ദുബായിലും അമേരിക്കയിലും കോടികളുടെ സ്വത്ത്; ഭാര്യയുടെ വിദേശ ആസ്തികള്‍ സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചു; അസം മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

Update: 2026-04-06 15:24 GMT

ഗുവാഹത്തി: അസം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയെയും കുടുംബത്തെയും ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ഉന്നയിച്ച ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ചര്‍ച്ചയാകുന്നു. ഏപ്രില്‍ 9-ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ശര്‍മയുടെ ആസ്തിവിവരങ്ങള്‍ സംബന്ധിച്ച് ആരോപണം ഉന്നയിച്ചത്. സത്യവാങ്മൂലത്തില്‍ ഭാര്യയുടെ വിദേശത്തെ ആസ്തിവിവരങ്ങള്‍ മറച്ചതിനെതിരെയാണ് കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വന്നത്. ശര്‍മയുടെ നാമനിര്‍ദേശ പത്രിക തള്ളണമെന്നും സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. ദുബായിലും അമേരിക്കയിലും ശര്‍മയുടെ കുടുംബത്തിന് അനധികൃത സ്വത്തുക്കളുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് പരാതി.

ജല്‍ക്ബാരി മണ്ഡലത്തിലെ ശര്‍മയുടെ എതിര്‍സ്ഥാനാര്‍ഥി ബിദിഷ നിയോഗാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ജ്ഞാനേഷ് കുമാറിന് പരാതി നല്‍കിയത്. സത്യവാങ്മൂലത്തില്‍ വിദേശ ആസ്തികളെക്കുറിച്ച് വ്യക്തമാക്കണമെന്ന ചട്ടം ലംഘിച്ചതായും ദുബായ് ലാന്‍ഡ് ഡിപ്പാര്‍ടുമെന്റില്‍നിന്നുള്ള രേഖകള്‍ പ്രകാരം റിനികി ഭുയാന്‍ ശര്‍മയ്ക്ക് ദുബായിലെ അല്‍ ബര്‍ഷ സൗത്തില്‍ രണ്ട് വന്‍കിട സ്വത്തുവകകള്‍ ഉണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

വിഷയത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. ദുബായിലെയും യു.എസിലെ വ്യോമിങ്ങിലെയും ഷെല്‍ കമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിലും അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ശര്‍മയുടെ ഭാര്യയ്ക്ക് യു.എ.ഇ, ഈജിപ്ത്, ആന്റിഗ്വ-ബര്‍ബുഡ എന്നീ രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകള്‍ ഉണ്ടെന്നും അമേരിക്കയില്‍ കോടിക്കണക്കിന് ഡോളറിന്റെ ആസ്തിയുള്ള കമ്പനികള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചിരുന്നു.

ഭഗവദ്ഗീത തൊട്ട് സത്യം ചെയ്യാന്‍ തയാറാണോ എന്ന് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗൗരവ് ഗൊഗോയ് ശര്‍മയെ വെല്ലുവിളിച്ചു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയുടെ വിദേശ ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും ഗൊഗോയ് വ്യക്തമാക്കി. അസമില്‍ ഏപ്രില്‍ 9നാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ കനത്ത വിവാദം നടക്കുന്നത്.

Similar News