കടന്നല്‍ക്കൂട്ടില്‍ കൈയിടാന്‍ ട്രംപ്! ഖാര്‍ഗ് ദ്വീപ് പിടിച്ചാല്‍ ഇറാന്റെ പണമൊഴുക്ക് നില്‍ക്കും; പക്ഷേ അമേരിക്കയെ കാത്തിരിക്കുന്നത് മരണക്കെണിയോ? പാരാട്രൂപ്പര്‍മാരെ വീഴ്ത്താന്‍ ഡ്രോണ്‍ പടയുമായി ഇറാന്‍; 20,000 പേരെ മനുഷ്യകവചമാക്കാന്‍ നീക്കം; ഏപ്രില്‍ 6-ന് ആക്രമണം? ദ്വീപ് പിടിച്ചാലും നിലനിര്‍ത്താന്‍ വിയര്‍ക്കും; ശ്വാസമടക്കിപ്പിടിച്ച് ലോകം
കടന്നല്‍ക്കൂട്ടില്‍ കൈയിടാന്‍ ട്രംപ്!
ടെഹ്‌റാന്‍/വാഷിംഗ്ടണ്‍: യുദ്ധം അവസാനിക്കുമോ, അതോ കാര്യങ്ങള്‍ കൈവിട്ടുപോകുമോ? യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അപ്രവചനീയ സ്വഭാവം കൂടിയാകുമ്പോള്‍, ലോകം ശ്വാസമടക്കിപ്പിടിച്ചിരിക്കുകയാണ്. പശ്ചിമേഷ്യയില്‍ വീണ്ടുമൊരു 'ഡി-ഡേ'യ്ക്ക് (D-Day) കളമൊരുങ്ങുന്നു. ഇറാനെന്ന കടന്നല്‍ക്കൂട്ടില്‍ കൈയിടാന്‍ തന്നെ ഉറച്ച് ഡൊണാള്‍ഡ് ട്രംപും സംഘവും കരുക്കള്‍ നീക്കുകയാണ്. ലക്ഷ്യം ഇറാന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ ഖാര്‍ഗ് ദ്വീപ്. ഏപ്രില്‍ 6 എന്ന പുതിയ ഡെഡ്ലൈന്‍ പ്രഖ്യാപിച്ച് ട്രംപ് തന്റെ സൈന്യത്തിന് പച്ചക്കൊടി കാട്ടുമ്പോള്‍, അറബിക്കടലില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഇരമ്പുകയാണ്. അമേരിക്കന്‍ സൈന്യം നേരിട്ട് യുദ്ധഭൂമിയിലിറങ്ങുമോ എന്നതാണ് ചോദ്യം.
എന്താണ് ഖാര്‍ഗ് ദ്വീപ്? എന്തുകൊണ്ട് ഈ ദ്വീപിനെ ലക്ഷ്യം വെക്കുന്നു?
ഇറാന്റെ 90 ശതമാനം എണ്ണക്കയറ്റുമതിയും നടക്കുന്നത് ഈ ചെറിയ ദ്വീപ് വഴിയാണ്. ഇത് പിടിച്ചെടുത്താല്‍ ഇറാന്റെ പണമൊഴുക്ക് നില്‍ക്കും. പക്ഷേ സംഗതി അത്ര എളുപ്പമല്ല. രണ്ടാം ലോകമഹായുദ്ധത്തിലെ 'ഇവോ ജിമ'യെപ്പോലെ അമേരിക്കന്‍ സൈനികരുടെ ശവപ്പറമ്പായി ഖാര്‍ഗ് മാറുമോ എന്ന ഭീതിയിലാണ് ലോകം. 20,000 എണ്ണ തൊഴിലാളികളെ ഇറാന്‍ 'മനുഷ്യ കവചമായി' ഉപയോഗിച്ചാല്‍ അമേരിക്ക എന്ത് ചെയ്യും?
