ചിട്ടി തുക നല്‍കിയില്ല, അറിയിപ്പില്ലാതെ സ്ഥാപനം പൂട്ടി; തട്ടിപ്പ് നടത്തിയ കുറി കമ്പനി 8.55 ലക്ഷം രൂപ നല്‍കണമെന്ന് കോടതി; നാടക കലാകാരന്‍ സതീഷ് സംഗമിത്രയുടെ നിയമപോരാട്ടത്തിന് വിജയം
നാടക കലാകാരന്‍ സതീഷ് സംഗമിത്രയുടെ നിയമപോരാട്ടത്തിന് വിജയം
കൊച്ചി: വരിക്കാരില്‍ നിന്ന് ലക്ഷങ്ങള്‍ തവണകളായി ചിട്ടി തുക സ്വീകരിച്ച ശേഷം അറിയിപ്പില്ലാതെ ഓഫീസ് പൂട്ടി മുങ്ങിയ കുറി കമ്പനി ചിട്ടി 8.55 ലക്ഷം രൂപ നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.
കൊച്ചി കടവന്ത്ര സ്വദേശിയും നാടക കലാകാരനുമായ സതീഷ് സംഗമിത്ര, കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിനിസേയര്‍ കുരീസ് ( Finisyer Kuries Pvt. Ltd) എന്ന സ്ഥാപനത്തിനെതിരെ നല്‍കിയ പരാതിയിലാണ് ഉത്തരവ്.
2011 ലാണ് പരാതിക്കാരന്‍ എതിര്‍കക്ഷി സ്ഥാപനത്തില്‍ 16.5 ലക്ഷം രൂപ സലയുള്ള ചിട്ടിയില്‍ ചേര്‍ന്നത്. പ്രതിമാസം 7,500 രൂപ വീതം 110 തവണകളായി 8,25,000 രൂപ കൃത്യമായി അടച്ചു. എന്നാല്‍ 111-ാം തവണ അടയ്ക്കാനായി ബാങ്കിലെത്തിയപ്പോള്‍ കുറി കമ്പനിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തതായും സ്ഥാപനം പൂട്ടി ഭാരവാഹികള്‍ മുങ്ങിയതായും പരാതിക്കാരന്‍ അറിഞ്ഞു. തുടര്‍ന്ന് നല്‍കിയ വക്കീല്‍ നോട്ടീസിനും മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.
ചിട്ടി കാലാവധി പൂര്‍ത്തിയാക്കുന്നതിലും വരിക്കാരന്റെ തുക തിരിച്ചുനല്‍കുന്നതിലും എതിര്‍കക്ഷി പരാജയപ്പെട്ടത് സേവനത്തിലെ ഗുരുതരമായ വീഴ്ചയാണെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
വരിക്കാരെ പ്രലോഭിപ്പിച്ച് ചിട്ടിയില്‍ ചേര്‍ത്ത ശേഷം അറിയിപ്പില്ലാതെ സ്ഥാപനം അടച്ചുപൂട്ടിയത് അധാര്‍മിക വ്യാപാര രീതിയാണെന്ന് കോടതി കണ്ടെത്തി. പരാതിക്കാരന്‍ മുതിര്‍ന്ന പൗരനും കലാരംഗത്ത് ജീവിതം ചെലവഴിച്ച വ്യക്തിയുമാണ്. തന്റെ വാര്‍ദ്ധക്യകാല സുരക്ഷയ്ക്കായി കരുതിവെച്ച പണം നഷ്ടപ്പെട്ടത് അദ്ദേഹത്തിന് വലിയ മാനസിക വിഷമമുണ്ടാക്കിയെന്ന് ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.
പരാതിക്കാരന്‍ അടച്ച 8,25,000/ രൂപ 12% പലിശ സഹിതം തിരിച്ചുനല്‍കണം. കൂടാതെ, പരാതിക്കാരനുണ്ടായ മാനസിക വിഷമത്തിനും സാമ്പത്തിക നഷ്ടത്തിനും നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവായി 5,000/ രൂപയും 45 ദിവസത്തിനകം നല്‍കാന്‍ എതിര്‍കക്ഷികള്‍ക്ക് കോടതി ഉത്തരവ് നല്‍കി.
അഡ്വ.ബിന്നി കമല്‍ പരാതിക്കാരന് വേണ്ടി കോടതിയില്‍ ഹാജരായി.
