ഇറാനിലെ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാനും ഭരണകൂടത്തെ അട്ടിമറിക്കാനുമാണോ നീക്കമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രതിരോധ വകുപ്പ് തയ്യാറായില്ല; ഇറാന്‍ നയം മാറ്റുന്നുവോ? രഹസ്യവിവരങ്ങള്‍ തേടിയിറങ്ങിയ യുഎസ് ഭരണകക്ഷി എംപിമാര്‍ യോഗം ബഹിഷ്‌കരിച്ചു

Update: 2026-03-27 09:58 GMT

വാഷിംഗ്ടണ്‍: ഇറാന് മേലുള്ള സൈനിക നടപടികളില്‍ അമേരിക്കന്‍ ഭരണകൂടം ലക്ഷ്യങ്ങള്‍ മാറ്റുകയാണെന്ന ആശങ്കയെത്തുടര്‍ന്ന് ജനപ്രതിനിധി സഭയിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ രഹസ്യ യോഗം ബഹിഷ്‌കരിച്ചു. ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ ഇറാന്‍ നയങ്ങളില്‍ അവ്യക്തതയുണ്ടെന്നും കൃത്യമായ മറുപടികള്‍ ലഭിക്കുന്നില്ലെന്നും ആരോപിച്ചാണ് ജനപ്രതിനിധികള്‍ ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റി ബ്രീഫിംഗില്‍ നിന്ന് ഇറങ്ങിപ്പോയത്. ഇതോടെ വൈറ്റ് ഹൗസും ഭരണകക്ഷിയിലെ ഒരു വിഭാഗം നേതാക്കളും തമ്മിലുള്ള ഭിന്നത രൂക്ഷമായി.

ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കുക എന്നതായിരുന്നു സൈനിക നടപടിയുടെ പ്രധാന ലക്ഷ്യമായി പെന്റഗണും വൈറ്റ് ഹൗസും ഇതുവരെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആണവായുധ നിര്‍മ്മാണ കേന്ദ്രങ്ങള്‍ സൈനിക ലക്ഷ്യമല്ലെന്ന തരത്തിലുള്ള പുതിയ വെളിപ്പെടുത്തലുകള്‍ രഹസ്യയോഗത്തില്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കന്‍ ജനതയോട് പറയുന്ന കാര്യങ്ങളല്ല ജനപ്രതിനിധികള്‍ക്ക് നല്‍കുന്ന റിപ്പോര്‍ട്ടിലുള്ളതെന്ന് കോണ്‍ഗ്രസ് അംഗം നാന്‍സി മേസ് കുറ്റപ്പെടുത്തി. ഇറാനിലെ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാനും ഭരണകൂടത്തെ അട്ടിമറിക്കാനുമാണോ നീക്കമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രതിരോധ വകുപ്പ് തയ്യാറായിട്ടില്ല.

ഏഴായിരത്തോളം അമേരിക്കന്‍ സൈനികര്‍ നിലവില്‍ പശ്ചിമേഷ്യയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഇറാനിലെ ഊര്‍ജ്ജ നിലയങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണി ട്രംപ് ഏപ്രില്‍ 6 വരെ നീട്ടിയിട്ടുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും യുഎസുമായി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് ഇറാന്‍. ഇറാനിലെ മിസൈല്‍ ശേഖരം ഇല്ലാതാക്കുന്നതിനൊപ്പം അവിടുത്തെ ഭരണകൂടത്തെ ജനകീയ പ്രക്ഷോഭത്തിലൂടെ താഴെയിറക്കുക എന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലക്ഷ്യങ്ങളിലേക്ക് അമേരിക്കന്‍ നീക്കങ്ങള്‍ മാറുന്നുണ്ടോ എന്ന സംശയവും എംപിമാര്‍ക്കിടയിലുണ്ട്. 200 ബില്യണ്‍ ഡോളറിന്റെ അധിക സൈനിക സഹായം സര്‍ക്കാര്‍ ആവശ്യപ്പെടാനിരിക്കെയാണ് ഈ രാഷ്ട്രീയ പ്രതിസന്ധി.

Similar News