ഖാര്‍ഗ് ദ്വീപ് പിടിച്ചെടുത്ത് അവിടുത്തെ ടെര്‍മിനലുകളും പൈപ്പ് ലൈനുകളും നിയന്ത്രണത്തിലാക്കിയാല്‍ ഇറാന്റെ പണമൊഴുക്ക് പൂര്‍ണ്ണമായും തടയാമെന്ന് ട്രംപ് കണക്കുകൂട്ടുന്നു. ഇതിനായി യുഎസ് മറീനുകളും പാരാട്രൂപ്പര്‍മാരും സര്‍വ്വസജ്ജരായിക്കഴിഞ്ഞു. ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ തകര്‍ക്കാന്‍ നിശ്ചയിച്ചിരുന്ന സമയപരിധി അവസാന നിമിഷം മാറ്റി നിശ്ചയിച്ച ട്രംപ്, ഏപ്രില്‍ 6 വരെ സമയം നീട്ടി നല്‍കിയിരിക്കുകയാണ്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം മറ്റൊരു ഡി-ഡേ?
എണ്ണക്കപ്പലുകളുടെ പ്രധാന ഗതാഗത പാതയായ ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന്‍ തയ്യാറാകാതിരിക്കുകയും, തുടര്‍ന്ന് യുഎസ് സൈന്യം ഖാര്‍ഗില്‍ വിജയിക്കുകയും ചെയ്താല്‍ അത് യുദ്ധത്തിന്റെ ഗതി തന്നെ മാറ്റും. ശത്രുവിനെ തകര്‍ത്ത് വിജയത്തിലേക്കുള്ള വഴി തുറക്കുന്ന, കരയില്‍ നിന്നും കടലില്‍ നിന്നുമുള്ള ഒരു 'ഡി-ഡേ' ആക്രമണമായാണ് സൈനിക വിദഗ്ധര്‍ ഇതിനെ കാണുന്നത്. എന്നാല്‍, മാസങ്ങള്‍ നീണ്ട ആസൂത്രണത്തോടെ നടത്തിയ പഴയ ഡി-ഡേ പോലെയല്ല ഇത്. ഖാര്‍ഗ് ആക്രമണം തികച്ചും പെട്ടെന്നുള്ള നീക്കമാണ്.
തിരിച്ചടി ഭയന്ന് അമേരിക്കന്‍ സൈന്യം
കടുത്ത നിലപാടുകാരനായ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ നേതൃത്വത്തിലുള്ള ഈ നീക്കം വലിയ തോതിലുള്ള ജീവഹാനിക്ക് ഇടയാക്കിയേക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വര്‍ഷമാണിത്. നിലവില്‍ വോട്ടര്‍മാര്‍ക്കിടയില്‍ ഈ യുദ്ധത്തിന് വലിയ പിന്തുണയില്ല എന്നതും ട്രംപിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
തന്റെ 'മാഗ' (MAGA) വോട്ടര്‍മാരെ പിണക്കുമെന്ന് ഭയന്ന് ട്രംപ് ഈ നീക്കത്തില്‍ നിന്ന് പിന്മാറുമോ എന്നാണ് അറിയേണ്ടത്. അതോ ഒരു മിന്നല്‍ വിജയം തന്റെ തിരഞ്ഞെടുപ്പ് ഗ്രാഫ് ഉയര്‍ത്തുമെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടോ? ഇറാന്‍ ഭരണകൂടത്തെ ചര്‍ച്ചാ മേശയിലേക്ക് എത്തിക്കാനുള്ള ഒരു വമ്പന്‍ തന്ത്രമാണോ ഇത്?
