പിടിച്ച് അകത്തിടണമെന്ന് ശ്രീനിവാസന്‍ പറഞ്ഞ ആള്‍ദൈവങ്ങളുടെ കൂട്ടത്തില്‍ ഒരാളാണ് സുനില്‍ സ്വാമി; തന്റെ സംസ്‌ക്കാരച്ചടങ്ങില്‍ അതേ വ്യക്തി കാര്‍മ്മികനെപ്പോലെ അരങ്ങേറുമെന്ന് ശ്രീനിയേട്ടന്‍ സ്വപ്നത്തില്‍ പോലും കരുതിയിരിക്കില്ല; ധ്യാനും വിനീതും അമ്മയും വേദനയില്‍ തന്നെ; പിജി പ്രേംലാല്‍ പറയുന്നത് ആ നുഴഞ്ഞുകയറ്റ ചതി!
കൊച്ചി: ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിലെ സുനില്‍ സ്വാമിയുടെ സാന്നിധ്യം എന്തുകൊണ്ടും ഒഴിവാക്കേണ്ടതായിരുന്നു. കുടുംബത്തിന്റെ അനുവാദമില്ലാതെയാണ് ഇയാള്‍ ചടങ്ങുകളുടെ നിയന്ത്രണം ഏറ്റെടുത്തത്. നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയാണ് സുനില്‍ സ്വാമി. ഇയാളെക്കുറിച്ചുള്ള സംവിധായകന്‍ പിജി പ്രേം ലാലിന്റെ കുറിപ്പ് ചര്‍ച്ചയാകുകയാണ്. പിടിച്ച് അകത്തിടണമെന്ന് ശ്രീനിവാസന്‍ പറഞ്ഞ ആള്‍ദൈവങ്ങളുടെ കൂട്ടത്തില്‍ ഒരാളാണ് സുനില്‍ സ്വാമിയെന്നാണ് പ്രേം ലാല്‍ പറയുന്നത്. തന്റെ സംസ്‌ക്കാരച്ചടങ്ങില്‍ അതേ വ്യക്തി കാര്‍മ്മികനെപ്പോലെ അരങ്ങേറുമെന്ന് ശ്രീനിയേട്ടന്‍ സ്വപ്നത്തില്‍ പോലും കരുതിയിരിക്കില്ലെന്നും പ്രേം ലാല്‍ പറയുന്നു. ശ്രീനിവാസന്റെ ഭാര്യയുടേയോ മക്കളുടേയോ അനുമതിയില്ലാതെയാണ് സുനില്‍ സ്വാമി അവിടെ നിറഞ്ഞതെന്ന് മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മലയാളികളുടെ പ്രിയനടന്‍ ശ്രീനിവാസന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കിടയില്‍ നടന്ന ഒരു അനാവശ്യ ഇടപെടല്‍ വലിയ വിവാദമായിരുന്നു്. എല്ലാത്തരം ആള്‍ദൈവങ്ങള്‍ക്കും ആത്മീയ തട്ടിപ്പുകള്‍ക്കും എതിരെ ജീവിതകാലം മുഴുവന്‍ ഉറച്ച നിലപാടെടുത്ത ശ്രീനിവാസന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക്, തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഒരാള്‍ നേതൃത്വം നല്‍കി എന്നത് ഏവരേയും ഞെട്ടിക്കുകയാണ്. പാലക്കാട് മുതലമട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സുനില്‍ സ്വാമി എന്നറിയപ്പെടുന്ന വ്യക്തിയാണ് ആരുടെയും ക്ഷണമില്ലാതെ അന്ത്യകര്‍മ്മങ്ങളുടെ ചുമതല സ്വയം ഏറ്റെടുത്തത്. അന്താരാഷ്ട്ര തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഇയാള്‍ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ കോയമ്പത്തൂരില്‍ മൂന്ന് കോടി രൂപയുടെ തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് പിടിയിലാവുകയും ജയിലില്‍ കിടക്കുകയും ചെയ്ത വ്യക്തിയാണ്. സാംസ്‌കാരിക കേരളം ഏറെ ബഹുമാനിക്കുന്ന ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോള്‍, കുടുംബാംഗങ്ങളുടെയോ ചലച്ചിത്ര പ്രവര്‍ത്തകരുടെയോ അനുമതിയില്ലാതെ സുനില്‍ സ്വാമി അവിടേക്ക് ഇടിച്ചുകയറുകയായിരുന്നു.
