തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന്; സമര്‍പ്പിക്കപ്പെട്ടത് 4574 പത്രികകള്‍; ഒന്‍പത് വരെ പത്രിക പിന്‍വലിക്കാം

Update: 2026-04-07 05:41 GMT

ചെന്നൈ: തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. ഇന്നലെ വൈകിട്ട് മൂന്ന് മണി വരെയായിരുന്നു പത്രികാ സമര്‍പ്പണത്തിനുള്ള സമയം. 234 മണ്ഡലങ്ങളിലുമായി 4574 പത്രികകളാണ് സമര്‍പ്പിയ്ക്കപ്പെട്ടത്. ഒന്‍പതാണ് പത്രിക പിന്‍വലിയ്ക്കാനുള്ള അവസാന തീയതി.

തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെ അവസാനിച്ചിരുന്നു. ആകെ 4,574 പത്രികകളാണ് സംസ്ഥാനത്തുടനീളം സമര്‍പ്പിക്കപ്പെട്ടത്. ഇതിന്റെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസാമി, ഒ. പനീര്‍സെല്‍വം, ഡിഎംഡികെ അധ്യക്ഷ പ്രേമലത വിജയകാന്ത് തുടങ്ങിയ പ്രമുഖര്‍ അവസാന ദിനത്തിലാണ് പത്രിക നല്‍കിയത്.

ബിജെപി നിരയില്‍ നിന്ന് കേന്ദ്രമന്ത്രി എല്‍. മുരുകന്‍, മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍, നൈനാര്‍ നാഗേന്ദ്രന്‍ എന്നിവരും മത്സരരംഗത്തുണ്ട്. ഏപ്രില്‍ ഒമ്പതാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. നിലവില്‍ പ്രചാരണ പരിപാടികള്‍ സജീവമാക്കിയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഇന്ന് സീര്‍കാഴിയിലും കടലൂരും ജനങ്ങളെ അഭിസംബോധന ചെയ്യും.

കേരളത്തിനൊപ്പം വോട്ടെടുപ്പ് നടക്കുന്ന പുതുച്ചേരിയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കുകയാണ്. അവസാന നിമിഷം വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികള്‍. കഴിഞ്ഞ ദിവസം അമിത് ഷാ, എം.കെ. സ്റ്റാലിന്‍, രാഹുല്‍ ഗാന്ധി തുടങ്ങിയ ദേശീയ-പ്രാദേശിക നേതാക്കള്‍ പുതുച്ചേരിയില്‍ തമ്പടിച്ച് വന്‍ പ്രചാരണമാണ് നടത്തിയത്.

അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണവും ഇന്ന് സമാപിക്കും. എന്‍ഡിഎയ്ക്ക് വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അന്തിമ ഘട്ടത്തില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുമ്പോള്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ നിരയില്‍ പോരാട്ടം നയിക്കുന്നു. രാഷ്ട്രീയ പോരിനിടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യക്കെതിരായ അഴിമതി ആരോപണം സംസ്ഥാനത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്. കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയ്ക്കെതിരെ ഹിമന്ത ബിശ്വ ശര്‍മ്മ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത് ഭരണ-പ്രതിപക്ഷ തര്‍ക്കം കൂടുതല്‍ രൂക്ഷമാക്കി.

ബംഗാളില്‍ ഇത്തവണ ഒറ്റയ്ക്ക് പോരാടാനുറച്ച കോണ്‍ഗ്രസ് ഇന്ന് തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കും. മല്ലികാര്‍ജുന്‍ ഖാര്‍ഗെ കൊല്‍ക്കത്തയില്‍ വെച്ച് പ്രകടനപത്രിക പ്രകാശനം ചെയ്യും. സഖ്യങ്ങളില്ലാതെ 294 സീറ്റുകളിലും മത്സരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളില്‍ സൂക്ഷ്മപരിശോധനയും പത്രിക പിന്‍വലിക്കലും പൂര്‍ത്തിയാകുന്നതോടെ തിരഞ്ഞെടുപ്പ് ചിത്രം കൂടുതല്‍ വ്യക്തമാകും.

Similar News