ഖാര്‍ഗ് എന്ന 'വിലക്കപ്പെട്ട ദ്വീപ്'
ഇറാന്‍ തീരത്തുനിന്ന് 16 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ചെറിയ ദ്വീപ് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രമാണ്. ഈ ദ്വീപ് പിടിച്ചെടുത്ത് അവിടുത്തെ ടെര്‍മിനലുകളും സംഭരണ ടാങ്കുകളും പൈപ്പ് ലൈനുകളും നിയന്ത്രണത്തിലാക്കിയാല്‍, ഇറാന്റെ സമ്പദ്വ്യവസ്ഥയെയും സൈനിക നീക്കങ്ങളെയും താങ്ങിനിര്‍ത്തുന്ന പണമൊഴുക്ക് തടയാന്‍ അമേരിക്കയ്ക്ക് സാധിക്കും. ഇറാന്റെ മൊത്തം എണ്ണ ഉല്‍പ്പാദനത്തിന്റെ 90 ശതമാനവും (പ്രതിദിനം 15 ലക്ഷം ബാരല്‍ വരെ) കൈകാര്യം ചെയ്യുന്നത് ഈ ദ്വീപാണ്.
ഏകദേശം എട്ട് ചതുരശ്ര മൈല്‍ വിസ്തീര്‍ണ്ണമുള്ള ഈ ദ്വീപിനെ രണ്ടാം ലോകമഹായുദ്ധകാലത്തെ 'ഇവോ ജിമ' (Iwo Jima) ദ്വീപിനോടാണ് വിദഗ്ധര്‍ ഉപമിക്കുന്നത്. ജപ്പാനുമായുള്ള ആ യുദ്ധത്തില്‍ 7,000 യുഎസ് മറീനുകള്‍ കൊല്ലപ്പെടുകയും 20,000-ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഖാര്‍ഗ് ദ്വീപില്‍ ആഴക്കടല്‍ തുറമുഖവും, വിമാനത്താവളവും 'മത്ല ഉല്‍ ഫജര്‍' റഡാര്‍ സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള നിരവധി സൈനിക കേന്ദ്രങ്ങളുമുണ്ട്.
കഴിഞ്ഞ ആഴ്ച ഈ ദ്വീപിന് നേരെ അമേരിക്ക ശക്തമായ ബോംബാക്രമണം നടത്തിയെങ്കിലും എണ്ണ അടിസ്ഥാന സൗകര്യങ്ങളെ ഇതുവരെ ലക്ഷ്യം വെച്ചിട്ടില്ല. റെവല്യൂഷണറി ഗാര്‍ഡ്സിന്റെ (കാവലില്‍ ഏകദേശം 20,000 എണ്ണ തൊഴിലാളികള്‍ അവിടെയുണ്ട്. യുദ്ധമുണ്ടായാല്‍ ഈ സാധാരണക്കാരെ ഇറാന്‍ 'മനുഷ്യ കവചമായി' ഉപയോഗിക്കാനാണ് സാധ്യത.
അമേരിക്കയുടെ പടയൊരുക്കം: ഖാര്‍ഗ് ലക്ഷ്യമിട്ട് വന്‍ സന്നാഹം
ഖാര്‍ഗ് ദ്വീപിന് നേരെയുള്ള ആക്രമണം രണ്ട് ദിശകളില്‍ നിന്നുമുണ്ടാകാന്‍ സാധ്യതയുണ്ട്. ഒന്ന്, ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ ഒഴിവാക്കി യുഎഇയില്‍ നിന്ന് കടല്‍ മാര്‍ഗ്ഗം. രണ്ട്, അറേബ്യന്‍ കടലിലെ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനി കപ്പലില്‍ നിന്നും യുഎഇയിലെ സൈനിക താവളങ്ങളില്‍ നിന്നും വായുമാര്‍ഗ്ഗം.
ഏകദേശം 2,200 മറീനുകളും 1,200 ക്രൂ അംഗങ്ങളുമായി അത്യാധുനിക യുദ്ധക്കപ്പലായ യുഎസ്എസ് ട്രിപ്പോളി (USS Tripoli) ഇന്ന് മേഖലയില്‍ എത്തും. 45,000 ടണ്‍ ഭാരമുള്ള ഈ കപ്പലില്‍ നേരേ പറന്നുയരാന്‍ കഴിയുന്ന 20 എഫ്-35ബി ലൈറ്റ്‌നിംഗ് II സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളുണ്ട്. കൂടാതെ, 24 സൈനികരെ വഹിക്കാന്‍ ശേഷിയുള്ള എംവി-22 ഓസ്‌പ്രേ വിമാനങ്ങളും എംഎച്ച്-605 സീഹോക്ക് ഹെലികോപ്റ്ററുകളും ഇതിലുണ്ട്.
