അമേരിക്കക്കായി ചാരപ്പണി നടത്തി; റഷ്യന്‍ നയതന്ത്രജ്ഞന് 12 വര്‍ഷം തടവ് ശിക്ഷയും പിഴയും; പിടികൂടിയത് സ്റ്റിംഗ് ഓപ്പറേഷനിലൂടെ
അമേരിക്കയ്ക്ക് രഹസ്യങ്ങള്‍ വിറ്റതിന് പിടിക്കപ്പെട്ട റഷ്യന്‍ നയതന്ത്രജ്ഞന് 12 വര്‍ഷം തടവ് ശിക്ഷ. ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് ഏജന്റുമാര്‍ ആര്‍സെനി കൊനോവലോവ് എന്ന ഈ വ്യക്തിയെ രഹസ്യങ്ങള്‍ കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് സുരക്ഷാ ഏജന്റുമാര്‍ പിടികൂടിയത്. ഒരു സ്റ്റിംഗ് ഓപ്പറേഷനിലൂടെയാണ് അവര്‍ ഇയാളെ വലയിലാക്കിയത്. ഇയാള്‍ രഹസ്യങ്ങള്‍ കൈമാറുന്ന ദൃശ്യങ്ങള്‍ അന്വേഷണ സംഘം ചിത്രീകരിച്ചിട്ടുണ്ട്.
റഷ്യയിലെ വാര്‍ത്താഏജന്‍സികള്‍ ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇയാളുടെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്തിയിരുന്നു. ഒരു വാനില്‍ യാത്ര ചെയ്യുന്നതിനിടെ ആണ് കൊനോവലോവിനെ പിടികൂടിയത്. ഇയാള്‍ക്ക് 38 വയസാണ് പ്രായം. ഇയാളുടെ പക്കല്‍ നിന്ന് സുപ്രധാന രേഖകള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ രഹസ്യങ്ങള്‍ കൈമാറാന്‍ മുതിര്‍ന്നത് റഷ്യന്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. പിടിയിലായ ഉദ്യോഗസ്ഥനെ രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച് ചോദ്യം ചെയ്തിരുന്നു.
അമേരിക്കന്‍ ഏജന്റുമാരുമായി ഇയാള്‍ എങ്ങനെയാണ് ബന്ധപ്പെട്ടതെന്നും മറ്റാരെങ്കിലും ഈ ഗൂഢാലോചനയില്‍ പങ്കാളികളാണോ എന്നും അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. ഈ സംഭവം പുറത്തുവന്നതോടെ റഷ്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകാനും സാധ്യതയുണ്ട്. നിലവിലെ യുദ്ധ സാഹചര്യങ്ങള്‍ക്കിടെ ഇത്തരം വിവരങ്ങള്‍ ചോരുന്നത് റഷ്യന്‍ സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. വിചാരണ കാത്തിരിക്കുന്നതിനിടെ നയതന്ത്രജ്ഞന്‍ ജയിലില്‍ കിടക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു. ഇയാള്‍ക്ക് ശിക്ഷ വിധിച്ച കോടതി 1200 ഡോളര്‍ പിഴയും ഈടാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊനോവലോവ് അമേരിക്കയില്‍ ദീര്‍ഘകാലം ജോലി ചെയ്തിട്ടുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റഷ്യന്‍ കൗണ്ടര്‍-ഇന്റലിജന്‍സിന് നേതൃത്വം നല്‍കുന്ന എഫ്എസ്ബിയാണ് കൊനോവലോവിനെ ആദ്യമായി കസ്റ്റഡിയിലെടുത്തത്. കൊനോവലോവ് യുഎസ് ഇന്റലിജന്‍സിന് എന്ത് വിവരമാണ് കൈമാറിയതെന്നോ, ഏത് യുഎസ് ഏജന്‍സിയുമായി സഹകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തിച്ചതെന്ന് ആരോപിക്കപ്പെട്ടെന്നോ എഫ്എസ്ബി പറഞ്ഞിട്ടില്ല. അമേരിക്കന്‍ ചാര ഏജന്‍സികളില്‍ നിന്ന് ഇക്കാര്യത്തില്‍ പ്രതികരണമൊന്നും ലഭിച്ചില്ല. കൊനോവലോവ് ഹ്യൂസ്റ്റണിലെ റഷ്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ സെക്കന്‍ഡ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നതായി റഷ്യന്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തി. 2014 മുതല്‍ 2017 വരെയാണ് ഇയാള്‍ അമേരിക്കയില്‍ ജോലി ചെയ്തിരുന്നത്.
