'തെറ്റുപറ്റി, ഇനി ആക്രമിക്കില്ല!' അയല്‍രാജ്യങ്ങളെ ഞെട്ടിച്ച് ഇറാന്റെ ക്ഷമാപണം! ഗള്‍ഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ച് മസൂദ് പെസഷ്‌കിയാന്‍; ആക്രമിച്ചത് പ്രതിരോധമെന്നും വിശദീകരണം; യുഎസ് നാവിക വ്യൂഹം കരിങ്കടലില്‍ കൂട്ടമായി എത്തിയതോടെ നിര്‍ണായക നീക്കം; ഗള്‍ഫ് സഖ്യം ഇസ്രായേലിനൊപ്പം ചേരാതിരിക്കാനുള്ള ഇറാന്റെ നയതന്ത്ര നീക്കമോ? കീഴടങ്ങാന്‍ ആവശ്യപ്പെട്ടവരുടെ മോഹം ശ്മശാനത്തിലേക്കെന്നും ഇറാന്‍ പ്രസിഡന്റ്
ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. അയല്‍ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന്റെ നിര്‍ണായക പ്രഖ്യാപനം. ഇറാന്‍ ഇടക്കാല നേതൃകൗണ്‍സിലാണ് തീരുമാനം അറിയിച്ചത്. ഗല്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ നടത്തിവന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും അയല്‍രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ അറിയിച്ചു. യുദ്ധം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് അയല്‍രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട് ഇറാന്റെ പുതിയ നയപ്രഖ്യാപനം വന്നിരിക്കുന്നത്. ശനിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴാണ് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ഇറാന്റെ 'സമാധാന സന്ദേശം' കൈമാറിയത്.
അയല്‍രാജ്യങ്ങളില്‍ നിന്ന് ഇറാനെ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ ഉണ്ടാവരുതെന്നും പെസഷ്‌കിയാന്‍ വ്യക്തമാക്കി. ഇത്തരത്തില്‍ അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇറാനെ ആക്രമിച്ചാല്‍ അതിന് തിരിച്ചടിയുണ്ടാവുമെന്ന സൂചനയും പെസഷ്‌കിയാന്‍ നല്‍കി. അയല്‍രാജ്യങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാന്‍ പ്രസിഡന്റ് ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്. കൊളോണിയല്‍ ധാര്‍ഷ്ട്യത്തിന് മുന്നില്‍ കീഴടങ്ങില്ലെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. ഭിന്നതകള്‍ മാറ്റിവെച്ച് അവസാനശ്വാസം വരെ ഇറാനികള്‍ സ്വന്തം രാജ്യത്തിന് വേണ്ടി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് പെസഷ്‌കിയാന്റെ പരാമര്‍ശം.
ശനിയാഴ്ച ടെലിവിഷന്‍ പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത സമയത്താണ് മസൂദ് പെഷസ്‌കിയാന്‍ ഇറാന് മറ്റ് രാജ്യങ്ങളിലേക്ക് അധിനിവേശത്തിനുള്ള പദ്ധതികളില്ലെന്ന് വ്യക്തമാക്കിയത്. ഇറാനെ സമീപ രാജ്യങ്ങള്‍ നേരിട്ട് ആക്രമിക്കാത്ത പക്ഷം സമീപ രാജ്യങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാവില്ലെന്നാണ് ഇറാന്റെ താല്‍ക്കാലിക നേതൃത്വ കൌണ്‍സില്‍ തീരുമാനമെന്നാണ് മസൂദ് പെഷസ്‌കിയാന്‍ വിശദമാക്കിയത്. സമീപകാലത്ത് ഇറാന്റെ ആക്രമണത്തിന് ഇരയായ രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും മസൂദ് പെഷസ്‌കിയാന്‍ ടെലിവിഷന്‍ പ്രസ്താവനയില്‍ വിശദമാക്കി.
ഇസ്രയേല്‍, യുഎസ് ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാന്‍ നിരന്തര ആക്രമണം നടത്തിയതിന് പിന്നാലെയാണ് ക്ഷമാപണം. ഇറാന്‍ ആക്രമണം നടത്തിയത് പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രത്യാക്രമണം ആയിരുന്നുവെന്നും മസൂദ് പെഷസ്‌കിയാന്‍ വിശദമാക്കി. നിരുപാധികം കീഴടങ്ങണമെന്ന ഇറാന്റെ ആവശ്യം മസൂദ് പെഷസ്‌കിയാന്‍ വീണ്ടും തള്ളി. മറ്റ് രാജ്യങ്ങളെ ആക്രമിക്കാന്‍ ടെഹ്റാനു ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അയല്‍രാജ്യങ്ങള്‍ക്കെതിരെ ഇനി ആക്രമണങ്ങള്‍ ഉണ്ടാവില്ലെന്നും, ആ രാജ്യങ്ങളില്‍ നിന്ന് ഇറാന് നേരെ ആക്രമണം ഉണ്ടാകാത്ത പക്ഷം മിസൈല്‍ വിക്ഷേപണങ്ങള്‍ നടത്തില്ലെന്നും താല്‍ക്കാലിക നേതൃത്വ സമിതി അറിയിച്ചതായും മസൂദ് പെഷസ്‌കിയാന്‍ പറഞ്ഞു.
