 രൂപയായി ഉയര്‍ത്തുമെന്ന് വിജയ് പ്രഖ്യാപിച്ചു. ഭരണകക്ഷിയായ ഡി.എം.കെക്കെതിരെയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് റോഡ് ഷോയിലുടനീളം വിജയ് ഉയര്‍ത്തിയത്.
അഴിമതി രഹിത ഭരണം വാഗ്ദാനം ചെയ്യുന്ന ടി.വി.കെ, തമിഴ്നാടിനായി പ്രത്യേക 'സിറ്റിസണ്‍ഷിപ്പ് കാര്‍ഡ്' പുറത്തിറക്കുമെന്ന പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. ആധാര്‍ കാര്‍ഡിന് സമാനമായ ഈ കാര്‍ഡ് വഴി സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ വീട്ടുപടിക്കല്‍ നേരിട്ടെത്തിക്കുമെന്നും വിജയ് ഉറപ്പുനല്‍കി. നിലവില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി കൈക്കൂലി നല്‍കേണ്ടി വരുന്ന അവസ്ഥയാണെന്നും, ഈ പണത്തിന്റെ വിഹിതം കൃത്യമായി മന്ത്രിമാരിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ടി.വി.കെ അധികാരത്തിലെത്തിയാല്‍ കൈക്കൂലിയില്ലാത്ത സുതാര്യമായ ഭരണം ഉറപ്പാക്കാന്‍ പ്രത്യേക മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി അയ്യായിരത്തിലധികം പേര്‍ ഒപ്പിട്ട ഏത് ജനകീയ പരാതിയും നിയമസഭയില്‍ ചര്‍ച്ച ചെയ്യുമെന്ന വിപ്ലവകരമായ നിര്‍ദ്ദേശവും വിജയ് മുന്നോട്ടുവെച്ചു. കൂടാതെ, സംസ്ഥാനത്തെ ചേരികള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്ത് എല്ലാവര്‍ക്കും വാസയോഗ്യമായ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട് കാരെക്കുടിയില്‍ സമയപരിധി ലംഘിച്ച് തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് റോഡ് ഷോ നടത്തിയിരുന്നു. മധുര മുതല്‍ കാരൈക്കുടി വരെ റോഡ് ഷോയായാണ് വിജയ് പ്രചാരണം നടത്തിയത്. സമയപരിധി അവസാനിച്ചതോടെ, കാരൈക്കുടിയില്‍ പ്രസംഗിക്കാതെയാണ് വിജയ് മടങ്ങിയത്. 12 മണി മുതല്‍ 2.30 വരെയായിരുന്നു വിജക്ക് കാരൈക്കുടിയില്‍ പ്രചാരണത്തിന് അനുമതി നല്‍കിയത്.
പ്രത്യേക വിമാനത്തില്‍ മധുരയിലെത്തിയ വിജയ്, അവിടെ നിന്ന് റോഡ് ഷോ ആരംഭിച്ചു. ഏകദേശം 75 കിലോമീറ്റര്‍ ദൂരമായിരുന്നു റോഡ് ഷോ. അതിനിടെ സൈക്കിള്‍ ചവിട്ടിയും വിജയുടെ പ്രചാരണം. തിക്കിലും തിരക്കിലും പെട്ട വിജയ്, വേഗത്തില്‍ തിരികെ വാനിലേക്ക് കയറി. കാരൈക്കുടിയിലെ അവസാന പോയന്റില്‍ എത്തിയപ്പോള്‍ സമയം 2.40. ഇതോടെ പ്രസംഗിക്കാതെ മടങ്ങുകയായിരുന്നു. തിരികെ മധുരയിലേക്കുള്ള യാത്രയും റോഡ് ഷോയാക്കി മാറ്റി. വഴിനീളെ കാത്തിരുന്ന പ്രവര്‍ത്തകരെയും ആരാധകരെയും അഭിവാദ്യം ചെയ്തു. നാളെ കടലൂരിലും വിഴിപ്പുരത്തും 12ന് കന്യാകുമാരിയിലുമാണ് വിജയുടെ പ്രചാരണം. കന്യാകുമാരിയിലെ ആവേശം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണ്ണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
മറുവശത്ത്, ഭരണപക്ഷമായ ഡി.എം.കെയും പ്രധാന പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയും പ്രചാരണരംഗത്ത് സജീവമാണ്. മുഖ്യമന്ത്രി സ്റ്റാലിനും എടപ്പാടി പളനിസാമിയും തങ്ങളുടെ കോട്ടകള്‍ കാക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടയില്‍, ബി.ജെ.പിയുടെ കരുത്ത് കാട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 15-ന് നാഗര്‍കോവിലില്‍ എത്തുന്നുണ്ട്. വെപ്പമൂട് മുതല്‍ വടച്ചേരി വരെ നീളുന്ന വമ്പന്‍ റോഡ് ഷോയും തുടര്‍ന്ന് നടക്കുന്ന പൊതുയോഗവും തമിഴ് രാഷ്ട്രീയത്തിലെ ത്രികോണ മത്സരത്തിന് പുതിയമാനം നല്‍കും. കന്യാകുമാരിയില്‍ വിജയ് ഉയര്‍ത്തിയ വെല്ലുവിളി വോട്ടര്‍മാര്‍ക്കിടയില്‍ എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.
