ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് സഖ്യത്തിന് നീക്കവുമായി ബി.ജെ.പി; എ.ജെ.എസ്.യു, ജെ.ഡി.യു പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി

ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് സഖ്യത്തിന് നീക്കവുമായി ബി.ജെ.പി

Update: 2024-09-24 14:33 GMT

റാഞ്ചി: ഝാര്‍ഖണ്ഡില്‍ അധികാരം പിടിക്കാന്‍ സഖ്യനീക്കവുമായി ബി.ജെ.പി. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ (എ.ജെ.എസ്.യു), ജനതാദള്‍ യുണൈറ്റഡ് (ജെ.ഡി.യു) എന്നീ പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിക്കാനാണ് നീക്കം. ഝാര്‍ഖണ്ഡിന്റെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ഝാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുള്ള നടപടിള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. സംസ്ഥാനത്തെ സ്ഥിതി വിലയിരുത്താനാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തിലെ സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നത്.

ഹരിയാന വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കും. മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബര്‍ 26നും ഝാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധി ജനുവരി 5നും അവസാനിക്കും. മുന്‍പ് ഹരിയാനയിലും മഹാരാഷ്ട്രയിലും ഒരേ സമയത്തായിരുന്നു തെരഞ്ഞെടുപ്പ് നടന്നിരുന്നത്.

ഹേമന്ത് സോറന്‍ സര്‍ക്കാറിന്റെ കാലാവധി 2025 ജനുവരിയില്‍ അവസാനിക്കും. അതേസമയം, ജമ്മു കശ്മീരില്‍ ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഹരിയാനയില്‍ ഒക്ടോബര്‍ അഞ്ചിനും തെരഞ്ഞെടുപ്പ് നടക്കും. 81 അംഗ നിയമസഭയിലേക്ക് 2019ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം.) 30 സീറ്റ് നേടി അധികാരം പിടിച്ചു. ബി.ജെ.പി 25 സീറ്റുകളും കോണ്‍ഗ്രസ് 16 സീറ്റുകളും നേടി.

ആര്‍.ജെ.ഡി-1, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പ്രജാതന്ത്രിക്)-3, ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ (എ.ജെ.എസ്.യു)-2, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷന്‍ -1, എന്‍.സി.പി-1, സ്വതന്ത്രര്‍-2 എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികളുടെ സീറ്റ് നില.

Tags:    

Similar News