വിവാഹ ദിവസം വീട്ടില്‍ നിന്ന് മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ വീടിന് സമീപം കവറില്‍ പൊതിഞ്ഞ നിലയില്‍; കണ്ടെത്തിയത് അഞ്ച് ദിവസത്തിനു ശേഷം; സന്‍മനസുള്ള കള്ളന്‍ പരിചയക്കാരാകുമെന്ന് പോലീസ്

സ്വര്‍ണാഭരണങ്ങള്‍ വീടിന് സമീപം കവറില്‍ പൊതിഞ്ഞ നിലയില്‍

Update: 2024-09-20 05:35 GMT

തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരില്‍ നിന്നും വിവാഹദിവസം വീട്ടില്‍നിന്ന് മോഷണം പോയ 18 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വീടിന്റെ ഗേറ്റിന് അടുത്തായി കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. മോഷണം പോയി അഞ്ച് ദിവസത്തിനു ശേഷമാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

പുന്നാവൂര്‍ കൈതയിലില്‍ സ്വദേശി ഗിലിന്‍ ദാസിന്റെ വീട്ടില്‍ നിന്നുമാണ് ഇക്കഴിഞ്ഞ 14-ന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. ഏകദേശം 18 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നു. ഗിലിന്‍ ദാസിന്റെ വിവാഹമായിരുന്നു അന്ന്. രാത്രി ഒന്‍പത് മണിയോടുകൂടി വിവാഹസത്കാരം കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ ആണ് ഗിലിന്‍ദാസ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കാണാനില്ലെന്ന് അറിയുന്നത്.

പക്ഷെ മറ്റ് മോഷണശ്രമങ്ങളോ ഒന്നും ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ല. മോഷണം നടന്ന അന്ന് തന്നെ മാറനല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അപ്പോള്‍ തന്നെ വീടുമായി ബന്ധമുള്ളവരാണ് മോഷണം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. മാറനല്ലൂര്‍ എസ്.എച്ച്.ഒ. ഷിബുവും, എസ്.ഐ. കിരണ്‍ ശ്യാമും ഇവരുടെ പതിനഞ്ചോളം ബന്ധുക്കളെ ചോദ്യം ചെയ്തു.

ശേഷം ഇന്നലെ രാവിലെ ആറ് മണിയോടെ ഗിലിന്‍ ദാസിന്റെ അച്ഛന്‍ മോഹന്‍ദാസ് വീടിന്റെ ഗേറ്റിന്റെ സമീപത്തായി ഉപേക്ഷിച്ച നിലയില്‍ ഒരു കവര്‍ കണ്ടെത്തിയത്. പിന്നാലെ തുറന്ന് പരിശോധിച്ചപ്പോള്‍ മോഷണംപോയ സ്വര്‍ണമാണ് കവറില്‍ ആണെന്നത് കണ്ടെത്തുന്നത്. ഉടനെ തന്നെ മോഹന്‍ദാസ് മാറനല്ലൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഉടനെ തന്നെ പോലീസ് നായയും, വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പക്ഷെ എന്നിട്ടും നിരാശ തന്നെ ഫലം. മോഷണം നടത്തിയയാളെ സംബന്ധിച്ച് ഒരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. എന്തായാലും അന്വേഷണം നടന്നുവരുകയാണെന്ന് പോലീസ് പറഞ്ഞു.

Tags:    

Similar News