പേരക്കുട്ടി ഓടിച്ചെത്തിയ ഥാര്‍ വീട്ടു മുറ്റത്ത് നിന്നും പിന്നോട്ടുരുണ്ടു; ഗേറ്റ് അടയ്ക്കാനെത്തകിയ മുത്തശ്ശി കാറിനും മതിലിനും ഇടയില്‍പ്പെട്ട് ദാരുണമായി മരിച്ചു

ഥാർ പാർക്ക് ചെയ്യുന്നതിനിടെ അപകടം: വയോധികയ്ക്ക്‌ ദാരുണാന്ത്യം

Update: 2026-04-05 01:28 GMT

ലഖ്നൗ: പേരക്കുട്ടി ഓടിച്ച കാര്‍ വീട്ടുമുറ്റത്തുനിന്ന് പിന്നോട്ടുരുണ്ട് വയോധികയ്ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം. മുത്തശ്ശി വീടിന്റെ ഗേറ്റ് അടയ്ക്കുന്നതിനിടെ പിന്നിലേക്ക് പാഞ്ഞുവന്ന വാഹനത്തിനും മതിലിനും ഇടയില്‍ പെട്ടാണ് അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

വയോധികയുടെ കൊച്ചുമകന്‍ ഓടിച്ചെത്തിയ ഥാര്‍ ആണ് വീട്ടുമുറ്റത്തുനിന്ന് പിന്നോട്ടുരുണ്ട് അപകടമുണ്ടാക്കിയത്. കൊച്ചുമകന്‍ വാഹനവുമായി എത്തിയപ്പോള്‍ വയോധികയാണ് വീടിന്റെ ഗേറ്റ് തുറന്നുനല്‍കിയത്. തുടര്‍ന്ന് വാഹനം വീടിനുള്ളിലേക്ക് പ്രവേശിക്കുന്നതും വയോധിക ഗേറ്റടയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍, തൊട്ടുപിന്നാലെ വീട്ടുമുറ്റത്തുനിന്ന് വാഹനം പിന്നോട്ടുരുളുകയും പിറകിലുണ്ടായിരുന്ന വയോധികയെ ഇടിച്ചിടുകയുമായിരുന്നു. അതിവേഗം പിന്നിലേക്ക് ഉരുണ്ടുവന്ന വാഹനം ഗേറ്റ് തകര്‍ത്ത് വയോധികയെയും കൊണ്ട് റോഡിന് അപ്പുറത്തെ മതിലില്‍ പോയി ഇടിക്കുകയായിരുന്നു.

വീട്ടമ്മ വാഹനത്തിനും റോഡരികിലെ മതിലിനും ഇടയില്‍പ്പെട്ടു. ഇതിനിടെ, വീട്ടില്‍നിന്ന് ഒരാള്‍ ഓടിയെത്തി ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും എന്നാല്‍ വാഹനം പിന്നോട്ടുനീങ്ങുന്നത് തടയാന്‍ കഴിയാത്തതും ദൃശ്യങ്ങളില്‍ കാണാം. വാഹനം പിന്നോട്ടുനീങ്ങിയപ്പോള്‍ വാഹനത്തില്‍ ഡ്രൈവറുണ്ടായിരുന്നോ എന്നതില്‍ വ്യക്തതയില്ല. വാഹനത്തില്‍ കൊച്ചുമകന്‍ ഉണ്ടായിരുന്നതായും അതല്ല, വാഹനം നിര്‍ത്തിയിട്ട ശേഷമാണ് പിന്നോട്ടുരുണ്ടതെന്നും പറയപ്പെടുന്നുണ്ട്.

ഗുരുതരമായി പരിക്കേറ്റ സ്ത്രീ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സ്വന്തം കുടുംബാംഗത്തിന്റെ കൈപ്പിഴ മൂലം നടന്ന അപകടമായതിനാല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല എന്നാല്‍ വീഡിയോ വൈറലായതോടെ പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി.

Tags:    

Similar News