പ്രേംലാല്‍ എഴുതിയ കുറിപ്പിലേക്ക്
ഒരിക്കല്‍, ശ്രീനിയേട്ടനൊപ്പം കണ്ടനാട്ടെ വീട്ടില്‍ ഇരിക്കുമ്പോള്‍ കേരളത്തില്‍ പെരുകിവരുന്ന ആള്‍ദൈവങ്ങള്‍ സംസാരവിഷയമായി. 2008-ല്‍ വിഎസിന്റെ കാലത്ത് സന്തോഷ് മാധവനില്‍ തുടങ്ങി ചില ആള്‍ദൈവങ്ങളെ പിടിച്ച് അകത്തിട്ട ധീരത പിന്നീട് വന്ന ഗവണ്മെന്റുകളൊന്നും കാണിക്കാത്തതുകൊണ്ടാണ് നാട്ടില്‍ വീണ്ടും ആള്‍ദൈവങ്ങളുടെ ചാകരയെന്ന് ശ്രീനിയേട്ടന്‍ പറഞ്ഞു. മതങ്ങളെയും വിശ്വാസക്കച്ചവടത്തെയുമൊക്കെ മുന്‍നിര്‍ത്തി ഒരു സിനിമ ശ്രീനിയേട്ടന്‍ എഴുതണമെന്ന് ഞാനും പറഞ്ഞു. ഒരു താരതമ്യം നടത്താന്‍ പറ്റുന്ന ഒരു ബാക്ക്ഡ്രോപ്പില്‍ കഥ പറഞ്ഞാല്‍ നന്നായിരിക്കുമെന്ന് ശ്രീനിയേട്ടന്‍ പറഞ്ഞപ്പോള്‍ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളെ പോലെ മതവിശ്വാസികളുടെ എണ്ണത്തില്‍ വലിയ കുറവു വരുന്ന രാജ്യങ്ങളെ കുറിച്ച് ഞാന്‍ സൂചിപ്പിച്ചു. 'അത് കൊള്ളാമല്ലോ 'യെന്ന് ശ്രീനിയേട്ടന്‍ ചിരിച്ചു.
അന്ന് സംഭാഷണമദ്ധ്യേ, പിടിച്ച് അകത്തിടേണ്ടവരും അകത്തിടപ്പെട്ടവരുമായ ആള്‍ ദൈവങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ കടന്നുവന്ന ഒരു പേരാണ് മുതലമടയിലെ സുനില്‍ സ്വാമി ! വര്‍ഷങ്ങള്‍ക്കുശേഷം, തന്റെ സംസ്‌ക്കാരച്ചടങ്ങില്‍ അതേ വ്യക്തി കാര്‍മ്മികനെപ്പോലെ അരങ്ങേറുമെന്ന് ശ്രീനിയേട്ടന്‍ സ്വപ്നത്തില്‍ പോലും കരുതിയിരിക്കില്ല. അന്ന് അവിടെ ദൃക്സാക്ഷിയായി നില്ക്കുമ്പോള്‍, ശ്രീനിയേട്ടന്‍ എഴുതാതെ പോയ ഏറ്റവും ട്രാജിക് ആയ ഒരു സോഷ്യല്‍ സറ്റയര്‍ രംഗം പോലെ ആ കാഴ്ച അനുഭവപ്പെടുകയുണ്ടായി. ശ്രീനിയേട്ടന്റെ ഏറ്റവും വലിയ സ്നേഹവും വിശ്വാസവും വിമലച്ചേച്ചിയായിരുന്നു. 