ട്രംപിനെ അദ്ഭുതപ്പെടുത്തി ഇറാന്റെ 'രഹസ്യ സമ്മാനം'! ഹോര്‍മുസ് കടലിടുക്ക് വഴി പത്ത് കൂറ്റന്‍ എണ്ണക്കപ്പലുകള്‍ കടത്തി വിട്ടു; പാക് പതാകയേന്തി കപ്പലുകള്‍ നീങ്ങുന്നു; സമ്മാനം വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ്; പശ്ചിമേഷ്യയില്‍ ഉടനീളം ഇതുവരെ ഇറാന്‍ ആക്രമണത്തില്‍ 13 അമേരിക്കന്‍ സൈനിക താവളങ്ങള്‍ തകര്‍ന്നു; സൈനികര്‍ ഹോട്ടലിലേക്ക് മാറിയെന്നും റിപ്പോര്‍ട്ട്
ട്രംപിനെ അദ്ഭുതപ്പെടുത്തി ഇറാന്റെ 'രഹസ്യ സമ്മാനം'!
വാഷിങ്ടണ്‍: ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരുന്ന ആ 'രഹസ്യ സമ്മാനം' ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെളിപ്പെടുത്തി. ഇറാനുമായി നടന്നു വരുന്ന സമാധാന ചര്‍ച്ചകളുടെ ഭാഗമായി, സുമനസ്സ് പ്രകടിപ്പിക്കാന്‍ പത്ത് കൂറ്റന്‍ എണ്ണക്കപ്പലുകളെ ഹോര്‍മുസ് കടലിടുക്ക് വഴി സുരക്ഷിതമായി കടന്നുപോകാന്‍ ഇറാന്‍ അനുവദിച്ചതാണ് ആ അദ്ഭുത സമ്മാനം.
വൈറ്റ് ഹൗസില്‍ നടന്ന നിര്‍ണ്ണായകമായ കാബിനറ്റ് യോഗത്തിനിടെയാണ് ട്രംപ് ഈ വിവരങ്ങള്‍ ലോകത്തോട് പങ്കുവെച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ തനിക്ക് ഒരു വലിയ സമ്മാനം ലഭിക്കുമെന്ന് ട്രംപ് സൂചിപ്പിച്ചത് വലിയ ചര്‍ച്ചയായിരുന്നു.
വാക്ക് പാലിച്ച് ഇറാന്‍
'ഞങ്ങള്‍ പറയുന്നത് വെറും വാക്കല്ല, അത് പ്രാവര്‍ത്തികമാക്കും എന്ന് തെളിയിക്കാനായി എട്ട് വലിയ എണ്ണക്കപ്പലുകള്‍ കടത്തിവിടാമെന്ന് അവര്‍ (ഇറാന്‍) അറിയിച്ചു. അത് സത്യമാണെന്ന് ഇപ്പോള്‍ എനിക്ക് ബോധ്യപ്പെട്ടു. പാകിസ്ഥാന്‍ പതാക വഹിച്ചുകൊണ്ടുള്ള കപ്പലുകളായിരുന്നു അവ,' ട്രംപ് പറഞ്ഞു.
ആദ്യഘട്ടത്തില്‍ എട്ട് കപ്പലുകളാണ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഇത് പത്തായി ഉയര്‍ത്തുകയായിരുന്നു. നേരത്തെ ചില കാര്യങ്ങളില്‍ ഇറാന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ചില പരാമര്‍ശങ്ങളില്‍ അവര്‍ ഖേദം പ്രകടിപ്പിക്കുകയും, അതിന് പകരമായി രണ്ട് കപ്പലുകള്‍ കൂടി അധികമായി വിട്ടുനല്‍കുകയുമായിരുന്നു എന്ന് ട്രംപ് വ്യക്തമാക്കി. വാഷിംഗ്ടണും ടെഹ്റാനും തമ്മില്‍ പുറംലോകം അറിയാത്ത സജീവമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഈ നീക്കമെന്നും ട്രംപ് അവകാശപ്പെട്ടു.
'തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ കപ്പലുകള്‍ നീങ്ങിത്തുടങ്ങിയെന്നും, വാര്‍ത്തകളിലൂടെയാണ് താന്‍ ഇത് പൂര്‍ണ്ണമായി മനസ്സിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 'ഞാന്‍ വാര്‍ത്തകള്‍ ശ്രദ്ധിച്ചപ്പോള്‍ അതില്‍ അസാധാരണമായ എന്തോ സംഭവിക്കുന്നതായി കണ്ടു. ഹോര്‍മുസ് കടലിടുക്കിന്റെ കൃത്യം നടുവിലൂടെ എട്ട് കപ്പലുകള്‍ പോകുന്നുണ്ടായിരുന്നു. എണ്ണ നിറച്ച എട്ട് കൂറ്റന്‍ ടാങ്കറുകള്‍! അപ്പോള്‍ എനിക്ക് മനസ്സിലായി അവര്‍ പറഞ്ഞത് ശരിയാണെന്ന്,' ട്രംപ് പറഞ്ഞു.
എന്നാല്‍, പിന്നീട് ഇറാന്റെ ഭാഗത്തുനിന്നുണ്ടായ തിരുത്തലിലൂടെ കപ്പലുകളുടെ എണ്ണം വര്‍ദ്ധിച്ചതായും ട്രംപ് വിവരിച്ചു. 'നേരത്തെ പറഞ്ഞ ചില കാര്യങ്ങളില്‍ അവര്‍ ഖേദം പ്രകടിപ്പിക്കുകയും രണ്ട് കപ്പലുകള്‍ കൂടി വിടാമെന്ന് അറിയിക്കുകയും ചെയ്തു. അങ്ങനെ ആകെ കപ്പലുകളുടെ എണ്ണം പത്തായി,' അദ്ദേഹം വ്യക്തമാക്കി.
