'യഥാര്‍ത്ഥ ലക്ഷ്യം വനിതാ സംവരണമല്ല, മണ്ഡലപുനര്‍നിര്‍ണ്ണയം; തമിഴ്‌നാട്, ബംഗാള്‍ തിരഞ്ഞെടുപ്പിനിടെ പ്രത്യേക സമ്മേളനം രാഷ്ട്രീയ നേട്ടത്തിന്; ഭരണഘടനയ്ക്ക് മേല്‍ നേരിട്ടുള്ള കടന്നുകയറ്റം'; കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി

Update: 2026-04-13 06:13 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അപ്രതീക്ഷിതമായി വിളിച്ചുചേര്‍ത്ത പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ഗൂഢമായ അജണ്ടകളാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. വനിതാ സംവരണമെന്ന ആകര്‍ഷകമായ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുമ്പോഴും, യഥാര്‍ത്ഥത്തില്‍ മണ്ഡല പുനര്‍നിര്‍ണ്ണയത്തിലൂടെ ഭരണഘടനയെ അട്ടിമറിക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അവര്‍ വിമര്‍ശിച്ചു. ദേശീയ പത്രങ്ങളില്‍ എഴുതിയ ലേഖനങ്ങളിലൂടെയാണ് സോണിയ ഗാന്ധി കേന്ദ്രത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്.

വനിതാ സംവരണം എന്നത് ഇതിനകം തന്നെ എല്ലാവരും അംഗീകരിച്ച കാര്യമാണെന്നും അത് നടപ്പിലാക്കാന്‍ പ്രത്യേക തിടുക്കത്തിന്റെ ആവശ്യമില്ലെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. എന്നാല്‍, പുതിയ സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണ്ണയം നടത്താനുള്ള നീക്കം അങ്ങേയറ്റം അപകടകരമാണ്. ജനസംഖ്യാ നിയന്ത്രണത്തിലും കുടുംബക്ഷേമ പദ്ധതികളിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സംസ്ഥാനങ്ങള്‍ക്കും, ചെറിയ സംസ്ഥാനങ്ങള്‍ക്കും രാഷ്ട്രീയമായ സ്വാധീനം നഷ്ടമാകുന്ന രീതിയിലാകരുത് മണ്ഡലങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. രാഷ്ട്രീയ നീതി ഉറപ്പാക്കാതെയുള്ള ഇത്തരമൊരു കടന്നുകയറ്റം ഭരണഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണ്.

തമിഴ്നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന സമയത്ത് ഇത്തരമൊരു സമ്മേളനം വിളിച്ചുചേര്‍ത്തത് രാഷ്ട്രീയമായ മുതലെടുപ്പിനാണെന്ന് സോണിയ കുറ്റപ്പെടുത്തി. പ്രത്യേക സമ്മേളനത്തില്‍ പരിഗണിക്കുന്ന വിഷയങ്ങളെക്കുറിച്ച് എംപിമാര്‍ക്ക് ഇതുവരെ ഔദ്യോഗിക വിവരങ്ങള്‍ നല്‍കാത്തത് ജനാധിപത്യവിരുദ്ധമാണ്. 2023-ല്‍ സര്‍ക്കാര്‍ തന്നെ കൊണ്ടുവന്ന '344-എ' അനുഛേദത്തില്‍ നിന്ന് ഇപ്പോള്‍ പ്രധാനമന്ത്രി 'യൂടേണ്‍' എടുക്കുന്നത് എന്തിനാണെന്നും അവര്‍ ചോദിച്ചു. 2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് അഞ്ചു വര്‍ഷത്തോളം വൈകിപ്പിച്ചത് വഴി കോടിക്കണക്കിന് ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ നഷ്ടമായെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഏപ്രില്‍ 29-ന് സര്‍വകക്ഷിയോഗം വിളിച്ച് നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ മൂന്ന് തവണയാണ് നിരസിച്ചത്. ജൂലൈയില്‍ നടക്കാനിരിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാവുന്ന കാര്യങ്ങള്‍ക്കായി ഇപ്പോള്‍ ഇത്രയധികം ധൃതി കാണിക്കുന്നത് ദുരൂഹമാണ്. 1993-ല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ വനിതാ സംവരണം കൊണ്ടുവന്നത് അഞ്ച് വര്‍ഷത്തെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണെന്ന് സോണിയ ഓര്‍മ്മിപ്പിച്ചു. ജാതി സെന്‍സസ് വൈകിപ്പിക്കാനും മണ്ഡല പുനര്‍നിര്‍ണ്ണയം ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കാനുമുള്ള നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന സന്ദേശമാണ് സോണിയ ഗാന്ധി ഈ പ്രതികരണത്തിലൂടെ നല്‍കുന്നത്.

Similar News