'എന്നോടുള്ള ഇവളുടെ സ്നേഹം കാണുമ്പോ ഇവളെ പോലെ ഒരെണ്ണത്തെ കൂടി കല്യാണം കഴിച്ചാലോയെന്ന് ആലോചിക്കുകയാണ്, ഇരട്ടി സ്നേഹം കിട്ടുമല്ലോ ! പ്രേംലാലും കാര്യമായൊന്ന് അന്വേഷിക്കണം ' എന്ന് പറഞ്ഞ് ശ്രീനിയേട്ടന്‍ ഉറക്കെ ചിരിച്ചു, ഒരു ദിവസം. 'ഉവ്വ്.. സ്വയം ഒരാളെ ഇതുവരെ അന്വേഷിച്ച് കിട്ടാത്ത പ്രേംലാലാ ഇപ്രായത്തില് നിങ്ങള്‍ക്ക് വേണ്ടി പെണ്ണന്വേഷിക്കാന്‍ നടക്കുന്നത് '' എന്ന് വിമലച്ചേച്ചി എന്നെയും ചേര്‍ത്ത് പകരം ട്രോളി !
മറ്റൊരിക്കല്‍ ഞാനും ശ്രീനിയേട്ടനും അകത്തിരിക്കുമ്പോള്‍ ഒരു അമ്പലത്തിലെ പറയെടുപ്പോ മറ്റോ പുറത്തുവന്നു. അതുകഴിഞ്ഞ് വിമലച്ചേച്ചി അകത്തു വന്ന് ശ്രീനിയേട്ടന്റെ നെറ്റിയില്‍ പ്രസാദം തൊടുവിച്ച് അടുക്കളയിലേക്ക് പോയി. ഞാന്‍ കൗതുകത്തോടെ നോക്കിയിരിക്കുന്നതു കണ്ട് ശ്രീനിയേട്ടന്‍ പറഞ്ഞു. 'മായ്ച്ചുകളയാന്‍ വയ്യ. വിമല തൊട്ടതല്ലേ !' പതിനഞ്ചുവര്‍ഷത്തെ സൗഹൃദത്തിനിടയില്‍, നൂറുകണക്കായ അവസരങ്ങളില്‍ ശ്രീനിയേട്ടനോടൊപ്പമിരുന്ന് രാഷ്ട്രീയവും മതങ്ങളും ആള്‍ദൈവങ്ങളും അന്ധവിശ്വാസങ്ങളും മലയാളിയുടെ കാപട്യങ്ങളും പുരോഗമനനാട്യങ്ങളുമൊക്കെ ഹാസ്യാത്മകമായി വിമര്‍ശിക്കപ്പെട്ട അതേ അകത്തളത്തില്‍, മരണാനന്തര ചടങ്ങുകളിലെ നിരര്‍ത്ഥകതയെ കുറിച്ച് പറഞ്ഞ് ഉറക്കെച്ചിരിച്ചിട്ടുള്ള അതേ ശ്രീനിയേട്ടന്റെ അവസാനചടങ്ങില്‍, മന്ത്രങ്ങളും കര്‍മ്മങ്ങളും അരങ്ങേറുമ്പോള്‍ അവിടെയും ഞാന്‍ കാതില്‍ ശ്രീനിയേട്ടനെ ചെറുചിരിയുടെ പിന്തുണയോടെ കേട്ടു,
