'ഷാഫി പറമ്പിലിന്റേയും വി.കെ ശ്രീകണ്ഠന്റേയും പേര് പറഞ്ഞ് പ്രശോഭ് ഭീഷണിപ്പെടുത്തി; ഷാഫി പറമ്പിലിന് വീഡിയോ കോള്‍ ചെയ്തു; തന്നെ ഷാഫി കണ്ടു, താനും ഷാഫിയെ കണ്ടുവെന്നും അതിജീവിത; ജോലി വാഗ്ദാനം നല്‍കി ദളിത് യുവതിയെ കാറില്‍ വെച്ച് പീഡിപ്പിച്ച പ്രശോഭിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍; ഉന്നത നേതാക്കളുടെ പേരും പുറത്തുവന്നതോടെ കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തില്‍
പാലക്കാട്: നഗരസഭ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ പ്രശോഭ് സി. വത്സനെതിരായ ലൈംഗിക പീഡന പരാതിയില്‍ കൂടുതല്‍ ആരോപണവുമായി അതിജീവിത. ഷാഫി പറമ്പിലിന്റേയും വി.കെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് പ്രശോഭ് തന്നെ ഭീഷണിപ്പെടുത്തിയതായി അതിജീവിത പറഞ്ഞു. പ്രശോഭിന്റെ അച്ഛനാണ് ആദ്യം മോശമായി പെരുമാറിയത്. തന്റെ മുന്നില്‍ വച്ച് പ്രശോഭ്, ഷാഫി പറമ്പിലിന് വീഡിയോ കോള്‍ ചെയ്ത് കാണിച്ചു. തന്നെ ഷാഫി കണ്ടു, താനും ഷാഫിയെ കണ്ടുവെന്നും യുവതി. ജോലി വാഗ്ധാനം ചെയ്താണ് പീഡിപ്പിച്ചത്. കയ്യിലുള്ള തെളിവുകള്‍ പൊലീസിന് കൈമാറിയെന്നും അതിജീവിത പറഞ്ഞു.
തനിക്ക് അച്ഛനും അമ്മയുമില്ല, എന്തെങ്കിലും പറ്റിയാല്‍ പോലും ചോദിക്കാന്‍ ആരും വരില്ലല്ലോയെന്നും ഇപ്പോഴും പേടിയാണെന്നും അവര്‍ പറഞ്ഞു. പരാതി കൊടുത്തതിനുശേഷം ഫോണ്‍ ഓഫാക്കി, അതുകൊണ്ട് ആരും എന്നെ കോണ്‍ടാക്ട് ചെയ്തിട്ടില്ലെന്നും പരാതിക്കാരി പറയുന്നു. പരാതി നല്‍കിയ യുവതിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. പാലക്കാട് നഗരസഭ 24ാം വാര്‍ഡിലെ കൗണ്‍സിലറാണ് പ്രശോഭ്.ആരോപണം ഉയര്‍ന്നതിനു പിന്നാലെ പ്രശോഭ് സി. വത്സനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. കെ.പി.സി.സി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. ധാര്‍മികത ഉണ്ടെങ്കില്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പന്‍ ആവശ്യപ്പെട്ടു.
ജോലി വാഗ്ദാനം ചെയ്ത് താമസ സ്ഥലത്തെത്തി പീഡിപ്പിച്ചുവെന്ന് ദലിത് യുവതിയാണ് പീഡന പരാതി നല്‍കിയത്. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ച് കാറില്‍ വെച്ച് പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി കൊണ്ടുപോയി, കാറില്‍ വെച്ചും പീഡനത്തിനിരയാക്കി. പാലക്കാട് ജില്ല ആശുപത്രിക്ക് സമീപം വെച്ചും പീഡനമുണ്ടായി. ഇത് കൂടാതെ പാലക്കാട്ടെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാനും ശ്രമിച്ചു. ഈ സമയത്ത് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന് യുവതി പറയുന്നു. യുവതിയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന ദളിത് യുവതിയുടെ പരാതിയില്‍ പ്രശോഭ് സി. വത്സനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെങ്കിലും, ഉന്നത നേതാക്കളുടെ പേര് വെളിപ്പെടുത്തിയ അതിജീവിതയുടെ പുതിയ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് വലിയ പ്രതിരോധം സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍, ഉന്നത നേതാക്കളെ വിവാദത്തിലേക്ക് വലിച്ചിഴച്ച അതിജീവിതയുടെ മൊഴിയില്‍ പോലീസ് എന്ത് നടപടി സ്വീകരിക്കുമെന്നതാണ് നിര്‍ണ്ണായകം. കേസിനാസ്പദമായ ഡിജിറ്റല്‍ തെളിവുകള്‍ അതിജീവിത പോലീസിന് കൈമാറിയിട്ടുണ്ട്. യുവതിയുടെ വിശദമായ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.