അടുത്തിടെ നടന്ന ആക്രമണങ്ങളില്‍ ബാധിക്കപ്പെട്ട പ്രാദേശിക സര്‍ക്കാരുകളോടും മസൂദ് പെഷസ്‌കിയാന്‍ ക്ഷമാപണം നടത്തി. ഞങ്ങള്‍ നിരുപാധികം കീഴടങ്ങുമെന്ന അവരുടെ സ്വപ്നങ്ങള്‍ അവര്‍ക്ക് ശ്മശാനത്തിലേക്ക് കൊണ്ടുപോകാമെന്നും മസൂദ് പെഷസ്‌കിയാന്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്നതോടൊപ്പം തന്നെ അയല്‍രാജ്യങ്ങള്‍ക്ക് ഉറപ്പ് നല്‍കാനുമുള്ള ടെഹ്റാനിന്റെ ശ്രമമായാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.
ഇറാന്റെ ഈ പ്രസ്താവനയ്ക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്. സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രായേല്‍-യുഎസ് സഖ്യത്തിനൊപ്പം ചേരുന്നത് തടയാനാണ് ഈ ക്ഷമാപണം. യുഎസ്എസ് ജെറാള്‍ഡ് ഫോര്‍ഡ് ഉള്‍പ്പെടെയുള്ള യുഎസ് നാവിക വ്യൂഹം കരിങ്കടലില്‍ എത്തിയ സാഹചര്യത്തില്‍, യുദ്ധത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ ഇറാന്‍ ശ്രമിക്കുന്നുവെന്നാണ് വിലയിരുത്തല്‍.
ദുബായ് വിമാനത്താവളം തുറന്നു
താല്‍ക്കാലികമായി പ്രവര്‍ത്തിനങ്ങള്‍ നിര്‍ത്തിവെച്ചതിന് ശേഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം തുറന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിക്കും. എമിറേറ്റ്‌സ് സര്‍വീസുകളും പുനരാരംഭിക്കും. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്നുള്ള ചില വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചുകൊണ്ട് തങ്ങള്‍ ഭാഗികമായി പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നതായി എയര്‍പോര്‍ട്ട് എക്‌സ് അക്കൗണ്ടില്‍ അറിയിച്ചു.
താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സും അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള വിമാനങ്ങളില്‍ ടിക്കറ്റ് കണ്‍ഫേം ആയ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെടാവുന്നതാണെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു. ദുബായ് വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് അവരുടെ തുടര്‍ന്നുള്ള വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ടെങ്കില്‍ യാത്ര തുടരാം. നിലവിലെ സാഹചര്യങ്ങള്‍ എമിറേറ്റ്സ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അതനുസരിച്ച് വരും ദിവസങ്ങളിലെ വിമാന ഷെഡ്യൂളുകളില്‍ മാറ്റം വരുത്തും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് കമ്പനി പ്രഥമ പരിഗണന നല്‍കുന്നതെന്നും എയര്‍ലൈന്‍ അറിയിപ്പില്‍ വ്യക്തമാക്കി.
യുഎഇയില്‍ രാവിലെ വീണ്ടും അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനം നിലവില്‍ ഒരു മിസൈല്‍ ആക്രമണ ഭീഷണി പ്രതിരോധിക്കുകയാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ സുരക്ഷിതമായ സ്ഥാനങ്ങളില്‍ തുടരണമെന്നും ഔദ്യോഗിക ചാനലുകള്‍ വഴിയുള്ള മുന്നറിയിപ്പുകളും അപ്‌ഡേറ്റുകളും പിന്തുടരണമെന്നും അധികൃതര്‍ അറിയിച്ചു.
യുഎഇയിലെ പ്രവാസികള്‍ക്കായി ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. യുഎഇയില്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് എംബസിയുടെ ജാഗ്രത നിര്‍ദേശം. പ്രവാസികളും സന്ദര്‍ശകരും അതീവ ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നുമാണ് എംബസി അറിയിക്കുന്നത്. സമാധാനം പാലിക്കണമെന്നും യുഎഇ അധികൃതരുടെ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്നും എംബസിയുടെ മുന്നറിയിപ്പിലുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് യുഎഇയിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും അതീവ ജാഗ്രത പാലിക്കണം. ഔദ്യോഗിക അറിയിപ്പുകള്‍ കൃത്യമായി ശ്രദ്ധിക്കണം.