'വിമലയുടെ ഇഷ്ടമല്ലേ, നടക്കട്ടെ ' വെള്ള പുതച്ച് സുനില്‍സ്വാമി ശ്രീനിയേട്ടനു ചുറ്റും നിറഞ്ഞാടുന്നത് കണ്ടുകൊണ്ട് നില്ക്കുമ്പോള്‍ ആദ്യം ഞാന്‍ കരുതിയത് അതും വിമലച്ചേച്ചിയുടെ ഇഷ്ടമെന്നാണ്. പക്ഷേ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു, അതങ്ങനെയല്ലെന്ന് ! യഥാര്‍ത്ഥത്തില്‍, ഇത്തരം മനുഷ്യരെ ശ്രീനിയേട്ടന്‍ മുമ്പേ മലയാളിക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. 'ഇത് ഞങ്ങളുടെ ഡെഡ്ബോഡിയാണ് ' എന്ന് അവകാശപ്പെട്ട് മൃതശരീരം ഏറ്റെടുക്കാന്‍ മത്സരിച്ച്, ഇടിച്ചുകയറി വരുന്ന രാഷ്ട്രീയക്കാരെ 'സന്ദേശ'ത്തില്‍ നാം കണ്ടതാണല്ലോ ! ഇത് രാഷ്ട്രീയക്കാരനായിരുന്നില്ല, മറിച്ച് ഒരു ഫ്രോഡ് സ്വാമിയായിരുന്നു എന്നു മാത്രം! താനെഴുതിയ പഴയ രംഗത്തിലെ കഥാപാത്രങ്ങളെ വച്ചുമാറി മൂകസാക്ഷിയായി കിടന്നു, തന്റെ അവസാനരംഗത്തില്‍ ശ്രീനിയേട്ടന്‍ ! ലോകത്തെ ട്രോളിയും സ്വയം ട്രോളിയും ഒരു ജീനിയസ്സിന്റെ സറ്റയറിക്കല്‍ ലാസ്റ്റ് സീന്‍...ലാസ്റ്റ് ഷോട്ട് !
ആരാണ് സുനില്‍ സ്വാമി; വിവാദം എന്ത്?
വാരിയര്‍ ഫൗണ്ടേഷന്‍ എന്ന ചാരിറ്റബിള്‍ ട്രസ്റ്റിനെ 25 കോടി രൂപയുടെ വ്യാജ ചെക്ക് നല്‍കി കബളിപ്പിച്ചതും ഒന്നരക്കോടി രൂപ തട്ടിയെടുത്തതും ഉള്‍പ്പെടെ നിരവധി കേസുകള്‍ സുനില്‍ സ്വാമിക്കെതിരെ നിലവിലുണ്ട്. ആര്‍ബിഐയില്‍ നിന്ന് 3000 കോടി രൂപ തനിക്ക് അനുവദിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നായി കോടികള്‍ തട്ടിയെടുക്കുന്നതായിരുന്നു പ്രധാന രീതി. ഇത്തരത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാള്‍, ശ്രീനിവാസന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചത് അദ്ദേഹത്തിന്റെ ആത്മാവിനോട് ചെയ്യുന്ന ക്രൂരതയാണെന്ന് സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.
