ഇറാനില്‍ കുടുങ്ങിയത് വിദ്യാര്‍ഥികളടക്കം 9,000 ഇന്ത്യക്കാര്‍; വ്യോമപാത അടച്ചതോടെ കരമാര്‍ഗം രക്ഷാദൗത്യം; അര്‍മേനിയ, തുര്‍ക്ക്‌മെനിസ്ഥാന്‍ അതിര്‍ത്തികള്‍ വഴി ഒഴിപ്പിക്കാന്‍ ശ്രമം; ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങി; നിര്‍ദേശവുമായി ടെഹ്റാനിലെ ഇന്ത്യന്‍ എംബസി

Update: 2026-03-07 06:16 GMT

ടെഹ്‌റാന്‍: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ മേഖലയില്‍ യുദ്ധം ആളിപ്പടരുകയാണ്. വ്യോമപാതകള്‍ അടഞ്ഞതോടെ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരെ അയല്‍രാജ്യങ്ങള്‍ വഴി നാട്ടിലെത്തിക്കാനുള്ള വന്‍ നീക്കത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇറാനില്‍ കുടുങ്ങിയ 9,000 ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. ടെഹ്റാന്‍, ഖോം എന്നീ നഗരങ്ങളിലാണ് ഇവര്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം ശക്തമായതിനാല്‍ അര്‍മേനിയ, തുര്‍ക്ക്‌മെനിസ്ഥാന്‍ അതിര്‍ത്തികള്‍ വഴി ഇന്ത്യക്കാരെ കരമാര്‍ഗ്ഗം പുറത്തെത്തിക്കാനാണ് പദ്ധതി. പൗരന്മാര്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും വീടിനുള്ളില്‍ തന്നെ കഴിയണമെന്നും ടെഹ്റാനിലെ ഇന്ത്യന്‍ എംബസി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങി.

പശ്ചിമേഷ്യയില്‍ യുദ്ധം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ പകല്‍ ആക്രമണം ശമിച്ചെങ്കിലും രാത്രിയില്‍ ഇറാന്‍ വിവിധയിടങ്ങളില്‍ ആക്രമണം നടത്തി. ബഹ്‌റൈനിലും ഖത്തറിലും ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണ നീക്കങ്ങള്‍ തകര്‍ത്തു. സൗദി റിയാദില്‍ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിനുനേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണമുണ്ടായി. സൗദി, അബുദാബി അതിര്‍ത്തിക്ക് സമീപം ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടും ആക്രമണമുണ്ടായി. ഇറാനില്‍ ഇന്നലെ പകലും രാത്രിയിലുമായി മുന്നൂറിലധികം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചു. യുഎസ്ഇസ്രയേല്‍ സംഘര്‍ഷത്തില്‍ റഷ്യ ഇറാന് സഹായം നല്‍കുന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പുതിയ ആക്രമണം. 1332 പേര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. ആറായിരത്തിലധികംപേര്‍ക്ക് പരുക്കേറ്റു. ഇസ്രയേലിലെ ടെല്‍ അവീവിലും തെക്കന്‍ റാമല്ലയിലും ഇറാന്‍ വ്യോമാക്രമണം നടത്തി. ലബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 217പേര്‍ കൊല്ലപ്പെട്ടെന്നും 798 പേര്‍ക്ക് പരുക്കേറ്റുവെന്നും ലബനന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.

ഒരാഴ്ച പിന്നിട്ടിട്ടും പശ്ചിമേഷ്യയില്‍ യുദ്ധം അയവില്ലാതെ തുടരുന്നതിന്റെ ഭീതിയിലാണ് ലോകം. യുഎസിനും ഇസ്രയേലിനുമെതിരെ 23ാം റൗണ്ട് ആക്രമണം തുടങ്ങിയതായി ഇറാന്‍ സൈന്യമായി റവല്യൂഷനറി ഗാര്‍ഡ് കോര്‍ (ഐആര്‍ജിസി) അറിയിച്ചിരുന്നു. ഇറാന്‍ മിസൈലുകള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടതിനു പിന്നാലെയാണ് ഇറാന്റെ പ്രഖ്യാപനം. അതിനിടെ, യുഎസിന്റെ യുദ്ധക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ഫോര്‍ മെഡിറ്ററേനിയന്‍ കടലില്‍നിന്ന് കരിങ്കടലിലെത്തി. ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ജെറാള്‍ഡ് ഫോഡ് സൂയസ് കനാല്‍ മാര്‍ഗമാണ് കരിങ്കടലില്‍ എത്തിയത്. ഇറാനുമായി കരിങ്കടല്‍ നേരിട്ട് അതിര്‍ത്തി പങ്കുവയ്ക്കുന്നില്ലെങ്കിലും ഏദന്‍ കടലിടുക്കുവഴി ഇറാന് സമീപം എത്താനാകും. വെനസ്വേലന്‍ നേതാവ് നിക്കോളാസ് മഡുറോയെ പിടികൂടിയതുള്‍പ്പെടെയുള്ള ട്രംപിന്റെ നീക്കങ്ങളില്‍ യുഎസ്എസ് ജെറാള്‍ഡ് ഫോഡ് മുഖ്യപങ്കുവഹിച്ചിരുന്നു.

