പകരക്കാരനായി വന്ന് ഇമ്പാക്ട് പ്ലേയറായ കോൾ മക്കോഞ്ചി; ഇടൻ കൈയ്യന്മാർക്കെതിരെ സാറ്റ്നർ സൂക്ഷിച്ചിരിക്കുന്ന വജ്രായുധം; പവർപ്ലേയിൽ വിക്കറ്റുകൾ വീഴ്ത്തുന്നത് ശീലമാക്കിയ മാറ്റ് ഹെൻറി; വെടിക്കെട്ട് മുൻനിര ലൈനപ്പ്; കണക്കുകളിൽ കിവികൾ തന്നെ മുന്നിൽ; നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്ക് തിരുത്തേണ്ടത് ചരിത്രം; അഹമ്മദാബാദിൽ നാളെ തീപാറും പോരാട്ടം
അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ കടലിരമ്പത്തിന് മുന്നിൽ നാളെ ഇന്ത്യയും ന്യൂസീലൻഡും നേർക്കുനേർ വരുമ്പോൾ അത് വെറുമൊരു ഫൈനലല്ല, കണക്കുതീർക്കലിന്റെയും ചരിത്രം തിരുത്തലിന്റെയും പോരാട്ടം കൂടിയാണ്. ഐസിസി ടൂർണമെന്റുകളിലെ നോക്കൗട്ട് ഘട്ടങ്ങളിൽ ഇന്ത്യയുടെ വഴിമുടക്കുന്ന കിവീസ് പടയെ തകർത്ത് കിരീടം നിലനിർത്താനാണ് രോഹിത്തും സംഘവും ഇറങ്ങുന്നത്. കണക്കുകൾ പരിശോധിച്ചാൽ ട്വന്റി 20 ലോകകപ്പുകളിൽ ന്യൂസീലൻഡ് ഇന്ത്യയുടെ പേടിസ്വപ്നമാണ്. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗും ജസ്‌പ്രീത് ബുംറയുടെ ബൗളിംഗും സെമിയിൽ ഇന്ത്യക്ക് കരുത്തേകിയിരുന്നു. 33 പന്തിൽ സെഞ്ച്വറി നേടിയ ഫിൻ അലനും, കോൾ മക്കോഞ്ചിയും ഉയർത്തുന്ന വെല്ലുവിളി മറികടക്കുക എന്നത് ടീം ഇന്ത്യക്ക് നിർണ്ണായകമാണ്. ട്വന്റി-20 ലോകകപ്പുകളിൽ കിവീസിനെതിരെ ഇതുവരെ ജയിക്കാനായിട്ടില്ല എന്ന നാണക്കേടിന്റെ ചരിത്രം തിരുത്തി കിരീടം നിലനിർത്താൻ നീലപ്പട ഒരുങ്ങിക്കഴിഞ്ഞു.
കണക്കിലെ കളി കിവീസിന്
ഇതുവരെ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ജയം കിവീസിനൊപ്പമായിരുന്നു. 2007-ൽ പത്ത് റണ്ണിനും, 2016-ൽ 47 റണ്ണിനും ഇന്ത്യ തോറ്റു. 2021-ലാകട്ടെ എട്ടു വിക്കറ്റിന്റെ ദയനീയ പരാജയമായിരുന്നു ഫലം. എങ്കിലും പഴയ കണക്കുകൾ പുസ്തകത്തിലിരിക്കട്ടെ എന്നാണ് ആരാധകപക്ഷം. 2023 ഏകദിന ലോകകപ്പ് സെമിയിൽ ഷമി ഏഴ് വിക്കറ്റുമായി കിവീസിനെ എറിഞ്ഞിട്ടത് ഇന്ത്യൻ ക്യാമ്പിൽ ഇപ്പോഴും ആവേശം നിറയ്ക്കുന്ന ഓർമ്മയാണ്. 2007-ലെ ആദ്യ ലോകകപ്പിൽ 191 റൺസ് പിന്തുടർന്ന ഇന്ത്യക്ക് 10 റൺസ് അകലെ വിജയം നഷ്ടമായത് ഡാനിയൽ വെട്ടോറിയുടെ തകർപ്പൻ സ്പെല്ലിലൂടെയായിരുന്നു.