ഇതിന് പിന്നാലെ യുഎസ്എസ് ന്യൂ ഓര്‍ലിയന്‍സ്, യുഎസ്എസ് ബോക്‌സര്‍, യുഎസ്എസ് പോര്‍ട്ട്‌ലാന്‍ഡ്, യുഎസ്എസ് കോംസ്റ്റോക്ക് എന്നീ കപ്പലുകളും 11-ാം മറൈന്‍ എക്‌സ്പെഡിഷണറി യൂണിറ്റിലെ 2,500 ഓളം മറീനുകളുമായി നീങ്ങുന്നുണ്ട്. നോര്‍ത്ത് കരോലിനയിലെ ഫോര്‍ട്ട് ബ്രാഗില്‍ നിന്നുള്ള 82-ാം എയര്‍ബോണ്‍ ഡിവിഷനിലെ 3,000 പാരാട്രൂപ്പര്‍മാരോടും ഗള്‍ഫ് മേഖലയിലേക്ക് നീങ്ങാന്‍ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടു. മേജര്‍ ജനറല്‍ ബ്രാന്‍ഡന്‍ ടെഗ്റ്റ്മെയറുടെ നേതൃത്വത്തിലാണ് ഈ നീക്കം.
അമേരിക്കന്‍ സൈനിക തലപ്പത്തുള്ളവര്‍ യുഎഇയില്‍ തമ്പടിച്ചിരിക്കുകയാണ്. ഇറാനോട് ഏറ്റവും ശത്രുത പുലര്‍ത്തുന്ന അറബ് രാജ്യം എന്ന നിലയില്‍, ദുബായിലെ ഫെയര്‍മോണ്ട് ദ പാം, ജുമൈറ ബുര്‍ജ് അല്‍ അറബ് തുടങ്ങിയ പ്രമുഖ ഹോട്ടലുകളെ ഇറാന്‍ ലക്ഷ്യം വെക്കുന്നതില്‍ അത്ഭുതപ്പെടാനില്ല.
ഇറാന്റെ പ്രതിരോധം: പതറാതെ ആയുധപ്പുരകള്‍
ഇസ്രായേലി തിങ്ക് ടാങ്കായ 'അല്‍മ റിസര്‍ച്ച് ആന്‍ഡ് എജ്യുക്കേഷന്‍ സെന്റര്‍' നല്‍കുന്ന വിവരമനുസരിച്ച്, ഇറാന്റെ കൈവശം ആയിരത്തോളം ബാലിസ്റ്റിക് മിസൈലുകള്‍ ഉണ്ടായേക്കാം. 9 കോടിയിലധികം ജനസംഖ്യയുള്ള രാജ്യത്തുടനീളം വീടുകളിലെ ഗാരേജുകളിലും അടുക്കളകളിലും പോലും പ്രവര്‍ത്തിക്കുന്ന ചെറുകിട ഫാക്ടറികളില്‍ സ്‌ഫോടകവസ്തുക്കള്‍ വഹിക്കാന്‍ ശേഷിയുള്ള ആയിരക്കണക്കിന് ഡ്രോണുകള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട്.
