റെയില്‍വേ സ്റ്റേഷനുകളും സിഗ്‌നലുകളും തകര്‍ക്കാന്‍ പദ്ധതി; ഐഎസ് ബന്ധമുള്ള നാല് യുവാക്കള്‍ യുപിയില്‍ പിടിയില്‍; ലക്ഷ്യമിട്ടത് ലക്‌നൗ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങള്‍
ലക്‌നൗ: രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഫോടനങ്ങള്‍ നടത്താനും രാഷ്ട്രീയ നേതാക്കളെ വധിക്കാനും പദ്ധതിയിട്ട ഭീകരസംഘത്തെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സേന പിടികൂടി. മീററ്റ് സ്വദേശികളായ സാഖിബ് (ഡെവില്‍), അറബാബ്, വികാസ്, ലോകേഷ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്ക് അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി നേരിട്ട് ബന്ധമുണ്ടെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
ലക്‌നൗ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെ റെയില്‍വേ സ്റ്റേഷനുകള്‍, സിഗ്‌നല്‍ സംവിധാനങ്ങള്‍, ഗ്യാസ് സിലിണ്ടറുകള്‍ കൊണ്ടുപോകുന്ന ട്രക്കുകള്‍ എന്നിവ തകര്‍ത്ത് രാജ്യത്ത് വലിയ തോതിലുള്ള ഭീതി പടര്‍ത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനുപുറമെ, ചില പ്രമുഖ രാഷ്ട്രീയ നേതാക്കളെ ഇവര്‍ നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നുവെന്നും വധശ്രമത്തിനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നതായും എടിഎസ് അറിയിച്ചു.
പാക്കിസ്ഥാനിലെ ഐഎസ്‌ഐ ഹാന്‍ഡ്ലര്‍മാരുടെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് ഈ സംഘം പ്രവര്‍ത്തിച്ചിരുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയും എന്‍ക്രിപ്റ്റഡ് മെസ്സേജിംഗ് ആപ്പുകള്‍ വഴിയുമാണ് ഇവര്‍ പാക് ബന്ധം നിലനിര്‍ത്തിയിരുന്നത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ക്ക് വിദേശത്തുനിന്ന് ഫണ്ട് ലഭിച്ചിരുന്നതായും സൂചനയുണ്ട്.
പിടിയിലായവരില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള രേഖകളും ഡിജിറ്റല്‍ തെളിവുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് എടിഎസ് തീരുമാനം. റെയില്‍വേ സ്റ്റേഷനുകളിലും പൊതുവിടങ്ങളിലും സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കാലയളവില്‍ രാജ്യത്ത് അസ്ഥിരതയുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ പദ്ധതിയെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.