അതേസമയം, മധ്യ ഇറാനിലെ നതാന്‍സ് നഗരത്തില്‍ സ്‌ഫോടനമുണ്ടായതായി ഇറാന്‍ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ ഏറ്റവും വലിയ ആണവ സമ്പുഷ്ടീകരണ കേന്ദ്രം നതാന്‍സിലാണ്. 2025ലെ 12 ദിന യുദ്ധത്തിലും നിലവില്‍ നടക്കുന്ന സംഘര്‍ഷത്തിനിടയിലും നതാന്‍സ് ആണവകേന്ദ്രത്തിനുനേരെ യുഎസ് ആക്രമണം നടത്തിയിരുന്നു.

ഇറാനെ നയിക്കാന്‍ യോഗ്യനായ നേതാവിനെ യുഎസ് തേടുകയാണെന്ന് വൈറ്റ്ഹൗസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് പറഞ്ഞു. ഇറാന്റെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ യുഎസ് ഇടപെടുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലെവിറ്റിന്റെ പരാമര്‍ശം. യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളും സര്‍ക്കാരും ചിലരെ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അതേക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും ലെവിറ്റ് പറഞ്ഞു. ഇറാന്റെ വ്യോമമേഖല പിടിച്ചെടുക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്നും ലെവിറ്റ് കൂട്ടിച്ചേര്‍ത്തു. നാലു മുതല്‍ ആറ് ആഴ്ചകള്‍ക്കുള്ളില്‍ ഈ ലക്ഷ്യം നേടുമെന്നും അവര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഇറാന്‍ നിരുപാധികം കീഴടങ്ങുകയല്ലാതെ മറ്റൊരു കരാറിനും യുഎസ് തയാറല്ലെന്നാണ് ട്രംപ് നേരത്തെ പറഞ്ഞത്.

എന്നാല്‍, അമേരിക്കയെ വിശ്വാസമില്ലെന്ന് ഇറാന്‍ ഉപ വിദേശകാര്യ മന്ത്രി മജീദ് തഖ്ത് റവാഞ്ചി ഫ്രഞ്ച് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. യുഎസ് ഇറാനെ മാത്രമല്ല രാജ്യാന്തര നയതന്ത്രത്തെയും വഞ്ചിച്ചുവെന്ന് റവാഞ്ചി ആരോപിച്ചു. പ്രധാന കപ്പല്‍പ്പാതയായ ഹോര്‍മുസ് കടലിടുക്ക് അടച്ചിടാനുള്ള ഉദ്ദേശ്യമില്ലെന്ന് ഇറാന്‍ സൈന്യം അറിയിച്ചു. എന്നാല്‍ നിലവിലെ യുദ്ധസാഹചര്യത്തില്‍ പാത ഉപയോഗിക്കുന്ന കപ്പലുകളുടെ സുരക്ഷാ ഉത്തരവാദിത്വം അതാത് കപ്പലുകള്‍ക്ക് തന്നെയായിരിക്കുമെന്നും ഐആര്‍ജിസി വക്താവ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന ഇസ്രയേല്‍, യുഎസ് കപ്പലുകളെ അല്ലാതെ മറ്റൊരു കപ്പലുകളെയും ഇറാന്‍ ആക്രമില്ലെന്നും സൈന്യം വ്യക്തമാക്കി. അതേസമയം, ഇറാനെതിരായ യുദ്ധം ഇസ്രയേല്‍ തെക്കന്‍ ലബനനിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ബെയ്‌റൂട്ടിലെ ദഹിയെ ഉള്‍പ്പെടെയുള്ള തെക്കന്‍ മേഖലകളിലെ ഹിസ്ബുല്ലയുടെ താവളങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ഹിസ്ബുല്ല ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Tags:    

Similar News