ഇറാന്റെ ഗള്‍ഫ് തീരപ്രദേശം മലനിരകളാല്‍ നിറഞ്ഞതാണ്. ഇത് താഴെയുള്ള കപ്പലുകളെ എളുപ്പത്തില്‍ ലക്ഷ്യം വെക്കാന്‍ ഇറാനെ സഹായിക്കും. 1915-ലെ ഗല്ലിപ്പോളിയിലും 1944-ലെ അന്‍സിയോയിലും നടന്ന ലോകമഹായുദ്ധ പോരാട്ടങ്ങളില്‍ ഇത്തരം ഭൂപ്രകൃതി എത്രത്തോളം അപകടകരമാണെന്ന് സഖ്യകക്ഷികള്‍ തിരിച്ചറിഞ്ഞതാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് പ്രതിരോധിക്കുന്നവര്‍ക്ക് മേല്‍ക്കൈ ലഭിക്കുന്നത് വലിയ തോതിലുള്ള ജീവഹാനിക്ക് കാരണമാകും. ഖാര്‍ഗ് ദ്വീപിലും റോക്കറ്റ് ലോഞ്ചറുകളും പീരങ്കികളുമായി ഇറാന്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ടാകാനാണ് സാധ്യത.
യുദ്ധത്തിന് മുന്‍പ് 5,80,000 സൈനികരായിരുന്നു ഇറാന്റെ റെഗുലര്‍ ആര്‍മിയിലുണ്ടായിരുന്നത്. റെവല്യൂഷണറി ഗാര്‍ഡ്സില്‍ 1.9 ലക്ഷം പേരുമുണ്ട്. ദശലക്ഷക്കണക്കിന് റിസര്‍വ് സൈനികര്‍ക്ക് സൈനിക പരിശീലനം ലഭിച്ചിട്ടുണ്ട്. യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങളില്‍ ആയുധങ്ങള്‍ പലതും തകര്‍ക്കപ്പെട്ടെങ്കിലും, യുദ്ധത്തിന് മുന്‍പ് 1,500 ഓളം ടാങ്കുകള്‍ അവരുടെ കൈവശമുണ്ടായിരുന്നു. അത്യാധുനിക എം4എ1 കാര്‍ബൈനുകളും നാറ്റോ നിലവാരത്തിലുള്ള വെടിയുണ്ടകളും ഇറാന്‍ ഉപയോഗിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്ന് ലഭിച്ച യുഎസ് നിര്‍മ്മിത ആയുധങ്ങളും സോവിയറ്റ് കാലത്തെ കരുത്തുറ്റ കലാഷ്നിക്കോവ് റൈഫിളുകളും ഇറാന്റെ കരുത്താണ്.
ഖാര്‍ഗ് ദ്വീപിലെ അഗ്‌നിപരീക്ഷ
ഖാര്‍ഗ് ദ്വീപില്‍ ഒരു വ്യോമാക്രമണത്തിന് അമേരിക്ക മുതിരുകയാണെങ്കില്‍, പ്രതിരോധമെന്ന നിലയില്‍ 1.8 കോടി ബാരല്‍ എണ്ണ സംഭരിക്കാന്‍ ശേഷിയുള്ള ടാങ്കുകള്‍ക്ക് ഇറാന്‍ തീയിട്ടേക്കാം. ഇത് പ്രദേശം മുഴുവന്‍ കറുത്ത പുകപടലങ്ങളാല്‍ മൂടാന്‍ കാരണമാകും. ഹെലികോപ്റ്റര്‍ വഴിയോ പാരാഷൂട്ട് വഴിയോ ഉള്ള സൈനിക നീക്കങ്ങളെ ഇത് സങ്കീര്‍ണ്ണമാക്കും. ഈ തടസ്സം താത്കാലികമാണെങ്കിലും, ആഗോള സമ്പദ്വ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതം അളക്കാനാവില്ല; പ്രത്യേകിച്ച് ഇറാനിയന്‍ എണ്ണയെ ഇപ്പോഴും ആശ്രയിക്കുന്ന ചൈനയെയും ഇന്ത്യയെയും പോലുള്ള രാജ്യങ്ങളെ ഇത് സാരമായി ബാധിക്കും.
