മകളെ പഠിപ്പിക്കാന്‍ സൈക്കിളില്‍ കിലോമീറ്ററുകള്‍ താണ്ടി അച്ഛന്റെ കൂലിപ്പണി; പട്ടിണിയും പരിഭവവും തളര്‍ത്താത്ത പോരാട്ടം; തിരുവനന്തപുരത്തെ നരുവാമൂട്ടില്‍ നിന്നും ഐഎഫ്എസിന്റെ തിളക്കത്തിലേക്ക് ശ്രീജ; ഇത് കണ്ണീരില്‍ കുതിര്‍ന്ന വിജയഗാഥ; നരുവാമൂടിലെ ശ്രീജയുടെ കഥ കേട്ട് ഞെട്ടി കേരളം

Update: 2026-03-07 03:52 GMT

തിരുവനന്തപുരം: പണിതീരാത്ത വീടിന്റെ ചുവരിലെ 'വിഷന്‍ ബോര്‍ഡില്‍' കുറിച്ചിട്ട സ്വപ്നങ്ങള്‍ക്ക് ഇപ്പോള്‍ വിജയത്തിന്റെ തിളക്കം. താന്‍ നട്ടുവളര്‍ത്തിയ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമായപ്പോള്‍, നരുവാമൂട് രോഹിണി ഭവനില്‍ ആനന്ദക്കണ്ണീര്‍ ഒഴുകുകയാണ്. കഠിനമായ ദാരിദ്ര്യത്തോടും ഇല്ലായ്മകളോടും പടവെട്ടി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യ ശ്രമത്തില്‍ത്തന്നെ 57-ാം റാങ്ക് കരസ്ഥമാക്കിയ ജെ.എസ് ശ്രീജയുടെ വിജയം ഒരു നാടിന്റെയാകെ അഭിമാനമായി മാറുന്നു. നിര്‍മ്മാണത്തൊഴിലാളിയായ അച്ഛന്‍ ജയകുമാറിന്റെ വിയര്‍പ്പും, മകളുടെ പഠനത്തിനായി കെട്ടുതാലി വരെ പണയപ്പെടുത്തിയ അമ്മ ഷീജകുമാരിയുടെ തപസ്സുമാണ് ശ്രീജയെ ഈ ഉന്നത നേട്ടത്തില്‍ എത്തിച്ചത്.

മകളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കാന്‍ ജയകുമാര്‍ കിലോമീറ്ററുകള്‍ അകലെയുള്ള ആറ്റിങ്ങല്‍ വരെ സൈക്കിള്‍ ചവിട്ടി കൂലിപ്പണിക്ക് പോയിരുന്നു. എം.എ ബിരുദധാരിയായിട്ടും ജോലി ലഭിക്കാതിരുന്ന ഷീജകുമാരി തന്റെ മകള്‍ക്ക് ആ ഗതി വരരുതെന്ന് ഉറപ്പിച്ചിരുന്നു. കുടുംബശ്രീയില്‍ നിന്ന് വായ്പയെടുത്തും പലിശയ്ക്ക് പണം വാങ്ങിയുമാണ് അവര്‍ ശ്രീജയുടെ പഠനത്തിനുള്ള തുക കണ്ടെത്തിയത്. പ്രിലിംസ് വിജയിച്ചപ്പോള്‍ സന്തോഷം കൊണ്ട് അച്ഛനും മകളും ചേര്‍ന്ന് വീടിന്റെ മുറി വെള്ളപൂശിയത് കൗതുകകരമായ ഓര്‍മ്മയാണ്. പുസ്തകങ്ങള്‍ അടുക്കിവെക്കാന്‍ ഒരു സ്റ്റാന്‍ഡിനായി അമ്മയുടെ സഹോദരങ്ങള്‍ നല്‍കിയ ചെറിയ തുകയും യാത്രാക്കൂലിയില്‍ നിന്ന് മിച്ചം പിടിച്ച പണവും ചേര്‍ത്തുവെച്ച് 2500 രൂപ കണ്ടെത്തിയ ശ്രീജയുടെ നിശ്ചയദാര്‍ഢ്യം സമാനതകളില്ലാത്തതാണ്.

മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ശ്രീജ, പഠനകാലത്തുതന്നെ യു.ജി.സി നെറ്റ് കരസ്ഥമാക്കിയിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഹരിത വി. കുമാറിന് ഒന്നാം റാങ്ക് ലഭിച്ചത് മുതലാണ് ശ്രീജയുടെ മനസ്സില്‍ സിവില്‍ സര്‍വീസ് മോഹം മുളപൊട്ടിയത്. പിന്നീട് അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ച് പഠിച്ചതോടെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിനോട് താല്പര്യമേറി.