പിന്നീട് 2016-ൽ സ്വന്തം നാട്ടിൽ നടന്ന മത്സരത്തിൽ 127 റൺസ് പിന്തുടർന്ന ഇന്ത്യ, മിച്ചൽ സാന്റ്നറുടെയും ഇഷ് സോധിയുടെയും സ്പിൻ കരുത്തിൽ വെറും 79 റൺസിന് പുറത്തായി. ഏറ്റവും ഒടുവിൽ 2021-ൽ നടന്ന നിർണ്ണായക മത്സരത്തിലും ഇന്ത്യയെ എട്ട് വിക്കറ്റിന് തകർത്ത് കീവികൾ തങ്ങളുടെ ആധിപത്യം തുടർന്നു. എന്നാൽ ലോകകപ്പിന് പുറത്തുള്ള കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യക്കാണ് ആധിപത്യം. ആകെ കളിച്ച 30 അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളിൽ 18 എണ്ണത്തിലും ഇന്ത്യ വിജയിച്ചപ്പോൾ 11 എണ്ണത്തിൽ മാത്രമാണ് ന്യൂസിലൻഡിന് ജയിക്കാനായത്.
ഭീഷണിയായി അലനും മക്കോഞ്ചിയും
ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ടി20 ലോകകപ്പ് ഫൈനലിൽ കിവികളുടെ പ്രധാന 'എക്സ്-ഫാക്ടർ' ആയി മാറിയിരിക്കുകയാണ് ഓൾറൗണ്ടർ കോൾ മക്കോഞ്ചി. ടൂർണമെന്റിൽ പകരക്കാരനായി എത്തി സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർത്ത പ്രകടനം മക്കോഞ്ചിയെ വാർത്തകളിൽ നിറയ്ക്കുന്നു. പരിക്കേറ്റ മൈക്കൽ ബ്രേസ്‌വെല്ലിന് പകരക്കാരനായി ടീമിലെത്തിയ കോൾ മക്കോഞ്ചി, ന്യൂസീലൻഡിന്റെ ഫൈനൽ പ്രവേശനത്തിൽ നിർണായക പങ്കുവഹിച്ചു. സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ വമ്പൻമാരായ ക്വിന്റൺ ഡി കോക്കിനെയും റയാൻ റിക്കൽട്ടനെയും തന്റെ ആദ്യ ഓവറിൽ തന്നെ പുറത്താക്കിയ മക്കോഞ്ചി, ഒമ്പത് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്.
ടൂർണമെന്റിൽ ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് വിക്കറ്റും ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ നേടിയ 31 റൺസും താരത്തിന്റെ ഫോം തെളിയിക്കുന്നു. ഇന്ത്യൻ ബാറ്റിംഗ് നിരയിലെ ഇടങ്കയ്യൻമാരെ പൂട്ടാൻ മിച്ചൽ സാന്റ്നർ പ്രധാനമായും ആശ്രയിക്കുക മക്കോഞ്ചിയെ ആയിരിക്കും. അഭിഷേക് ശർമ, ഇഷാൻ കിഷൻ, തിലക് വർമ്മ, ശിവം ദുബെ എന്നിവർക്കെതിരെ മക്കോഞ്ചിയുടെ ഓഫ്-സ്പിൻ മികച്ച ആയുധമാകുമെന്ന് കരുതപ്പെടുന്നു.