ഖാര്‍ഗിലെ പ്രതിരോധം തകര്‍ക്കാന്‍ നീണ്ടുനില്‍ക്കുന്ന ബോംബാക്രമണം നടത്തിയാല്‍ അമേരിക്കന്‍ മറീനുകള്‍ക്കും പാരാട്രൂപ്പര്‍മാര്‍ക്കും കരയിലിറങ്ങുന്നത് എളുപ്പമാകും. പാരട്രൂപ്പര്‍മാരെ ഇറക്കുമ്പോള്‍ വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും വേഗത കുറയ്‌ക്കേണ്ടി വരുന്നത് ഇറാന്റെ ക്രൂയിസ് മിസൈലുകള്‍ക്ക് അവയെ എളുപ്പത്തില്‍ ലക്ഷ്യം വെക്കാന്‍ അവസരമൊരുക്കും.
കൂടാതെ, തോളില്‍ വെച്ച് തൊടുക്കാവുന്ന മിസൈലുകളും റോക്കറ്റ് ലോഞ്ചറുകളുമായി കാത്തിരിക്കുന്ന ഇറാന്‍ സൈനികര്‍ അമേരിക്കന്‍ ഹെലികോപ്റ്ററുകള്‍ക്കും ഭീഷണിയാണ്. പാരാഷൂട്ടില്‍ താഴേക്ക് വരുന്ന സൈനികരെ ലക്ഷ്യം വെക്കാന്‍ 'ഫസ്റ്റ് പേഴ്‌സണ്‍ ഡ്രോണുകള്‍' [ഹെഡ്‌സെറ്റ് വഴി നിയന്ത്രിക്കുന്നവ) ഇറാന്‍ ഉപയോഗിച്ചേക്കാം. 82-ാം എയര്‍ബോണ്‍ ഡിവിഷനെ സംബന്ധിച്ചിടത്തോളം ഈ നീക്കം ഒരു 'ആത്മഹത്യാ ദൗത്യമായി' മാറിയേക്കാമെന്ന് ചില സൈനിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. യുക്രെയ്‌നിലെ റഷ്യന്‍ യുദ്ധത്തിലേതിന് സമാനമായ രക്തച്ചൊരിച്ചിലിന് ഇവിടെയും സാധ്യതയുണ്ട്.
സാങ്കേതികമായ മേധാവിത്വം അമേരിക്കയ്ക്കുണ്ടെങ്കിലും, മുഖാമുഖം നടക്കുന്ന പോരാട്ടങ്ങളില്‍അത് എപ്പോഴും ഗുണകരമാകണമെന്നില്ല. വെനിസ്വേലയില്‍ നിക്കോളാസ് മഡുറോയെ പിടികൂടാന്‍ ഉപയോഗിച്ച അത്യാധുനിക 'ഡിസോറിയന്റേഷന്‍ ആയുധങ്ങള്‍' ഒരു കെട്ടിടത്തിന് ചുറ്റും മാത്രമേ ഫലപ്രദമാകൂ, മൈലുകളോളം വ്യാപിച്ചു കിടക്കുന്ന ഒരു യുദ്ധഭൂമിയില്‍ അവയ്ക്ക് പരിമിതികളുണ്ട്. ആധുനിക ബോഡി ആര്‍മറുകള്‍ ധരിച്ചാലും, തൊട്ടടുത്തുനിന്നുള്ള വെടിയുണ്ടകളും ബോംബ് ചില്ലുകളും അമേരിക്കന്‍ സൈനികര്‍ക്കും മാരകമായേക്കാം.
രക്ഷാദൗത്യം ദുഷ്‌കരം; ഖാര്‍ഗ് ഒരു 'മരണക്കെണി'യായേക്കാം
ഇറാഖിലും അഫ്ഗാനിസ്ഥാനിലും പരിക്കേറ്റ സൈനികരെ രക്ഷിക്കാന്‍ സുരക്ഷിതമായ സൈനിക ആശുപത്രികള്‍ സജ്ജമാക്കാന്‍ സഖ്യകക്ഷികള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഖാര്‍ഗ് ദ്വീപിന്റെ ഭൂപ്രകൃതിയും ഇറാന്റെ ഡ്രോണ്‍ ആക്രമണങ്ങളും കാരണം പരിക്കേറ്റവരെ അവിടെനിന്ന് പുറത്തെത്തിക്കുക എന്നത് അതിസാഹസികമായിരിക്കും. രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്ന ഹെലികോപ്റ്ററുകളും മെഡിക്കല്‍ സംഘങ്ങളും ഇറാന്റെ റോക്കറ്റ്-ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ഇരയാകാന്‍ സാധ്യത കൂടുതലാണ്. ഇത് മരണസംഖ്യ കുത്തനെ ഉയര്‍ത്തും.
