സമാധാനമില്ലാതെ തൊഴിലിടങ്ങൾ; ജോലിക്കിടെ ബാങ്ക് ജീവനക്കാരി കുഴഞ്ഞുവീണ് മരിച്ചു; ജോലി സമ്മർദ്ദമെന്ന് ആരോപണം; സംഭവം ഉത്തർപ്രദേശിൽ

Update: 2024-09-25 09:07 GMT

യുപി: രാജ്യം മുഴുവനും ചർച്ച ചെയ്യപ്പെട്ട വിഷയമാണ് തൊഴിലിടങ്ങളിലെ ജോലി സമ്മർദ്ദം. ഇതിനെതിരെ രാജ്യം മുഴുവനും പ്രതിഷേധവും ഉയർന്നിരുന്നു. കഴിഞ്ഞ ആഴ്ചയാണ് പുനെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന മലയാളി യുവതി അന്ന സെബാസ്റ്റ്യന്റെ ദാരുണ മരണം സംഭവിച്ചത്. അന്നയുടെ മരണം കടുത്ത ജോലി സമ്മർദ്ദമെന്ന ആരോപണം നിലനിൽക്കെ ഇപ്പോഴിതാ വീണ്ടും ജോലിക്കിടെ മരണം സംഭവിച്ചിരിക്കുന്നു.

ഉത്തർപ്രദേശിൽ ജോലിക്കിടെ ബാങ്ക് ജീവനക്കാരി മരിച്ചതായി റിപ്പോർട്ടുകൾ. വിഭൂതി​ഖണ്ഡിലെ എച്ച്.ഡി.എഫ്.സി ശാഖയിലെ ജീവനക്കാരി സദാ ഫാത്തിമ(45) ആണ് ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വന്നശേഷമേ മരണകാരണം വ്യക്തമാകൂവെന്നും വിഭൂതി​ഖണ്ഡ് എ.സി.പി രാധാരമൺ സിങ് വ്യക്തമാക്കി. സദയ്ക്ക് ജോലി സമ്മർദ്ദം ഉണ്ടായിരുന്നതായി സഹപ്രവർത്തകർ പറഞ്ഞതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

Tags:    

Similar News