വി. ആര്‍ സുധീഷിനെതിരെ നല്‍കിയ പരാതി ഇന്നും ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്; ആ കേസില്‍ മാനനഷ്ടത്തിന് വി ആര്‍ സുധീഷ് കൊടുത്ത പരാതിക്ക് വന്ന നോട്ടീസിന് ഞാന്‍ മറുപടിയും നല്‍കിയതാണ്; ഈ നിമിഷം വരെ ക്രിമിനല്‍ കേസില്‍ എനിക്ക് സമന്‍സ് വന്നിട്ടില്ല; ജാമ്യമില്ലാ വാറന്റ് എന്ന വാര്‍ത്ത എന്തടിസ്ഥാനത്തില്‍; ചോദ്യങ്ങളുമായി എം എ ഷഹനാസ്
ജാമ്യമില്ലാ വാറന്റ് എന്ന വാര്‍ത്ത എന്തടിസ്ഥാനത്തില്‍; ചോദ്യങ്ങളുമായി എം എ ഷഹനാസ്
തിരുവനന്തപുരം: വി ആര്‍ സുധീഷിനെതിരായ കേസില്‍ തനിക്ക് ജാമ്യമില്ലാ വാറന്റ് വന്നുവെന്ന വാര്‍ത്ത നിഷേധിച്ചു എഴുത്തുകാരി എം എ ഷഹനാസ്. ഈ നിമിഷം വരെ ക്രിമിനല്‍ കേസില്‍ എനിക്ക് സമന്‍സ് വന്നിട്ടില്ലെന്ന് ഷഹനാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. താന്‍ വി. ആര്‍ സുധീഷിനെതിരെ നല്‍കിയ പരാതി ഇന്നും ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്നും ഷഹനാസ് വിശദീകരിച്ചു.
ആ കേസില്‍ മാനനഷ്ടത്തിന് വി. ആര്‍ സുധീഷ് കൊടുത്ത പരാതിക്ക് വന്ന നോട്ടീസിന് ഞാന്‍ മറുപടിയും നല്‍കിയതാണ്. ആ കേസ് സിവില്‍, ക്രിമിനല്‍ എന്നിങ്ങനെ രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ സിവില്‍ കേസ് സമന്‍സ് എനിക്ക് വന്നിരുന്നു .എന്നാല്‍ 25/2/2026 ലെ ഈ നിമിഷം വരെ ക്രിമിനല്‍ കേസില്‍ എനിക്ക് സമന്‍സ് വന്നിട്ടില്ല. അങ്ങനെ എനിക്ക് വരാത്ത സമന്‍സില്‍, ഞാന്‍ അറിയാത്ത സമന്‍സില്‍, ഞാന്‍ കൈപ്പറ്റാത്ത സമന്‍സില്‍, എനിക്ക് കേട്ട് കേള്‍വി പോലും ഇല്ലാത്ത സമന്‍സില്‍ എനിക്ക് ജാമ്യമില്ലാ വാറന്റ് എന്നാണ് വാര്‍ത്ത വന്നതെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എം എ ഷഹനാസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
സമകാലീന സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വ്യാജവാര്‍ത്തകള്‍. സോഷ്യല്‍ മീഡിയ ലോകവ്യാപകമായി ജനങ്ങള്‍ ഉപയോഗിക്കുന്ന ഈ കാലത്ത് ഒരു വാര്‍ത്ത ശരിയോ തെറ്റോ എന്ന് അറിയാതെ കൊടുങ്കാറ്റ് പോലെ പടരുന്ന വ്യാജവാര്‍ത്തകള്‍ വാര്‍ത്തകളുടേയും മാധ്യമ സ്ഥാപനങ്ങളുടേയും വിശ്വാസ്യത വീണ്ടും വീണ്ടും തകര്‍ക്കുകയാണ്. This is not my 'me too' but only my response ' എന്ന് തുടങ്ങുന്ന ഒരു പോസ്റ്റിലൂടെ ഞാന്‍ വി.