കാര്‍ മോഷ്ടിക്കാന്‍ യുവ വ്യവസായിയെ കൊലപ്പെടുത്തി; മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി: മൂന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
കാര്‍ മോഷ്ടിക്കാന്‍ യുവ വ്യവസായിയെ കൊലപ്പെടുത്തി; എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
നാഗ്പുര്‍: കാര്‍ മോഷ്ടിക്കുന്നതിനായി യുവ വ്യവസായിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ശ്മശാനത്തിനു സമീപം കുറ്റിക്കാട്ടില്‍ തള്ളിയ മൂന്ന് എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റ് ചെയ്തു. കെഡികെ കോളജിലെ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണു കൊലപാതക കേസില്‍ പിടിയിലായത്. സ്പെയര്‍ പാര്‍ട്സ് ബിസിനസുകാരനും നാഗ്പുര്‍ വാഡി നിവാസിയുമായ സുജിത് ഉപാസ്റാവു ഭോജാപുരെയാണ് (44) കൊല്ലപ്പെട്ടത്.
സുജിത്തിന്റെ കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. അമിതമായി മദ്യപിച്ച് കാറില്‍ കിടന്ന സുജിത്തിനെ വിദ്യാര്‍ത്ഥികള്‍ സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയും കാറുമായി കടക്കുകയും ആയിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. വ്യാഴാഴ്ച രാവിലെ പരീക്ഷയ്ക്കു ശേഷം വിദ്യാര്‍ഥികള്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ, സുജിത്തിനെ വര്‍ധമാന്‍ നഗര്‍ പാലത്തില്‍ അമിതമായി മദ്യപിച്ച നിലയില്‍ കാറില്‍ ഒറ്റയ്ക്കു കണ്ടു. വിദ്യാര്‍ഥികള്‍ ഇയാളുടെ അടുത്തെത്തി സഹായം വാഗ്ദാനം ചെയ്തു.
ശേഷം വിദ്യാര്‍ത്ഥികള്‍ സുജിത്തുമായി സൗഹൃദത്തിലായി. കാറുമായി മണിക്കൂറുകള്‍ കറങ്ങിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു കല്ലുകൊണ്ടു തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തെളിവില്ലാതിരിക്കാന്‍ മൃതദേഹം കുറ്റിക്കാട്ടിലേക്കു വലിച്ചെറിഞ്ഞു. കാറും 2 മൊബൈല്‍ ഫോണുകളും പ്രതികള്‍ കൈക്കലാക്കിയിരുന്നു. കാണാനില്ലെന്ന പരാതിയെ തുടര്‍ന്നു സുജിത്തിനു വേണ്ടി അന്വേഷണം നടത്തിയ പൊലീസ് സംശയ സാഹചര്യത്തില്‍ കണ്ട കാര്‍ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലാണു ഫലം കണ്ടത്.