അഹമ്മദാബാദിലെ പിച്ചിൽ ടേൺ കുറവാണെങ്കിലും, പന്തിന്റെ വേഗതയിലും ലെങ്തിലും മാറ്റം വരുത്തി ബാറ്റർമാരെ കുടുക്കാനുള്ള മക്കോഞ്ചിയുടെ തന്ത്രം ഇന്ത്യയ്ക്ക് വെല്ലുവിളിയായേക്കാം. മിച്ചൽ സാന്റ്നർ, രചിൻ രവീന്ദ്ര എന്നിവർക്കൊപ്പം മക്കോഞ്ചി കൂടി ചേരുന്നതോടെ ന്യൂസീലൻഡിന്റെ സ്പിൻ നിര കൂടുതൽ കരുത്തുള്ളതാകുന്നു. ടൂർണമെന്റിലുടനീളം കുറഞ്ഞ ഇക്കോണമിയിൽ പന്തെറിയുന്ന ഈ സഖ്യം മധ്യ ഓവറുകളിൽ റൺറേറ്റ് നിയന്ത്രിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്.
ന്യൂസീലൻഡ് ഓപ്പണർ ഫിൻ അലന്റെ തകർപ്പൻ ഫോം ഇന്ത്യൻ ബൗളർമാർക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെമിഫൈനലിൽ വെറും 33 പന്തിൽ നിന്ന് സെഞ്ച്വറി നേടിയാണ് ഫിൻ അലൻ ചരിത്രം കുറിച്ചത്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണിത്. ക്രിസ് ഗെയിലിന്റെ 47 പന്തിൽ നിന്നുള്ള സെഞ്ച്വറി റെക്കോർഡാണ് അലൻ പഴങ്കഥയാക്കിയത്. 10 സിക്സറുകളും 8 ഫോറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. ഈ ടൂർണമെന്റിൽ ഇതുവരെ 20 സിക്സറുകൾ താരം അടിച്ചുകൂട്ടിക്കഴിഞ്ഞു.
പവർപ്ലേയിൽ പരീക്ഷിക്കാൻ ഹെൻറി
ന്യൂസീലൻഡ് പേസ് നിരയുടെ കുന്തമുനയായ മാറ്റ് ഹെൻറി പവർപ്ലേ ഓവറുകളിൽ അതീവ അപകടകാരിയാണ്. പുതിയ പന്തിൽ സ്വിംഗ് കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് ഇന്ത്യൻ ഓപ്പണർമാരായ അഭിഷേക് ശർമയ്ക്കും സഞ്ജു സാംസണും കടുത്ത പരീക്ഷണമാകും. ഐസിസി നോക്കൗട്ട് മത്സരങ്ങളിൽ മുൻപും ഇന്ത്യൻ മുൻനിരയെ തകർത്ത ചരിത്രം ഹെൻറിക്കുണ്ട്. 2019 ഏകദിന ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയുടെ ടോപ്പ് ഓർഡറിനെ പിഴുതെറിഞ്ഞ പ്രകടനം ഇന്നും ക്രിക്കറ്റ് ലോകം മറന്നിട്ടില്ല.
തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് പോയ ഹെൻറി, സെമിഫൈനലിന് തൊട്ടുമുമ്പാണ് ടീമിനൊപ്പം ചേർന്നത്. യാത്രാക്ഷീണം വകവെക്കാതെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെമിയിൽ അവസാന ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി അദ്ദേഹം കരുത്ത് തെളിയിച്ചു. നിലവിൽ മികച്ച ഫോമിലുള്ള ഹെൻറി, കഴിഞ്ഞ ഒരു വർഷത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബൗളർമാരിൽ ഒരാളാണ് (ജസ്‌പ്രീത് ബുംറയേക്കാൾ കൂടുതൽ വിക്കറ്റുകൾ ഈ കാലയളവിൽ ഹെൻറി നേടിയിട്ടുണ്ട്).
