ക്രിമിനല്‍ കേസുകളുടെ വിവരങ്ങളില്‍ പൊരുത്തക്കേടുകള്‍; പെരമ്പൂരിലും തിരുച്ചിറപ്പള്ളിയിലും പുതുക്കിയ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് വിജയ്

Update: 2026-04-05 08:38 GMT

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന തമിഴക വെട്രി കഴകം (TVK) അധ്യക്ഷന്‍ വിജയ്യുടെ നാമനിര്‍ദ്ദേശ പത്രികയിലെ അവ്യക്തതകള്‍ നീക്കി പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. നേരത്തെ സമര്‍പ്പിച്ച പത്രികയില്‍ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ സംബന്ധിച്ച് പൊരുത്തക്കേടുകള്‍ ഉണ്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും താരം പുതുക്കിയ പത്രിക നല്‍കിയത്.

പുതുക്കിയ സത്യവാങ്മൂലം പ്രകാരം വിജയ്‌ക്കെതിരെ നിലവില്‍ രണ്ട് കേസുകളുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കൊളത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട് പെരവല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തതാണ് ഒന്നാമത്തെ കേസ്. മാര്‍ച്ച് 30-ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ നടത്തിയ പ്രചാരണ പരിപാടികളാണ് ഈ കേസിന് ആധാരം. രണ്ടാമത്തെ കേസ് മധുരയിലെ കൂടകോവില്‍ പോലീസ് സ്റ്റേഷനിലാണുള്ളത്. 2025 ഓഗസ്റ്റില്‍ നടന്ന ടിവികെയുടെ രണ്ടാമത്തെ രാഷ്ട്രീയ സമ്മേളനത്തിനിടെ, റാമ്പിലേക്ക് കയറിയ പ്രവര്‍ത്തകനെ വിജയ്‌യുടെ ബൗണ്‍സര്‍മാര്‍ തള്ളിയിട്ടതിനെത്തുടര്‍ന്ന് പരിക്കേറ്റ സംഭവത്തിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നിലവില്‍ പുതുച്ചേരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായതിനാല്‍ വിജയ്ക്ക് നേരിട്ട് എത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ടിവികെ ലീഗല്‍ ടീം അംഗങ്ങളാണ് പെരമ്പൂരില്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് മുന്‍പാകെ പുതുക്കിയ പത്രിക സമര്‍പ്പിച്ചത്. രണ്ട് മണ്ഡലങ്ങളില്‍ ജനവിധി തേടുന്ന വിജയ്ക്ക് ശക്തമായ പോരാട്ടമാണ് നേരിടേണ്ടി വരുന്നത്.

പെരമ്പൂരില്‍ ഡിഎംകെയുടെ ആര്‍.ഡി ശേഖര്‍, എഐഎഡിഎംകെ സഖ്യകക്ഷിയായ പിഎംകെയുടെ തിലഗബാമ, നാം തമിഴര്‍ കക്ഷിയുടെ മെര്‍ലിന്‍ സുഗന്ധി എന്നിവരാണ് പ്രധാന എതിരാളികള്‍. തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ നിലവിലെ എംഎല്‍എയും ഡിഎംകെ നേതാവുമായ ഇനിഗോ ഇരുഡയരാജ, എഐഎഡിഎംകെയുടെ രാജശേഖരന്‍, നാം തമിഴര്‍ കക്ഷിയുടെ കൃഷ്ണസാമി എന്നിവര്‍ക്കെതിരെയാണ് വിജയ്‌യുടെ പോരാട്ടം. സൂപ്പര്‍താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പായതിനാല്‍ തമിഴകം ഉറ്റുനോക്കുന്ന വാശിയേറിയ മത്സരത്തിനാണ് ഈ മണ്ഡലങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്.

Similar News