പാചകവാതക ക്ഷാമം രൂക്ഷം; മുഖ്യമന്ത്രിയെ നേരിട്ടു കാണണം; ഹൈദരാബാദില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി ഓട്ടോ ഡ്രൈവറുടെ പ്രതിഷേധം

Update: 2026-04-04 14:52 GMT

ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തില്‍ പാചകവാതക ക്ഷാമം രൂക്ഷമായതിലും ഇന്ധനവില കുത്തനെ വര്‍ധിപ്പിച്ചതിലും പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവര്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ശനിയാഴ്ച ഹൈദരാബാദിലെ എല്‍.ബി നഗറിന് സമീപമുള്ള ചിന്തല്‍മെറ്റിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ജാനി (42) എന്ന ഓട്ടോ ഡ്രൈവറാണ് മണിക്കൂറുകളോളം ക്യൂ നിന്നിട്ടും ഇന്ധനം ലഭിക്കാത്തതില്‍ മനംനൊന്ത് ടവറിന് മുകളില്‍ കയറി പ്രതിഷേധിച്ചത്.

ഇന്ധനക്ഷാമം പരിഹരിക്കാന്‍ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഢിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തണമെന്നായിരുന്നു ജാനിയുടെ പ്രധാന ആവശ്യം. വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും ആംബുലന്‍സും സ്ഥലത്തെത്തി മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ താഴെയിറക്കിയത്. ഉദ്യോഗസ്ഥര്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്ന് ശാന്തനായ ജാനിയെ പിന്നീട് കുടുംബത്തോടൊപ്പം വിട്ടയച്ചു. സമാനമായ രീതിയില്‍ അഞ്ചു ദിവസം മുമ്പ് രാജേന്ദ്രനഗറിലും മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ ടവറിന് മുകളില്‍ കയറി പ്രതിഷേധം നടത്തിയിരുന്നു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഹൈദരാബാദിലെ ഓട്ടോ ഡ്രൈവര്‍മാര്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒരു കിലോ ഗ്യാസിനായി 36 മണിക്കൂര്‍ വരെ ക്യൂ നില്‍ക്കേണ്ടി വരുന്നുവെന്നാണ് ഡ്രൈവര്‍മാരുടെ പരാതി. ഇതിനിടെ ഇന്ധനത്തിന് പലയിടത്തും തോന്നുംപടിയാണ് വില ഈടാക്കുന്നത്. മാര്‍ച്ച് ആദ്യ വാരം വരെ 66 രൂപയായിരുന്ന ഗ്യാസിന് ഇപ്പോള്‍ ചിലയിടങ്ങളില്‍ 125 രൂപ വരെ നല്‍കേണ്ടി വരുന്നു. സ്വകാര്യ പമ്പുകളില്‍ 88 രൂപ മുതല്‍ 100 രൂപ വരെയാണ് ഈടാക്കുന്നത്.

യു.എസ്-ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഹുര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ കപ്പലുകള്‍ കുടുങ്ങിയതാണ് ഹൈദരാബാദിലെ ഓട്ടോ എല്‍.പി.ജി വിതരണത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്നത്. ഇന്ധനക്ഷാമവും അമിത വിലയും കാരണം ഉപജീവനമാര്‍ഗം പൂര്‍ണ്ണമായും തടസ്സപ്പെട്ട അവസ്ഥയിലാണ് നഗരത്തിലെ ആയിരക്കണക്കിന് ഓട്ടോ തൊഴിലാളികള്‍. ഇന്ധന വിതരണം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

Similar News