അഹമ്മദാബാദിലെ ഫൈനൽ പിച്ച് പേസ് ബൗളർമാരെ തുണയ്ക്കുന്നതാണെന്ന റിപ്പോർട്ടുകൾ ഹെൻറിക്ക് അനുകൂലമാണ്. പിച്ചിലെ അധിക ബൗൺസ് മുതലെടുത്ത് ഇന്ത്യൻ ബാറ്റർമാരെ സമ്മർദ്ദത്തിലാക്കാൻ അദ്ദേഹത്തിന് സാധിക്കും. ആദ്യ ആറ് ഓവറുകളിൽ ഹെൻറിയെ ഇന്ത്യ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മത്സരത്തിന്റെ പകുതി വിധി.
ടോപ്പ് ഓർഡറിലെ തകർപ്പൻ ബാറ്റിംഗിനെ അപേക്ഷിച്ച് നോക്കുമ്പോൾ കിവികളുടെ മധ്യനിര അല്പം ദുർബലമാണെന്ന സൂചനകളുണ്ട്. മധ്യനിരയിൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കൂടുതൽ താരങ്ങൾ മുന്നോട്ട് വരേണ്ടതുണ്ട്. പ്രത്യേകിച്ച്, മത്സരത്തിന്റെ അവസാന ഓവറുകളിൽ അതിവേഗം റൺസ് അടിച്ചുകൂട്ടാൻ ശേഷിയുള്ള ഒരു 'ഫിനിഷറുടെ' അഭാവം ടീമിനെ അലട്ടുന്നുണ്ട്.
കരുത്തായി സഞ്ജുവും ബുംറയും
മലയാളി താരം സഞ്ജു സാംസണും പേസ് കരുത്ത് ജസ്പ്രീത് ബുംറയുമാണ് ഇന്ത്യൻ നിരയിൽ നാളെ ഏവരും ഉറ്റുനോക്കുന്ന താരങ്ങൾ. സെമിയിൽ ഇംഗ്ലണ്ടിനെ ഏഴ് റണ്ണിന് തകർത്തെത്തിയ ഇന്ത്യക്ക് ആത്മവിശ്വാസമേറെയാണ്. സെമി ഫൈനലിൽ വെറും 42 പന്തിൽ നിന്നും 89 റൺസ് അടിച്ചുകൂട്ടിയ സഞ്ജു, ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (16 എണ്ണം) നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. ഡെത്ത് ഓവറുകളിൽ റൺസ് വിട്ടുകൊടുക്കാതെ വിക്കറ്റുകൾ വീഴ്ത്തുന്ന ജസ്പ്രീത് ബുംറ എന്ന വജ്രായുധമാണ് ഇന്ത്യയുടെ പ്രധാന ആയുധം. സെമിയിൽ ഇംഗ്ലണ്ടിനെതിരെ സമ്മർദ്ദത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച താരം ഫൈനലിലും അവസരത്തിനൊത്ത് ഉയരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
അതേസമയം ദക്ഷിണാഫ്രിക്കയെ ഒൻപത് വിക്കറ്റിന് തകർത്ത് ഫൈനലിലെത്തിയ ന്യൂസീലൻഡ് കന്നി കിരീടമെന്ന ലക്ഷ്യത്തിലാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നാളെ രാത്രി ഏഴു മുതലാണ് ആവേശകരമായ ഫൈനൽ പോരാട്ടം അരങ്ങേറുന്നത്. മത്സരത്തിന് മുന്നോടിയായി ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചു വരെ ന്യൂസീലൻഡും, വൈകിട്ട് ആറു മുതൽ ഒൻപതു വരെ ഇന്ത്യൻ ടീമും പരിശീലനത്തിന് ഇറങ്ങും. ഈ ലോകകപ്പിൽ ഇതേ വേദിയായ അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റുവാങ്ങിയ ആ ഏക തോൽവി മാത്രമാണ് ടീം ഇന്ത്യയുടെ കുതിപ്പിലെ ഏക നിരാശ.