ഇത്തവണത്തെ സിവില്‍ സര്‍വീസ് അഭിമുഖത്തില്‍ ജിയോ പൊളിറ്റിക്കല്‍ ചലഞ്ച്, അമേരിക്കന്‍ തിരഞ്ഞെടുപ്പ് എന്നിവയ്ക്കൊപ്പം 'കേരളത്തിലെ ഏത്തയ്ക്ക ചിപ്‌സിന് എന്താണിത്ര രുചി' എന്ന രസകരമായ ചോദ്യം വരെ നേരിട്ടാണ് ശ്രീജ തന്റെ പ്രതിഭ തെളിയിച്ചത്. ഈ മാസം രണ്ടിന് പിറന്നാള്‍ ആഘോഷിച്ച ശ്രീജയ്ക്ക് ജീവിതം നല്‍കിയ ഏറ്റവും വലിയ ജന്മദിന സമ്മാനമായി ഈ 57-ാം റാങ്ക്. ചെന്നൈ ലയോള കോളേജില്‍ ബിരുദത്തിന് പഠിക്കുന്ന സഹോദരന്‍ ജ്യോതിഷിനും ഈ വിജയം വലിയ ആവേശമാണ് നല്‍കുന്നത്. പരിമിതികള്‍ ഒന്നിനും തടസ്സമല്ലെന്ന് ലോകത്തോട് വിളിച്ചുപറയുകയാണ് ഈ കൊച്ചു വീടിനുള്ളില്‍ ഇരുന്ന് പഠിച്ചുയര്‍ന്ന മിടുക്കി.

മകളുടെ പഠനം മുടങ്ങാതിരിക്കാന്‍ നിര്‍മ്മാണത്തൊഴിലാളിയായ ജയകുമാര്‍ എന്തുജോലിയും ചെയ്തിരുന്നു. കീലോമീറ്ററുകള്‍ അകലെയുള്ള ആറ്റിങ്ങല്‍വരെ സൈക്കിളില്‍ കൂലിപ്പണിക്ക് പോയിട്ടുണ്ട്. മകളുടെ പഠനത്തിനായി ഉണ്ടായിരുന്ന സ്വര്‍ണമൊക്കെ ഷീജകുമാരി പണയംവച്ചു. കുടുംബശ്രീയില്‍ നിന്ന് വായ്പയെടുത്തു. പലിശയ്ക്കും കടമെടുത്തു.പിറന്നാള്‍ സമ്മാനംഈ മാസം രണ്ടിനായിരുന്നു ശ്രീജയുടെ പിറന്നാള്‍. ജന്മദിന സമ്മാനംകൂടിയായി റാങ്ക് നേട്ടം. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള അമ്മ ഷീജയായിരുന്നു സ്‌കൂള്‍കാലത്തെ ഗുരു.

മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശ്രീജ പി.ജിക്കു പഠിക്കുമ്പോള്‍തന്നെ യു.ജി.സി നെറ്റ് നേടിയിരുന്നു. 2024 മേയ് മുതല്‍ സിവില്‍ സര്‍വീസ് ലക്ഷ്യമിട്ട് പഠനം തുടങ്ങിയിരുന്നു. സഹോദരന്‍ ജ്യോതിഷ് ചെന്നൈ ലയോള കോളേജില്‍ ഒന്നാംവര്‍ഷ ബി.എസ്സി വിദ്യാര്‍ത്ഥി.''ആദ്യശ്രമത്തില്‍ തന്നെ വിജയിക്കുമെന്ന് അച്ഛനും അമ്മയും പറയുമായിരുന്നു. വാശിയോടെ പഠിച്ചു.  പ്രതിസന്ധികളില്‍ തളരാതെ ജീവിതത്തോട് പൊരുതി നേടിയ വിജയമാണ് തിരുവനന്തപുരം സ്വദേശിയായ ജെ എസ് ശ്രീജയുടേത്.

കൂലിപ്പണിയില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനവും കുടുംബശ്രീയില്‍ നിന്ന് എടുത്ത ലോണുകളും ഉപയോഗിച്ചാണ് മാതാപിതാക്കള്‍ സിവില്‍ സര്‍വീസ് പഠനത്തിനാവശ്യമായ തുക കണ്ടെത്തിയത്. മകളുടെ ആഗ്രഹങ്ങള്‍ക്ക് ചിറകുനല്‍കാന്‍ കഠിനാധ്വാനം ചെയ്ത മാതാപിതാക്കളാണ് തന്റെ കരുത്തെന്നും, പ്രത്യേകിച്ച് ബിരുദാനന്തര ബിരുദധാരിയായ അമ്മയുടെ പിന്തുണ പഠനത്തില്‍ വലിയ സ്വാധീനം ചെലുത്തിയെന്നും ശ്രീജ ഓര്‍ക്കുന്നു.

15-ാം റാങ്കും ഇന്ത്യന്‍ ഫോറിന്‍ സര്‍വീസുമാണ് സ്വപ്നമെന്നാണ് ശ്രീജ തന്റെ മുറിയുടെ ഭിത്തിയില്‍ കുറിച്ചിട്ടിരിക്കുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍, മലയാളിയായ ഹരിത വി. കുമാറിന് സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് ലഭിച്ചത് മുതലാണ് ശ്രീജയുടെ മനസിലും സിവില്‍ സര്‍വീസ് എന്ന ആഗ്രഹം വളര്‍ന്നത്. അന്ന് അമ്മയോട് ചോദിച്ചാണ് സിവില്‍ സര്‍വീസിനെ പറ്റി മനസിലാക്കിയത്. അന്ന് ഐഎഎസ് ആയിരുന്നു ആഗ്രഹം. കോളജില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍ പഠിച്ചപ്പോള്‍ ഡിപ്ലോമസി ഇഷ്ടമായി. അതോടെ ഐഎഫ്എസിനോടായി ഇഷ്ടക്കൂടുതലെന്നും ശ്രീജ പറഞ്ഞു.

Similar News