ചേട്ടാ..ഇത് എത്ര രൂപ!! സ്വന്തം പുസ്തകത്തിന്‍റെ വ്യാജപ്പതിപ്പിനായി വിലപേശുന്ന എഴുത്തുകാരി; പെട്ടെന്ന് ഒരു വെളിപ്പെടുത്തൽ; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച
ഡൽഹി: ഡൽഹിയിലെ തിരക്കേറിയ കൊണാട്ട് പ്ലേസിൽ സ്വന്തം പുസ്തകത്തിന്‍റെ വ്യാജപ്പതിപ്പ് വിൽക്കുന്നത് കണ്ട എഴുത്തുകാരി രാധിക അഗർവാൾ, പുസ്തകത്തിനായി വിലപേശി അത് വാങ്ങുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായി. രസകരമായ ഈ സംഭവത്തിലൂടെ പ്രസാധന രംഗത്തെ പൈറസി എന്ന ഗൗരവമേറിയ വിഷയത്തിലേക്ക് എഴുത്തുകാരി ശ്രദ്ധ ക്ഷണിച്ചത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
തെരുവ് കച്ചവടക്കാരൻ 'റെഡ് ഫ്ലാഗ്‌സ് ആൻഡ് റിഷ്താസ്: എ ദേശി റോം കോം' (Red Flags and Rishtas: A Desi Rom Com) എന്ന രാധികയുടെ പുസ്തകത്തിന്‍റെ വ്യാജപ്പതിപ്പ് വിൽക്കുന്നത് കണ്ടപ്പോഴാണ് സംഭവം. 350 രൂപ ആവശ്യപ്പെട്ട കച്ചവടക്കാരനോട്, "എഴുത്തുകാരിക്കുള്ള ഡിസ്കൗണ്ട് കിട്ടുമോ?" എന്ന് രാധിക തമാശരൂപേണ ചോദിച്ചു. പിന്നീട് താൻ തന്നെയാണ് ഈ പുസ്തകത്തിന്‍റെ രചയിതാവ് എന്ന് വെളിപ്പെടുത്തിയതോടെ കച്ചവടക്കാരൻ അത്ഭുതപ്പെടുകയും ഒടുവിൽ 100 രൂപയ്ക്ക് പുസ്തകം നൽകാൻ സമ്മതിക്കുകയും ചെയ്തു.
തമാശ കലർന്ന രീതിയിലാണ് വീഡിയോ പങ്കുവെച്ചതെങ്കിലും, പ്രസാധന വ്യവസായത്തെയും എഴുത്തുകാരെയും പൈറസി എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്ന് രാധിക അഗർവാൾ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി. "പൈറസി വലിയ ദോഷമില്ലാത്ത ഒന്നാണെന്ന് പലർക്കും തോന്നാം. എന്നാൽ ഇത് മൊത്തം പ്രസാധന വ്യവസായത്തെയും ബാധിക്കുന്ന ഒന്നാണ്. എഴുത്തുകാരന്‍റെ റോയൽറ്റിയെയും പുസ്തക വിൽപനയെയും ഇത് കാര്യമായി തകർക്കുന്നു" എന്നും അവർ കുറിച്ചു.
ഒരുകോടിയിലധികം ആളുകൾ കണ്ട ഈ വീഡിയോക്ക് താഴെ, 'ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്', 'എഴുത്തുകാരിയോട് തന്നെ വിലപേശുന്ന കച്ചവടക്കാരൻ' എന്നിങ്ങനെ രസകരമായ നിരവധി അഭിപ്രായങ്ങളാണ് ഉയർന്നുവന്നത്. അതേസമയം, പൈറസി എഴുത്തുകാരെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ആശങ്കകളും പലരും പങ്കുവെച്ചു.