10 എണ്ണ ടാങ്കറുകള്‍ ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ഇറാന്‍ അനുവദിച്ചതില്‍ ട്രംപും ഹാപ്പി! 10 ദിവസത്തേക്ക് ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപ്; ഇറാനുമായി ചര്‍ച്ചകള്‍ വളരെ നന്നായി നടക്കുന്നതായും അമേരിക്കന്‍ പ്രസിഡന്റ്; കരയാക്രമണം ഉണ്ടായാല്‍, തിരിച്ചടിക്കാനായി അപ്രതീക്ഷിത യുദ്ധമുഖങ്ങള്‍ തുറക്കുമെന്ന നിലപാടില്‍ ഇറാനും
10 ദിവസത്തേക്ക് ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപ്; ഇറാനുമായി ചര്‍ച്ചകള്‍ വളരെ നന്നായി നടക്കുന്നതായും അമേരിക്കന്‍ പ്രസിഡന്റ്;
വാഷിങ്ടന്‍: ഇറാന്‍ ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന പ്രകാരം ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ക്കെതിരായ ആക്രമണം 10 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ടെഹ്റാനുമായുള്ള ചര്‍ച്ചകള്‍ വളരെ നന്നായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഇറാന്‍ ഗവണ്‍മെന്റ് അഭ്യര്‍ത്ഥന പ്രകാരം 2026 ഏപ്രില്‍ 6 വരെ ഊര്‍ജ്ജ പ്ലാന്റ് നശിപ്പിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തുന്നു. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്, വ്യാജ വാര്‍ത്താ മാധ്യമങ്ങളും മറ്റുള്ളവരും തെറ്റായ പ്രസ്താവനകള്‍ നടത്തിയിട്ടും അവ വളരെ നന്നായി നടക്കുന്നു' ട്രൂത്ത് സോഷ്യല്‍ എന്ന എക്‌സ് അക്കൗണ്ടില്‍ അദ്ദേഹം പങ്കുവെച്ചു.
അതേസമയം തങ്ങള്‍ക്ക് മേല്‍ കരയാക്രമണം നടത്തിയില്‍ കര്‍ശനമായി തിരിച്ചടിക്കുമെന്ന നിലപാടിലായിരുന്നു ഇറാന്‍. പേര്‍ഷ്യന്‍ ഭൂപ്രദേശത്ത് അമേരിക്ക കരയാക്രമണം നടത്തിയാല്‍, സൂയസ് കനാല്‍ വഴിയുള്ള ഏഷ്യ- യൂറോപ്പ് ചരക്ക് നീക്കത്തിന്റെ പ്രധാന കവാടമായ ബാബ് അല്‍- മന്ദബ് കടലിടുക്കിലേക്ക് സൈനിക നീക്കം നടത്തുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ ദ്വീപുകളിലോ മറ്റ് പ്രദേശങ്ങളിലോ ഏതെങ്കിലും തരത്തിലുള്ള കരയാക്രമണം ഉണ്ടായാല്‍, തിരിച്ചടിക്കാനായി അപ്രതീക്ഷിത യുദ്ധമുഖങ്ങള്‍ തുറക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
സംഘര്‍ഷം തുടരുന്നതിനിടെ ഇറാനില്‍ നിന്ന് വമ്പന്‍ സമ്മാനം ലഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച പറഞ്ഞിരുന്നു. നിലവിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളില്‍ തങ്ങള്‍ ഗൗരവമായി പങ്കെടുക്കുന്നതായി കാണിക്കാന്‍ ഇറാന്‍ 10 എണ്ണ ടാങ്കറുകള്‍ ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ അനുവദിച്ചത് ഒരു സമ്മാനമായാണെന്ന് ട്രംപ് വ്യാഴാഴ്ച പറഞ്ഞു. പത്ത് എണ്ണ ടാങ്കറുകള്‍ കടന്നുപോകാന്‍ അനുവദിച്ചതിന് പിന്നാലെയാണ് പത്ത് ദിവസത്തേക്ക് വെടിനിര്‍ത്തല്‍ നീട്ടിയതും.
ആഴ്ചയുടെ തുടക്കത്തില്‍ എട്ട് വലിയ എണ്ണ ടാങ്കറുകള്‍ ഈ സുപ്രധാന ജലപാതയിലൂടെ കടന്നുപോകാന്‍ അനുവദിച്ചതായും പിന്നീട് രണ്ട് കപ്പലുകള്‍ കൂടി വന്നതായും അദ്ദേഹം സൂചിപ്പിച്ചു. വൈറ്റ് ഹൗസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സംസാരിക്കവേ, പരസ്യമായി സംഘര്‍ഷം നിലനില്‍ക്കുമ്പോഴും ഇരുപക്ഷങ്ങള്‍ക്കിടയില്‍ നിശ്ശബ്ദമായ ഇടപെടല്‍ ഉണ്ടായേക്കാം എന്നും ട്രംപ് സൂചിപ്പിച്ചു.
ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ടതാണ് സമ്മാനമെന്നും ആണവവിഷയമല്ല ഇത്, മറിച്ച് എണ്ണ, പ്രകൃതിവാതകം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് സമ്മാനമെന്നും ട്രംപ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. വലിയ സാമ്പത്തിക മൂല്യം ഈ സമ്മാനത്തിനുണ്ടെന്ന് പറഞ്ഞ ട്രംപ് എന്താണ് സമ്മാനം എന്ന് വ്യക്തമാക്കിയിരുന്നില്ല.
