എംബി രാജേഷും കടന്നപ്പള്ളിയും ശമ്പളത്തിനൊപ്പം എംപി പെന്‍ഷനും കൈപ്പറ്റുന്നു; സാമൂഹിക ക്ഷേമ പെന്‍ഷന്‍ അറിയാതെ വാങ്ങിയ താല്‍കാലിക ജീവനക്കാര്‍ക്കെതിരെ കലി തുള്ളുന്നവര്‍ ഈ ചട്ടവിരുദ്ധത അറിയുന്നുവോ? അടിയന്തരമായി തുക തിരിച്ചടപ്പിക്കണമെന്ന എജിയുടെ ആവശ്യം മന്ത്രിമാരെ അറിയിച്ചില്ല; നിയമസഭാ മത്സര അയോഗ്യതയിലേക്ക് രാജേഷിനെ തള്ളിവിടാന്‍ ശ്രമിച്ചത് ആര്? ഈ പെന്‍ഷന്‍ വിവാദത്തിന് പല തലങ്ങള്‍!

Update: 2026-03-07 06:29 GMT

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ജനപ്രതിനിധികള്‍ തന്നെ ചട്ടങ്ങള്‍ ലംഘിച്ച് ഇരട്ട ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതായി അക്കൗണ്ടന്റ് ജനറലിന്റെ (AG) ഞെട്ടിക്കുന്ന കണ്ടെത്തല്‍. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുമാണ് നിയമവിരുദ്ധമായി മന്ത്രി ശമ്പളത്തോടൊപ്പം എംപി പെന്‍ഷനും പൂര്‍ണ്ണരൂപത്തില്‍ കൈപ്പറ്റുന്നത്. അധികമായി വാങ്ങിയ തുക അടിയന്തരമായി തിരികെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് എജി പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി.

ഈ സര്‍ക്കാര്‍ രഹസ്യമാക്കിയെന്നാണ് ആരോപണം. ഇതോടെ എംബി രാജേഷ് കടുത്ത പ്രതിസന്ധിയിലാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ നോണ്‍ ലൈബലിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുക്കണം. ഈ എജിയുടെ കത്ത് എംബി രാജേഷ് അറിഞ്ഞില്ലെന്നും സൂചനയുണ്ട്. അങ്ങനെ വന്നാല്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ എംബി രാജേഷിന് ലൈബലിറ്റി സര്‍ട്ടിഫിക്കറ്റ് കിട്ടില്ല. നാമനിര്‍ദ്ദേശ പത്രിക നല്‍കിയാലും സൂക്ഷ്മ പരിശോധനയില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയ്ക്ക് ഈ വിഷയം ചര്‍ച്ചയാക്കാം. അങ്ങനെ വ്ന്നാല്‍ പത്രിക തള്ളുന്ന സാഹചര്യം ഉണ്ടാകും.

1954-ലെ പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം, അലവന്‍സ്, പെന്‍ഷന്‍ നിയമപ്രകാരം (The Salary, Allowances and Pension of Members of Parliament Act, 1954), ഒരാള്‍ മന്ത്രി എന്ന നിലയില്‍ ശമ്പളം കൈപ്പറ്റുമ്പോള്‍ എംപി പെന്‍ഷന്‍ തുകയില്‍ ആനുപാതികമായ കുറവ് വരുത്തേണ്ടതുണ്ട്. അതായത്, എംപി പെന്‍ഷന്‍ എത്രയാണോ ആ തുക കുറച്ചുള്ള തുക മാത്രമേ മന്ത്രി ശമ്പളമായി വാങ്ങാന്‍ പാടുള്ളൂ. എന്നാല്‍ ഈ ചട്ടം ലംഘിച്ചുകൊണ്ട് രണ്ട് മന്ത്രിമാരും രണ്ട് തുകയും പൂര്‍ണ്ണമായി കൈപ്പറ്റുന്നതായാണ് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാരുമായി ബാധ്യത രണ്ടു പേര്‍ക്കുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അടക്കം മത്സരിക്കുന്നതിന് ഇത് ബാധ്യതയായി മാറും.

അക്കൗണ്ടന്റ് ജനറല്‍ പുറത്തുവിട്ട ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ടില്‍ (Part II B, Para IV) അതീവ ഗുരുതരമായ പരാമര്‍ശങ്ങളാണ് ഉള്ളത്. എം.ബി രാജേഷും രാമചന്ദ്രന്‍ കടന്നപ്പള്ളിയും പെന്‍ഷന്‍ തുക കുറയ്ക്കാതെ തന്നെ ശമ്പളം കൈപ്പറ്റുന്നത് നിയമവിരുദ്ധമാണെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. പാര്‍ലമെന്ററി റെസിഡ്യൂവറി പെന്‍ഷന്‍ എത്രയാണെന്നും അത് മന്ത്രിമാരുടെ ശമ്പളത്തില്‍ നിന്ന് എത്രത്തോളം കുറയ്ക്കണമെന്നും വ്യക്തമാക്കുന്ന രാജ്യസഭാ പേ ആന്റ് അക്കൗണ്ട്സ് ഓഫീസറില്‍ നിന്നുള്ള കത്ത് ഹാജരാക്കാന്‍ പൊതുഭരണ വകുപ്പിനോട് എജി ആവശ്യപ്പെട്ടിട്ടുണ്ട്. ചട്ടവിരുദ്ധമായി കൈപ്പറ്റിയ തുക കൃത്യമായി കണക്കാക്കി അത് ഖജനാവിലേക്ക് തിരികെ അടപ്പിക്കാനാണ് എജിയുടെ കര്‍ശന നിര്‍ദ്ദേശം. എന്നാല്‍ ഇക്കാര്യം മന്ത്രിമാര്‍ അറിഞ്ഞില്ലെന്നാണ് സൂചന.