ദ്വീപ് പിടിച്ചാലും നിലനിര്‍ത്തല്‍ വെല്ലുവിളി
അമേരിക്കന്‍ സൈന്യം ദ്വീപ് പിടിച്ചെടുത്താലും അത് കൈവശം വെക്കുക എന്നത് മറ്റൊരു അഗ്‌നിപരീക്ഷയാണ്. ഇറാന്റെ പ്രധാന ഭൂപ്രദേശത്തുനിന്നുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഇടതടവില്ലാതെ തുടരും. യുക്രെയ്ന്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ റഷ്യ പിടിച്ചെടുത്ത 'സ്‌നേക്ക് ഐലന്‍ഡ്' (Snake Island) ഡ്രോണ്‍ ആക്രമണങ്ങളെത്തുടര്‍ന്ന് അവര്‍ക്ക് പിന്നീട് ഉപേക്ഷിക്കേണ്ടി വന്നത് ഇതിന് ഉദാഹരണമാണ്.
അയ്യായിരത്തോളം സൈനികരെയാണ് പ്രാഥമികമായി വിന്യസിക്കാന്‍ ഉദ്ദേശിക്കുന്നത്, എന്നാല്‍ ഇറാന്റെ ഭൂപ്രദേശത്തേക്ക് കടന്നുകയറാന്‍ ഇതിലും വലിയൊരു സൈന്യം ആവശ്യമായി വരും. 2003-ല്‍ ഇറാഖ് അധിനിവേശത്തിന് 1.6 ലക്ഷം സൈനികര്‍ വേണ്ടി വന്നിരുന്നു.
ബ്രിട്ടന്റെ സഹായം തേടുമോ? ചൈനയും റഷ്യയും ഇറാനൊപ്പം
ബ്രിട്ടീഷ് കപ്പലുകള്‍ വെറും 'കളിപ്പാട്ടങ്ങള്‍' ആണെന്ന് ട്രംപ് ഇന്നലെ പരിഹസിച്ചെങ്കിലും, പ്രതിസന്ധി ഘട്ടത്തില്‍ അദ്ദേഹം ബ്രിട്ടന്റെ സഹായം തേടിയേക്കാം. അതേസമയം, ചൈനയും റഷ്യയും ഉപഗ്രഹ വിവരങ്ങള്‍ ഇറാനുമായി പങ്കുവെക്കുന്നുണ്ട്. ഒരു അമേരിക്കന്‍ കപ്പലിനെ തകര്‍ക്കാന്‍ ഇറാന് സാധിച്ചാല്‍, അത് അമേരിക്കയ്ക്ക് ഏല്‍ക്കുന്ന കനത്ത ആഘാതവും ഇറാന്‍ ഭരണകൂടത്തിന് വലിയ രാഷ്ട്രീയ വിജയവുമായി മാറും. അതേസമയം, ഇറാനിലെ തീവ്രനിലപാടുകാര്‍ ഇപ്പോള്‍ അമേരിക്കയുടെ ഓരോ നീക്കത്തെയും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ഖാര്‍ഗ് ഒരു പുകമറയോ? അമേരിക്കയുടെ മറ്റ് ലക്ഷ്യങ്ങള്‍
