ഡല്‍ഹി സര്‍വകലാശാലയിലെ കോളജുകള്‍ക്ക് ഇ-മെയില്‍ വഴി ബോംബ് ഭീഷണി; ക്യാമ്പസ് ഒഴിപ്പിച്ചു പരിശോധന നടത്തി ബോംബ് സ്‌ക്വാഡ്
ഡല്‍ഹി സര്‍വകലാശാലയിലെ കോളജുകള്‍ക്ക് ഇ-മെയില്‍ വഴി ബോംബ് ഭീഷണി
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള രാംജാസ്, മിറാന്‍ഡ ഹൗസ് കോളജുകള്‍ക്ക് ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണി എത്തിയത്. ഇതേതുടര്‍ന്ന് തിങ്കളാഴ്ച രാവിലെ കോളജുകള്‍ ഒഴിപ്പിച്ചുവെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
വിവരം ലഭിച്ച് ഉടന്‍തന്നെ ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡുകള്‍ എന്നിവ ക്യാമ്പസുകളിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും നിലവില്‍ പരിസരത്ത് തിരച്ചില്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ബുധനാഴ്ച ഡല്‍ഹി മേയറുടെ ഓഫീസിലേക്ക് സമാനമായ ഒരു മെയില്‍ അയച്ചതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ ഭീഷണി വരുന്നത്. ആ മുന്നറിയിപ്പ് പിന്നീട് വ്യാജമാണെന്ന് തെളിയക്കപ്പെട്ടു. എന്നിരുന്നാലും കമല മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡുകളും ചേര്‍ന്ന് പ്രദേശത്ത് സമഗ്രമായ തെരച്ചില്‍ നടത്തി.
ഇന്ന് പുലര്‍ച്ചെ ചണ്ഡീഗഡിലെയും പഞ്ചാബിന്റെ ചില ഭാഗങ്ങളിലെയും നിരവധി സ്‌കൂളുകള്‍ക്കും പഞ്ചാബ് ഹരിയാന സെക്രട്രിയേറ്റുകളിലും ഫിറോസ്പൂര്‍ ജില്ലാ കോടതിയിലും ഇ-മെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചു. ഖാലിസ്ഥാന്‍ നാഷണല്‍ ആര്‍മി എന്ന സംഘടനയാണ് ഈ ഭീഷണി മെയിലുകള്‍ക്ക് പിന്നിലെന്ന് പറയപ്പെടുന്നു.