കണ്ണൂരില്‍ നിന്നുള്ള എംഎല്‍എയാണ് കടന്നപ്പള്ളി. നായനാരെ തോല്‍പ്പിച്ച് ലോക്‌സഭാ അംഗമായ നേതാവാണ് കടന്നപ്പള്ളി. പിന്നീട് കണ്ണൂരില്‍ മത്സരിച്ചു നിയമസഭാ അംഗവുമായി. മന്ത്രിയായപ്പോഴും ലോക്‌സഭാ പെന്‍ഷന്‍ കൈപ്പറ്റി. പാലക്കാട് നിന്നുള്ള ലോക്‌സഭാ അംഗമായിരുന്നു എംബി രാജേഷ്. തൃത്താലയിലെ എംഎല്‍എയാണ് രാജേഷ്. മന്ത്രിയെന്ന നിലയില്‍ ശമ്പളം പറ്റുന്ന രാജേഷും കടന്നപ്പള്ളിയും പെന്‍ഷന്‍ വാങ്ങുന്നത് ചട്ടവിരുദ്ധമാണ്. ഇതാണ് എജി കണ്ടെത്തുന്നത്. ജനുവരി 19നാണ് എജി കത്തയച്ചത്.


മന്ത്രിമാരുടെ പെന്‍ഷന്‍ വിവാദത്തിന് പുറമെ പൊതുഭരണ വകുപ്പിലെ മറ്റ് ചില അപാകതകളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തനം മൂലം 1.95 കോടി രൂപയുടെ അക്സസ് കണ്‍ട്രോള്‍ സിസ്റ്റം ഉപയോഗശൂന്യമായി കിടക്കുന്നതും, അനുവദനീയമായ എണ്ണത്തേക്കാള്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. വിരമിച്ച ജോയിന്റ് സെക്രട്ടറിയെ ചട്ടങ്ങള്‍ പാലിക്കാതെ പുനര്‍നിയമിച്ചതിനെതിരെയും എജി രംഗത്തെത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ പണമില്ലെന്ന് പറയുമ്പോഴും മന്ത്രിമാര്‍ നടത്തുന്ന ഈ നിയമലംഘനം വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചേക്കും.

കാറ്റില്‍പ്പറത്തി മന്ത്രിമാര്‍ ഇരട്ട ആനുകൂല്യം കൈപ്പറ്റുന്നത് തീര്‍ത്തും നിയമവിരുദ്ധമാണ്. സാധാരണക്കാരന്‍ അറിവില്ലായ്മ കൊണ്ട് വാങ്ങുന്ന സാമൂഹിക ക്ഷേമ പെന്‍ഷന്‍ പോലും പലിശ സഹിതം തിരിച്ചുപിടിക്കാന്‍ 'കലിതുള്ളുന്ന' സര്‍ക്കാര്‍ സംവിധാനങ്ങള്‍, മന്ത്രിമാരുടെ ഈ പച്ചയായ നിയമലംഘനത്തിന് നേരെ കണ്ണടയ്ക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ജനപ്രതിനിധികള്‍ ലാഭകരമായ പദവികള്‍ വഹിക്കുമ്പോള്‍ ചട്ടവിരുദ്ധമായി പണം കൈപ്പറ്റുന്നത് അവരുടെ നിയമസഭാ അംഗത്വത്തെത്തന്നെ ബാധിച്ചേക്കാം. എം.ബി രാജേഷിനെപ്പോലൊരു പ്രമുഖ നേതാവിനെ അയോഗ്യതയുടെ മുനമ്പിലേക്ക് തള്ളിക്കൊടുക്കാന്‍ ആരെങ്കിലും ചരടുവലിച്ചോ എന്ന സംശയം പാര്‍ട്ടിക്കുള്ളിലും പുകയുന്നുണ്ട്. എജിയുടെ നിര്‍ദ്ദേശം മാസങ്ങളോളം ഫയലില്‍ മുക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അര്‍ഹതയില്ലാതെ വാങ്ങിയ താല്‍ക്കാലിക ജീവനക്കാരെയും പാവപ്പെട്ടവരെയും ക്രൂശിക്കുകയും വസൂലാക്കുകയും ചെയ്യുന്ന സര്‍ക്കാര്‍, മന്ത്രിമാരുടെ കാര്യത്തില്‍ പുലര്‍ത്തുന്ന ഈ ഇരട്ടത്താപ്പ് ജനരോഷത്തിന് കാരണമായിട്ടുണ്ട്. ഖജനാവ് പൂട്ടിക്കെട്ടിയിരിക്കുന്ന സമയത്ത് മന്ത്രിമാര്‍ തന്നെ ഇത്തരത്തില്‍ അനധികൃതമായി പണം കൈപ്പറ്റുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ സാരമായി ബാധിക്കും. ചട്ടവിരുദ്ധമായി വാങ്ങിയ തുക ഉടനടി ഖജനാവിലേക്ക് തിരിച്ചടച്ചില്ലെങ്കില്‍ അത് വലിയ നിയമയുദ്ധങ്ങളിലേക്കും രാഷ്ട്രീയ പ്രത്യാഘാതങ്ങളിലേക്കും വഴിമാറുമെന്ന് ഉറപ്പാണ്.

Similar News