ഖാര്‍ഗ് ദ്വീപിന് നേരെയുള്ള ഈ നീക്കം ഇറാനെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു തന്ത്രം മാത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഹോര്‍മുസ് കടലിടുക്കിലെ മറ്റ് ദ്വീപുകളാകാം അമേരിക്കയുടെ യഥാര്‍ത്ഥ ലക്ഷ്യം. ഹോര്‍മുസ് കടലിടുക്കിലെ ഖേഷ്ം (Qeshm), ലാറക് (Larak) എന്നീ ദ്വീപുകള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍, ഇറാന്‍ തങ്ങള്‍ക്ക് താല്പര്യമുള്ള കപ്പലുകളെ മാത്രം കടത്തിവിട്ട് സമ്പാദിക്കുന്ന വന്‍ തുക തടയാന്‍ അമേരിക്കയ്ക്ക് സാധിക്കും. ഡെല്‍റ്റ ഫോഴ്‌സ്, നേവി സീല്‍സ് തുടങ്ങിയ അമേരിക്കന്‍ സ്‌പെഷ്യല്‍ ഫോഴ്‌സുകളെ ഉപയോഗിച്ച് ഇറാന്റെ തീരദേശ പ്രതിരോധ നിയന്ത്രണ കേന്ദ്രങ്ങളില്‍ ഒരേസമയം ആക്രമണം നടത്തിയേക്കാം. കൂടാതെ, 1971 മുതല്‍ ഇറാന്‍ കൈവശം വെച്ചിരിക്കുന്ന അബു മൂസ, തുംബ് ദ്വീപുകള്‍ 'മോചിപ്പിക്കാന്‍' അമേരിക്ക ശ്രമിച്ചേക്കാം. അങ്ങനെ സംഭവിച്ചാല്‍ യുഎഇ സൈന്യം അമേരിക്കയെ സഹായിക്കാന്‍ മുന്നോട്ട് വന്നേക്കും.
യുദ്ധമുഖത്തെ വെല്ലുവിളികള്‍
രണ്ടാം ലോകമഹായുദ്ധകാലത്തെപ്പോലെ കടലിലൂടെ സുഗമമായി നീങ്ങാന്‍ ഇക്കാലത്ത് അമേരിക്കന്‍ നാവികസേനയ്ക്ക് കഴിയില്ല. ഇറാന്റെ മിസൈലുകളും ഡ്രോണുകളും കടല്‍ മൈനുകളും വലിയ ഭീഷണിയാണ്. ദ്വീപുകള്‍ പിടിച്ചെടുക്കുന്നത് വഴി ഇറാന്റെ നിയന്ത്രണം കുറയ്ക്കാന്‍ സാധിക്കുമെങ്കിലും ഹോര്‍മുസ് പാത ഉടന്‍ തുറക്കാന്‍ കഴിയില്ല. പകരം, താല്ക്കാലികമായി ആ പാത പൂര്‍ണ്ണമായും അടഞ്ഞുപോയേക്കാം.
മറ്റൊരു സാധ്യത ചബഹാര്‍ തുറമുഖം പിടിച്ചെടുക്കുക എന്നതാണ്. ഹോര്‍മുസ് കടലിടുക്കിന് പുറത്ത് അറേബ്യന്‍ കടല്‍ തീരത്തുള്ള ഈ തുറമുഖം പിടിച്ചെടുക്കുന്നത് അമേരിക്കയ്ക്ക് കൂടുതല്‍ എളുപ്പമായേക്കാം. അവിടെ നിയന്ത്രണം സ്ഥാപിച്ചാല്‍ ഇറാനുമായി സഹകരിക്കുന്ന കപ്പലുകളെ തടയാന്‍ അമേരിക്കയ്ക്ക് സാധിക്കും. ഇത് ഇറാന്റെ ഉള്‍പ്രദേശങ്ങളിലേക്ക് കടക്കാനുള്ള ഒരു സുപ്രധാന കേന്ദ്രമായി മാറാം. പക്ഷേ, ചബഹാറില്‍ നിന്ന് ആയിരം മൈല്‍ അകലെയുള്ള ടെഹ്റാന്‍ വരെ പോയി യുദ്ധം ചെയ്യാന്‍ ട്രംപ് തയ്യാറാകുമോ എന്നതാണ് വലിയ ചോദ്യം.
