കാന്‍സര്‍ രോഗികള്‍ക്ക് സംഭാവന ചെയ്യാന്‍ മുടി നീട്ടി വളര്‍ത്തിയ നന്മമരം; ലബനന്‍ പേജര്‍ ബോംബുകളുമായി ബന്ധപ്പെട്ട് പേരുവന്നിട്ടും ഫോണ്‍ എടുക്കാത്തത് വിചിത്രം; നോര്‍ട്ട ഗ്ലോബല്‍ ഷെല്‍ കമ്പനിയെങ്കില്‍ മാനന്തവാടിക്കാരന്‍ റിന്‍സണ്‍ ജോസ് എവിടെ?

റിന്‍സണ്‍ ജോസ്, നോര്‍ട്ട ഗ്ലോബല്‍, നോര്‍വേ, ഓസ്ലോ, ലബനന്‍ പേജര്‍ ബോംബ് സ്‌ഫോടനം, മാനന്തവാടി

Update: 2024-09-20 12:20 GMT

ഓസ്ലോ: മാനന്തവാടിക്കാരന്‍ റിന്‍സണ്‍ ജോസ് എങ്ങോട്ട് മുങ്ങി? 39 കാരനായ സംരംഭകനുമായി ബന്ധമുണ്ടായിരുന്ന സുഹൃത്തുക്കള്‍ അടക്കം ഉള്ളവര്‍ ആശങ്കയിലാണ്. ലെബനനില്‍ ഹിസ്ബുല്ലയെ ലാക്കാക്കി പൊട്ടിത്തറിച്ച പേജറുകളുടെ ഭാഗങ്ങള്‍ തായ് വാനില്‍ നിന്ന് എത്തിക്കാനും നിര്‍മ്മിക്കാനും സഹായിച്ച നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡിന്റെ ഉടമയാണ് റിന്‍സണ്‍ ജോസെന്ന് ബള്‍ഗേറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജോസിന് പേജര്‍ സ്‌ഫോടനങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. എന്നിരുന്നാലും വളരെ വിചിത്രമായതെന്തോ സംഭവിക്കുന്നതായി ജോസിനെ പരിചയമുള്ളവരും സുഹൃത്തുക്കളും ആശങ്കപ്പെടുന്നു. റിന്‍സണ്‍ ജോസ് യുഎസിലേക്ക് മുങ്ങിയെന്നാണ് സംശയിക്കുന്നത്. പലരും റിന്‍സണെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കോളുകള്‍ സ്വീകരിക്കുന്നില്ല.

' എല്ലാവരും ആശങ്കയിലാണ്. ലെബനന്‍ പേജര്‍ ബോംബുകളുമായി റിന്‍സണ്‍ ജോസിന് ബന്ധമെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ചില സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ നോക്കിയെങ്കിലും ഫോണെടുത്തില്ല. യുഎസില്‍ ബിസിനസ് ട്രിപ്പിലാണെന്ന് പറയുന്നു', നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡ് വൃത്തങ്ങള്‍ ദി സണ്‍ പത്രത്തിനോട് പറഞ്ഞു.

'ചൊവ്വാഴ്ചയാണ് റിന്‍സണ്‍ യാത്ര തിരിച്ചത്. എന്നാല്‍, ഇത്രയും ഗുരുതരമായ സംഭവം നടന്നിട്ടും കോളുകള്‍ സ്വീകരിക്കാത്തതും പ്രതികരിക്കാത്തതും വളരെ വിചിത്രമായി തോന്നുന്നു'. സഹപ്രവര്‍ത്തകര്‍ പറഞ്ഞു.




2012 സെപ്റ്റംബറിലാണ് ഈ വയനാട്ടുകാരന്‍ നോര്‍വേയില്‍ എത്തിയത്. ഓസ്ലോയില്‍ ഭാര്യക്കൊപ്പമാണ് താമസം. നോര്‍വീജിയന്‍ പൗരത്വമുണ്ട്.

നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡ് ഷെല്‍ കമ്പനിയാണെന്ന ആരോപണം ഉയരുന്നുണ്ട്. പേജര്‍ നിര്‍മ്മാണത്തിന് ഹംഗേറിയന്‍ കമ്പനിയായ ബി എ സി ഉടമ ക്രിസ്ത്യാന ആര്‍കിഡിയകോണോ ബര്‍സോണിക്ക് 13 ലക്ഷം ഡോളര്‍  കൈമാറിയത് റിന്‍സന്റെ കമ്പനിയാണെന്ന് പറയുന്നു.

ലണ്ടനിലെ ഇമിഗ്രേഷന്‍ അഡൈ്വസറി സ്ഥാപനത്തിലാണ് ഓസ്ലോയില്‍ എത്തും മുമ്പ് രണ്ടുവര്‍ഷം റിന്‍സണ്‍ ജോലി ചെയ്തിരുന്നത്. ഓസ്ലോയുടെ പ്രാന്തപ്രദേശത്തുള്ള മോര്‍ടെന്‍സ്‌റുഡിലെ ഫ്‌ളാറ്റിന്റെ ജനാലകള്‍ അടഞ്ഞുകിടക്കുകയാണ്. മുറ്റത്ത് പുല്ലുനിറഞ്ഞിരിക്കുന്നു. ഏതാനും മാസങ്ങളായിഅയല്‍ക്കാര്‍ റിന്‍സണെ കണ്ടിട്ടില്ല. ലെബനനിലെ പേജര്‍ ബോംബുമായി ബന്ധപ്പെട്ട് റിന്‍സന്റെ പേരുകേട്ടത് ഞെട്ടലുണ്ടാക്കിയെന്ന് ഒരു സുഹൃത്ത് പ്രതികരിച്ചു. വളരെ ഹൃദയാലുവായ മനുഷ്യന്‍ എന്നാണ് ഈ പെണ്‍സുഹൃത്ത് റിന്‍സണെ വിശേഷിപ്പിച്ചത്. കാന്‍സര്‍ രോഗികള്‍ക്ക് സംഭാവന ചെയ്യാനായി തന്റെ മുടി നീട്ടി വളര്‍ത്തിയ റിന്‍സണെ അവര്‍ ഓര്‍ക്കുന്നു.

ഐടി കണ്‍സള്‍ട്ടിങ് സ്ഥാപനമായ നോര്‍ട്ടല്‍ ലിങ്ക് എന്നിവയടക്കം നിരവധി കമ്പനികളുടെ നടത്തിപ്പിനൊപ്പം നോര്‍വീജിയന്‍ മാധ്യമ സ്ഥാപനമായ ഓസ്ലോയിലെ ഡിഎന്‍ മീഡിയ ഗ്രൂപ്പ് എന്നിവയിലും റിന്‍സണ്‍ ജോസ് ജോലി ചെയ്യുന്നുണ്ട്. നോര്‍വേയിലെ ഇന്ത്യന്‍ സ്‌പോര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ നടത്തിപ്പ് ചുമതലയും ജോസിനാണ്.

'



ജോസിനെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ, ഡി എന്‍ മീഡിയ ഗ്രൂപ്പ് നോര്‍വീജിയന്‍ പൊലീസ് സെക്യൂരിറ്റി സര്‍വീസിനെ ബന്ധപ്പെട്ട് വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. അതേസമയം, ബള്‍ഗേറിയയില്‍ ഒരു കമ്യൂണിക്കേഷന്‍ ഡിവൈസുകളും നിര്‍മ്മിക്കുകയോ, ഇറക്കുമതിയോ കയറ്റുമതിയോ .ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് നോര്‍വേ, ബള്‍ഗേറിയന്‍ അധികൃതര്‍ വ്യക്തമാക്കി

Tags:    

Similar News