ചടങ്ങുകള്‍ക്കിടയില്‍ മാധ്യമങ്ങളുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യം മുതലെടുത്ത്, കുടുംബത്തിന് 'നോ' പറയാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചാണ് സുനില്‍ സ്വാമി ഈ മുതലെടുപ്പ് നടത്തിയത്. പ്രശസ്തരായ വ്യക്തികള്‍ മരണപ്പെടുമ്പോള്‍ അവിടെ ഓടിയെത്തി ചടങ്ങുകളില്‍ മുന്‍പന്തിയില്‍ നിന്ന് മൈലേജ് ഉണ്ടാക്കുന്നത് സ്ഥിരം രീതിയാണെന്നും ആരോപണമുണ്ട്. ഈ സംഭവത്തില്‍ ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്റെയും കുടുംബത്തിന്റെയും നിലപാടാണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്. കടുത്ത ഈശ്വരവിശ്വാസിയോ അല്ലെങ്കില്‍ മതനിഷേധിയോ ആയിരുന്നില്ല ശ്രീനിവാസന്‍ എന്നും, നല്ല മനുഷ്യനായി ജീവിക്കുക എന്നതാണ് ഏറ്റവും വലിയ മതം എന്ന് വിശ്വസിച്ചിരുന്ന പിതാവിന്റെ അതേ നിലപാടാണ് മക്കള്‍ക്കും ഉള്ളതെന്ന് ധ്യാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അന്ത്യകര്‍മ്മങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും തങ്ങള്‍ അച്ഛന് വിട നല്‍കുന്നത് ഹൃദയത്തില്‍ നിന്നാണെന്നും, ചടങ്ങുകളെക്കാള്‍ അച്ഛന്‍ പുലര്‍ത്തിയ ആദര്‍ശങ്ങള്‍ക്കാണ് പ്രാധാന്യമെന്നുമാണ് ധ്യാന്‍ ശ്രീനിവാസന്‍ വിശ്വസിക്കുന്നത്. ജീവിതകാലം മുഴുവന്‍ ആള്‍ദൈവങ്ങളെയും ആത്മീയ തട്ടിപ്പുകളെയും പരിഹസിക്കുകയും എതിര്‍ക്കുകയും ചെയ്ത ശ്രീനിവാസന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക്, തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഒരാള്‍ കാര്‍മ്മികത്വം വഹിച്ചത് വിരോധാഭാസമായി പലരും ചൂണ്ടിക്കാട്ടുന്നു. കുടുംബവും അത് ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ അന്ത്യകര്‍മ്മങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കത്തിന് മുതിരാതെ, അമ്മയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ നടക്കട്ടെ എന്ന പക്വമായ നിലപാടാണ് ധ്യാനും വിനീതും സ്വീകരിച്ചത്.
അച്ഛന്റെ വിയോഗത്തില്‍ തകര്‍ന്നിരിക്കുന്ന അമ്മ വിമലയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന ധ്യാനിന്റെ ദൃശ്യങ്ങള്‍ മലയാളികളുടെ കണ്ണ് നിറയിക്കുന്നതായിരുന്നു. സുനില്‍ സ്വാമിയെപ്പോലെയുള്ള വ്യക്തികള്‍ ആരുടെയും അനുവാദമില്ലാതെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇടിച്ചുകയറി മുതലെടുപ്പ് നടത്തുമ്പോള്‍, വിവാദങ്ങള്‍ ഒഴിവാക്കി അച്ഛന് അര്‍ഹമായ യാത്രാമൊഴി നല്‍കുന്നതിലായിരുന്നു ധ്യാനിന്റെയും കുടുംബത്തിന്റെയും ശ്രദ്ധ. ആള്‍ദൈവങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടിയ അച്ഛന്റെ മകന്‍ എന്ന നിലയില്‍, ഇത്തരം ബാഹ്യപ്രകടനങ്ങളല്ല മറിച്ച് അച്ഛന്‍ പകര്‍ന്നുനല്‍കിയ നന്മയാണ് വലുതെന്ന് ധ്യാന്‍ തന്റെ പ്രവൃത്തിയിലൂടെ പകര്‍ന്നു നല്‍കി. പക്ഷേ ഈ തട്ടിപ്പുകാരന്‍ വന്നത് ആ കുടുംബത്തെ വേദനിപ്പിക്കുന്നുണ്ട്.
ശ്രീനിവാസന്റെ ഭാര്യയുടെ ആഗ്രഹ പ്രകാരമാണ് മതപരമായ ചടങ്ങുകള്‍ തീരുമാനിച്ചത്. ഇതിന് വേണ്ടി കര്‍മികളേയും കൊണ്ടു വന്നു. ഇതിനിടെയാണ് എല്ലാം ഉത്തരവാദിത്തവും ഏറ്റെടുത്ത് സുനില്‍ സ്വാമി വന്നത്.