ആര്‍ സുധീഷിനെതിരെ ആരോപിച്ച കാര്യങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍354 A (1) (ii),354- ഡി(1)(ഐ) ,506 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുമുണ്ട്. അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുകയും ഈ കേസില്‍ കോടതിയില്‍ 164 മൊഴി ഞാന്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഞാന്‍ വി. ആര്‍ സുധീഷിനെതിരെ നല്‍കിയ പരാതി ഇന്നും ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ആ കേസില്‍ മാനനഷ്ടത്തിന് വി. ആര്‍ സുധീഷ് കൊടുത്ത പരാതിക്ക് വന്ന നോട്ടീസിന് ഞാന്‍ മറുപടിയും നല്‍കിയതാണ്. ആ കേസ് സിവില്‍, ക്രിമിനല്‍ എന്നിങ്ങനെ രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ സിവില്‍ കേസ് സമന്‍സ് എനിക്ക് വന്നിരുന്നു .എന്നാല്‍ 25/2/2026 ലെ ഈ നിമിഷം വരെ ക്രിമിനല്‍ കേസില്‍ എനിക്ക് സമന്‍സ് വന്നിട്ടില്ല. അങ്ങനെ എനിക്ക് വരാത്ത സമന്‍സില്‍, ഞാന്‍ അറിയാത്ത സമന്‍സില്‍, ഞാന്‍ കൈപ്പറ്റാത്ത സമന്‍സില്‍, എനിക്ക് കേട്ട് കേള്‍വി പോലും ഇല്ലാത്ത സമന്‍സില്‍ എനിക്ക് ജാമ്യമില്ലാ വാറന്റ് എന്നാണ് വാര്‍ത്ത വന്നത്.
എനിക്ക് പറയാനുള്ളത് 24 news ചാനലിനോട് ആണ്. എനിക്ക് ജാമ്യമില്ലാ വാറന്റ് എന്നും അതിന്റെ പേരില്‍ രണ്ട് എസ്. എച്. ഓ മാരെ കോടതി രൂക്ഷമായി ശകാരിച്ചു എന്നും വാര്‍ത്തയാക്കിയത് എന്ത് തെളിവിന്റെയും ആധികാരികതയുടെയും അടിസ്ഥാനത്തില്‍ ആണ്? 24 ന്യൂസ് ഇല്‍ ഹാഷ്മി രാഹുല്‍ മാങ്കൂട്ടത്തെ വെളുപ്പിക്കാന്‍ നടത്തിയ അഭിമുഖത്തെ എതിര്‍ത്ത് സംസാരിച്ചത് കൊണ്ടാണോ? സ്ത്രീകള്‍ക്ക് എതിരെ ഇത്തരം അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ നല്‍കും എന്നുള്ളതാണോ ഈ വിഷയത്തില്‍ ചാനലിന്റെ അജണ്ട?
എന്നോട് കാര്യങ്ങള്‍ ചോദിച്ചറിയാതെ, യാതൊരു വിധ അടിസ്ഥാനവും ഇല്ലാതെ തോന്നിയത് പോലെ എനിക്കെതിരെ കഥകള്‍ നെയ്ത് ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച ചാനലിനോട് പറയട്ടെ, കോഴിക്കോട് ജില്ലയിലെ ഫറോക്ക്, ബേപ്പൂര്‍, നടക്കാവ് ഈ മൂന്നു സ്റ്റേഷനില്‍ എസ്. എച്. ഓ മാരേയും വിളിച്ചു സംസാരിച്ചു. അങ്ങനെ ഒരു കാര്യം ഉണ്ടായിട്ടില്ല എന്ന് പറയുന്ന തെളിവുകള്‍ എന്റെ കയ്യില്‍ ഉണ്ട്. അവിടെ എവിടെയും രെജിസ്റ്റര്‍ ചെയ്യപ്പെടാത്ത ഒരു കേസില്‍ എനിക്കെതിരെ അവരെ എങ്ങിനെയാണ് കോടതി ശാസിക്കുക?
ഇത്തരത്തില്‍ അപമാനിച്ചതിനു 24 ന്യൂസ് ചാനലിന്റെ തലപ്പത്തുള്ളവര്‍ക്ക് ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്. പരസ്യമായി തന്നെ എനിക്ക് നീതി ലഭിക്കേണ്ടതുണ്ട്...! അബ്യൂസര്‍മാരുടെയും അനുകൂലികളുടെയും അജണ്ടകള്‍ക്ക് മാധ്യമങ്ങള്‍ കൂട്ട് നില്‍ക്കുന്നതാണ് ഒരു പുരുഷധിപത്യ സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ ഉള്ള ഏറ്റവും ഹീനമായ ആക്രമണ രീതി.
എം എ ഷഹനാസ്