പാക് പതാക വഹിച്ച കപ്പലുകള്‍
ഈ നീക്കങ്ങളില്‍ പാകിസ്ഥാന്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും ട്രംപ് പരാമര്‍ശിച്ചു. കപ്പലുകള്‍ 'പാകിസ്ഥാന്‍ പതാക' വഹിച്ചുകൊണ്ടുള്ളവയാണെന്ന് നിരീക്ഷിച്ച അദ്ദേഹം, നയതന്ത്രത്തില്‍ മാത്രമല്ല, ഈ ചരക്കുനീക്കവുമായി ബന്ധപ്പെട്ട ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ഇസ്ലാമാബാദിനുള്ള നിര്‍ണ്ണായക പങ്കിലേക്ക് വിരല്‍ചൂണ്ടി.
താന്‍ 'ശരിയായ ആളുകളുമായി' തന്നെയാണ് ചര്‍ച്ചകള്‍ നടത്തുന്നതെന്നതിന്റെ തെളിവാണ് ഈ സംഭവമെന്ന് പ്രസിഡന്റ് വിശേഷിപ്പിച്ചു. അണിയറയില്‍ നടക്കുന്ന വിപുലമായ ചര്‍ച്ചകളുടെ ഭാഗമാണ് ഈ എണ്ണക്കപ്പല്‍ നീക്കമെന്ന സൂചനയും അദ്ദേഹം നല്‍കി.
അമേരിക്കയുമായും ഇസ്രയേലുമായും ബന്ധമുണ്ടെന്ന് കരുതുന്ന കപ്പലുകളെ ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്നതില്‍ നിന്ന് ഇറാന്‍ തടയുന്നുണ്ടെങ്കിലും, മറ്റ് ചില കപ്പലുകളെ ഈ തന്ത്രപ്രധാന പാതയിലൂടെ പോകാന്‍ അവര്‍ അനുവദിക്കുന്നുണ്ട്. ഗള്‍ഫ് അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസി (ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സില്‍) സെക്രട്ടറി ജനറല്‍ ജാസെം മുഹമ്മദ് അല്‍-ബുദൈവി വ്യക്തമാക്കുന്നത്, സുരക്ഷിതമായി കടന്നുപോകുന്നതിന് ഇറാന്‍ കപ്പലുകളില്‍ നിന്ന് പണം ഈടാക്കുന്നുണ്ടെന്നാണ്.
കടലിടുക്ക് കടക്കുന്നതിന് ഇറാന്‍ പണം വാങ്ങുന്നതിനെക്കുറിച്ച് ട്രംപ് പ്രതികരിച്ചത് ഇങ്ങനെയാണ്: 'അവര്‍ അങ്ങനെ ചെയ്യാന്‍ പാടുള്ളതല്ല, പക്ഷേ ഇപ്പോള്‍ അവര്‍ ചെറിയ രീതിയില്‍ അത് ചെയ്യുന്നുണ്ട്.' യുദ്ധസാഹചര്യത്തില്‍ എണ്ണവില വലിയ തോതില്‍ ഉയരുമെന്നും ഓഹരി വിപണി കുത്തനെ ഇടിയുമെന്നും ട്രംപ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, 'താന്‍ കരുതിയ അത്ര വലിയ ആഘാതം ഇതുവരെ ഉണ്ടായിട്ടില്ല' എന്നും അദ്ദേഹം പറഞ്ഞു.
ഇറാന്‍ ആക്രമണത്തില്‍ 13 അമേരിക്കന്‍ സൈനിക താവളങ്ങള്‍ തകര്‍ന്നു
മധ്യപൂര്‍വേഷ്യയിലുടനീളം ഇറാന്‍ നടത്തിയ ശക്തമായ ആക്രമണങ്ങളില്‍ കുറഞ്ഞത് 13 അമേരിക്കന്‍ സൈനിക താവളങ്ങളെങ്കിലും വാസയോഗ്യമല്ലാതായതായി റിപ്പോര്‍ട്ട്. ഇതോടെ സുരക്ഷിതമെന്ന് കരുതിയ സൈനിക കേന്ദ്രങ്ങള്‍ ഉപേക്ഷിക്കാന്‍ അമേരിക്കന്‍ സൈന്യം നിര്‍ബന്ധിതരായതായി 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. കോട്ടകള്‍ പോലുള്ള സൈനിക താവളങ്ങളില്‍ നിന്ന് ഹോട്ടലുകളിലേക്കും ഓഫീസ് കെട്ടിടങ്ങളിലേക്കുമാണ് നിലവില്‍ സൈനികരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.
ഇതോടെ യുദ്ധഭൂമി ചിതറിപ്പോയ അവസ്ഥയിലാണെന്നും ഇതിനെ ഒരു 'റിമോട്ട് വാര്‍' (അകലെ നിന്നുള്ള യുദ്ധം) എന്നാണ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ ഉദ്യോഗസ്ഥരെയും സൈനികരെയും ഉദ്ധരിച്ചാണ് ന്യൂയോര്‍ക്ക് ടൈംസ് ഈ വിവരം പുറത്തുവിട്ടത്.
