'രേവന്ത് റെഡ്ഡി കൊണ്ടുവരുന്നത് തെലങ്കാനയില്‍ പരാജയപ്പെട്ട അതേ തിരക്കഥ; കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് തെലങ്കാനയെ വഞ്ചിച്ചു'; രേവന്ത് റെഡ്ഡിക്കെതിരെ കെ. കവിത

Update: 2026-04-07 13:13 GMT

ഹൈദരബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും രൂക്ഷവിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളും ബി.ആര്‍.എസ് നേതാവുമായ കെ. കവിത രംഗത്ത്. കേരളത്തില്‍ യു.ഡി.എഫിനായി പ്രചാരണം നടത്തുന്ന രേവന്ത് റെഡ്ഡിയുടെ വാഗ്ദാനങ്ങള്‍ വ്യാജമാണെന്നും കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്നും കവിത എക്സില്‍ കുറിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് തെലങ്കാനയിലെ ജനങ്ങളെ വഞ്ചിച്ചുവെന്നാണ് കവിതയുടെ പ്രധാന ആരോപണം. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് നല്‍കിയ ആറ് ഗ്യാരന്റികള്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. സൗജന്യ ബസ് യാത്ര ഒഴികെ മറ്റൊരു വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍, തൊഴില്‍ സൃഷ്ടിക്കല്‍, കര്‍ഷക ക്ഷേമം തുടങ്ങിയ പ്രധാന വാഗ്ദാനങ്ങളെല്ലാം വായുവില്‍ നില്‍ക്കുകയാണ്. തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണമാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നതെന്നും കവിത ആരോപിച്ചു.

വോട്ട് ചെയ്യാന്‍ പോകുന്ന കേരളത്തിലെ ജനങ്ങളോട് 'തെലങ്കാനയുടെ മകളുടെ സന്ദേശം' എന്ന നിലയിലാണ് കവിത തന്റെ വാക്കുകള്‍ പങ്കുവെച്ചത്. രേവന്ത് റെഡ്ഡി കേരളത്തിലേക്ക് കൊണ്ടുവരുന്നത് തെലങ്കാനയില്‍ പരാജയപ്പെട്ട അതേ തിരക്കഥയാണെന്ന് അവര്‍ പറഞ്ഞു.

കേരളത്തിന്റെ വികസനം തുടരാന്‍ പിണറായി വിജയനൊപ്പം നില്‍ക്കണമെന്നാണ് കവിതയുടെ അഭ്യര്‍ത്ഥന. 'അദ്ദേഹത്തിന്റെ (രേവന്ത് റെഡ്ഡി) മുഴുവന്‍ വാദങ്ങളും വാഗ്ദാനങ്ങളും വ്യാജമാണ്. കേരളം അടുത്ത ഇരയാകരുത്. ദയവായി ഇടതുപക്ഷത്തിന് വോട്ട് ചെയ്യുക, കേരളം വിജയിക്കട്ടെ' - കവിത കുറിച്ചു.

Similar News