'കഴിഞ്ഞ ദിവസം അവര്‍ ആശ്ചര്യകരമായൊരു കാര്യം ചെയ്തു, ശരിക്കും അതൊരു സമ്മാനമായിരുന്നു. ഇന്നാണ് അത് ലഭിച്ചത്. അമൂല്യവും വിലപിടിപ്പുള്ളതുമായ ഒരു വലിയ സമ്മാനമായിരുന്നു അത്. എന്താണ് അത് എന്ന് ഇപ്പോള്‍ ഞാന്‍ വെളിപ്പെടുത്തുന്നില്ല, അതൊരു വിലപ്പെട്ട സമ്മാനം തന്നെയാണ്''- വൈറ്റ് ഹൗസില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. ശരിയായ ആളുകളുമായിട്ടാണ് ഇപ്പോള്‍ ഇടപെടുന്നതെന്ന് സമ്മാനം ലഭിച്ചതോടെ വ്യക്തമായെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍നിന്ന് ടോള്‍ പിരിക്കാനുള്ള നിയമനിര്‍മാണത്തിന് ഇറാന്‍ പാര്‍ലമെന്റ് തുടക്കമിട്ടു. മേഖലയുടെ സുരക്ഷ തങ്ങള്‍ ഉറപ്പാക്കുന്നതിനാല്‍ ടോള്‍ ഈടാക്കുന്നത് സ്വാഭാവികമാണെന്നാണ് ഇറാന്റെ നിലപാട്. യുദ്ധം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ വഴി അമേരിക്ക മുന്നോട്ടുവച്ച 15 ഇന നിര്‍ദേശങ്ങള്‍ തള്ളിയ ഇറാന്‍ പകരം അഞ്ചു നിബന്ധന മുന്നോട്ടുവച്ചതായി റിപ്പോര്‍ട്ടുണ്ട്.
ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പാകിസ്ഥാനിലേക്ക് പോയേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍ ഇറാനെതിരെയുള്ള ആക്രമണം ശക്തമായി തുടരുമെന്നും ഇറാന്റെ നാവിക ആസ്തികള്‍ പൂര്‍ണ്ണമായും തകര്‍ക്കുമെന്നുമാണ് ഇസ്രയേലിന്റെ ഭീഷണി.
അതേസമയം ഇസ്രയേല്‍-യു.എസ്. സഖ്യം ഫെബ്രുവരി 28-നു തുടക്കമിട്ട ആക്രമണത്തിനുള്ള തിരിച്ചടിയായി അടച്ച ഹോര്‍മുസ് കടലിടുക്കില്‍ക്കൂടി ഇന്ത്യ, പാക്കിസ്താന്‍, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് യാത്രാനുമതി നല്‍കിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യാഴാഴ്ച പറഞ്ഞു. ഇറാന്‍ കോണ്‍സുലേറ്റ് ജനറലാണ് അരാഗ്ചിയുടെ പ്രസ്താവന പ്രസിദ്ധീകരിച്ചത്.
കടലിടുക്ക് അടച്ചതുവഴി ആഗോളതലത്തില്‍ ഊര്‍ജപ്രതിസന്ധി ഉടലെടുത്തിരിക്കേയാണ് ഇതുവഴി കടന്നുപോകാന്‍ അനുമതി നല്‍കിയ സുഹൃദ്രാജ്യങ്ങളുടെ പേര് ഇറാന്‍ പറയുന്നത്. ഇറാനുനേരേയുള്ള ആക്രമണത്തെ അനുകൂലിക്കാത്തവയും ഇറാന്‍ മുന്നോട്ടുവെച്ചിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായി അനുസരിക്കുന്നവയുമായ കപ്പലുകള്‍ക്ക് ഹോര്‍മുസ്വഴി സുരക്ഷിതമായി കടന്നുപോകാമെന്ന് കഴിഞ്ഞദിവസം അവര്‍ വ്യക്തമാക്കിയിരുന്നു.
ഹോര്‍മുസ് വഴി പോകാന്‍ശ്രമിക്കുന്ന ശത്രുരാജ്യങ്ങളുടെ കപ്പലുകളെ മാത്രമേ ആക്രമിക്കൂ എന്ന് ഇറാന്‍ മുന്‍പ് പലതവണ പറഞ്ഞിട്ടുണ്ട്. എങ്കിലും ആക്രമണഭീഷണി ഭയന്ന് കപ്പല്‍ക്കമ്പനികള്‍ ഈ വഴി ഒഴിവാക്കുകയാണ്. അതിനിടെ, ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍കമ്പനിയായ കോസ്‌കോ ഏഷ്യയില്‍നിന്ന് ഗള്‍ഫ് വിപണികളിലേക്കുള്ള ചരക്ക് ബുക്കിങ് എടുത്തുതുടങ്ങി. ഹോര്‍മുസ് കടലിടുക്കുവഴി പോകുന്ന കപ്പലുകള്‍ക്ക് സുരക്ഷനല്‍കുന്നതിനു പകരമായി നിശ്ചിത തുകയീടാക്കാനുള്ള കരടുബില്‍ തയ്യാറാക്കുകയാണ് ഇറാന്‍ പാര്‍ലമെന്റ് എന്നാണ് റിപ്പോര്‍ട്ട്. ബില്ലിന്റെ കാര്യത്തില്‍ അടുത്തയാഴ്ച അന്തിമതീരുമാനമുണ്ടാകും എന്ന് ഇറാനിലെ 'ഫാര്‍സ്' വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
