പശ്ചിമേഷ്യന്‍ സംഘര്‍ഷം പാക്കിസ്ഥാന് കനത്ത തിരിച്ചടി; അര്‍ദ്ധരാത്രി അടിയന്തര വാര്‍ത്താ സമ്മേളനം വിളിച്ച് പാക്ക് ഭരണകൂടം; പെട്രോളിനും ഡീസലിനും ലിറ്ററിന് 55 രൂപ വര്‍ദ്ധിപ്പിച്ചു; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ പമ്പുകളില്‍ കിലോമീറ്റര്‍ നീളത്തില്‍ ക്യൂ, കൂട്ടത്തല്ല്! 4000 കോടി ലിറ്റര്‍ എണ്ണയുടെ കരുതല്‍ ശേഖരവുമായി മോദി സര്‍ക്കാര്‍
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധം ആഗോള എണ്ണ വിതരണ ശൃംഖലയെ ബാധിക്കുമെന്ന ആശങ്കകള്‍ക്കിടെ അയല്‍രാജ്യങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യ തങ്ങളുടെ വന്‍തോതിലുള്ള കരുതല്‍ ശേഖരത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍, പാക്കിസ്ഥാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ധനവില വര്‍ദ്ധനവ് പ്രഖ്യാപിച്ച് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ആഗോള വിതരണത്തില്‍ തടസ്സമുണ്ടായാലും രാജ്യത്തെ ഊര്‍ജ്ജ ആവശ്യങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 25 കോടി ബാരലിലധികം (ഏകദേശം 4,000 കോടി ലിറ്റര്‍) ക്രൂഡ് ഓയിലും പെട്രോളിയം ഉല്‍പ്പന്നങ്ങളും ഇന്ത്യ കരുതിയിട്ടുണ്ട്. മംഗലാപുരം, പാഡൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലെ ഭൂഗര്‍ഭ കേന്ദ്രങ്ങളിലും, റിഫൈനറി ടാങ്കുകളിലുമായാണ് ഈ ശേഖരമുള്ളത്. ഇത് 7 മുതല്‍ 8 ആഴ്ച വരെ രാജ്യത്തിന് മതിയാകും. ഹോര്‍മുസ് കടലിടുക്ക് അടച്ചാലും റഷ്യ, അമേരിക്ക, പടിഞ്ഞാറന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യയെ തുണയ്ക്കും. നിലവില്‍ 40-ഓളം രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്.
നിലവില്‍ പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം, എല്‍പിജി, എല്‍എന്‍ജി എന്നിവയുടെയെല്ലാം മതിയായ ശേഖരമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ലോകത്തെ മിക്ക രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് എണ്ണ ഇറക്കുമതി കരാറുകള്‍ ഉള്ളതിനാല്‍ വിതരണത്തില്‍ വലിയ തടസ്സങ്ങള്‍ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. രാജ്യം പിന്തുടരുന്ന ശക്തമായ ഊര്‍ജ്ജ നയത്തിന്റെ ഫലമാണ് ഇത്.റഷ്യ, പടിഞ്ഞാറന്‍ ആഫ്രിക്ക, അമേരിക്ക തുടങ്ങിയ മേഖലകളില്‍ നിന്നുള്ള എണ്ണ ലഭ്യത ഇന്ത്യയെ സഹായിക്കും.
അതേ സമയം സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന പാക്കിസ്ഥാനെ യുദ്ധം കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. എണ്ണ ഇറക്കുമതി തടസ്സപ്പെട്ടതോടെ ഇന്ധനവിലയില്‍ വന്‍ വര്‍ദ്ധനവാണ് സര്‍ക്കാര്‍ വരുത്തിയത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 55 പാക് രൂപ വീതം വര്‍ദ്ധിപ്പിച്ചു. ഇതോടെ പെട്രോള്‍ വില 321.17 രൂപയായും ഡീസല്‍ 335.86 രൂപയായും ഉയര്‍ന്നു. പശ്ചിമേഷ്യയില്‍ ഇറാന്‍, ഇസ്രയേല്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കിടയില്‍ യുദ്ധം രൂക്ഷമായതോടെ ആഗോള എണ്ണ വിതരണ ശൃംഖല തടസ്സപ്പെട്ടതാണ് അപ്രതീക്ഷിത തീരുമാനത്തിന് കാരണം.
വെള്ളിയാഴ്ച രാത്രി ഉപപ്രധാനമന്ത്രി ഇഷാഖ് ദാര്‍, ധനമന്ത്രി മുഹമ്മദ് ഔറംഗസീബ്, പെട്രോളിയം മന്ത്രി അലി പര്‍വേസ് മാലിക് എന്നിവര്‍ നടത്തിയ അടിയന്തര വാര്‍ത്താ സമ്മേളനത്തിലാണ് പുതിയ വില പ്രഖ്യാപിച്ചത്. വില വര്‍ദ്ധനവ് നിലവില്‍ വരുന്നതിന് മുന്‍പ് ഇന്ധനം നിറയ്ക്കാന്‍ ജനങ്ങള്‍ ഇരച്ചെത്തിയതോടെ നഗരങ്ങളില്‍ കിലോമീറ്ററുകളോളം ക്യൂ രൂപപ്പെട്ടു. പലയിടങ്ങളിലും സംഘര്‍ഷവും പമ്പുകള്‍ അടച്ചുപൂട്ടുന്ന സാഹചര്യവും ഉണ്ടായി. ചിലയിടങ്ങളില്‍ വാഹന ഉടമകളും പമ്പ് ജീവനക്കാരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുദ്ധം മൂലം കപ്പല്‍ ചരക്കുനീക്കത്തിനും ഇന്‍ഷുറന്‍സിനും ഭീമമായ തുക അധികമായി നല്‍കേണ്ടി വരുന്നത് സ്വകാര്യ കമ്പനികളെ ഇറക്കുമതിയില്‍ നിന്ന് പിന്നോട്ട് വലിച്ചു.
വിലവര്‍ദ്ധനവ് പ്രഖ്യാപിച്ചതിന് പിന്നാലെ ലാഹോര്‍, കറാച്ചി, ഇസ്ലാമാബാദ്, റാവല്‍പിണ്ടി തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഇന്ധന പമ്പുകളില്‍ വലിയ തോതിലുള്ള തിരക്ക് അനുഭവപ്പെട്ടു. സ്റ്റോക്ക് തീരാതിരിക്കാന്‍ പല പമ്പുകളും മുന്‍കൂട്ടി അടച്ചുപൂട്ടി. യുദ്ധസാഹചര്യം കാരണം കപ്പല്‍ ചരക്കുനീക്കത്തിനും ഇന്‍ഷുറന്‍സിനും ഭീമമായ തുക അധികമായി നല്‍കേണ്ടി വരുന്നുണ്ട്. സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് എണ്ണ ഇറക്കുമതി തുടരാന്‍ കഴിയാത്ത സാഹചര്യം വന്നതോടെയാണ് വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതെന്നാണ് വിശദീകരണം.
