വേഗത്തിലെത്താൻ ഇടവഴിയിലൂടെ പിടിച്ചു; നേരെ പോയതും റോഡരികിലെ കിണറ്റിലേക്ക് കാർ മറിഞ്ഞ് വീണ് വൻ ദുരന്തം; ആറ് കുട്ടികളടക്കം ഒമ്പത് പേർ മരിച്ചു; നടുക്കം മാറാതെ പ്രദേശം

Update: 2026-04-07 10:47 GMT

നാസിക്: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ഇടറോഡിലൂടെ സഞ്ചരിച്ച കാർ കിണറ്റിലേക്ക് മറിഞ്ഞ് ആറ് കുട്ടികളടക്കം ഒൻപത് പേർ മരിച്ചു. വെള്ളിയാഴ്ച ദിണ്ടോരിയിൽ ഒരു കോച്ചിങ് പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. റോഡരികിൽ മൂടാതെ കിടന്ന കിണറാണ് ഈ വലിയ ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

മരിച്ചവരിൽ സുനിൽ ദർഗുദെ (32), ഭാര്യ രേഷ്‌മ (27), മകൾ ഗുൻവന്തി (11), സുനിലിൻ്റെ സഹോദരൻ്റെ ഭാര്യ ആശ (32), ഇവരുടെ മക്കളായ ശ്രേയസ് (11), ശ്രാവണി (11), ശ്രദ്ധ (13), ശ്രിഷ്‌ടി (14) എന്നിവരും ബന്ധുവായ സമൃദ്ധി (ഏഴ്) എന്ന കുട്ടിയും ഉൾപ്പെടുന്നു. ദിണ്ടോരിയിൽ നിന്ന് ഒൻപത് കിലോമീറ്റർ അകലെയുള്ള തങ്ങളുടെ ഗ്രാമത്തിലേക്ക് മാരുതി സുസുകി എക്‌സ്എൽ 6 കാറിൽ മടങ്ങുകയായിരുന്നു ഇവർ.

പ്രധാന റോഡ് ഒഴിവാക്കി ഇടവഴിയിലൂടെ സഞ്ചരിച്ച കാർ, വഴിയരികിലുണ്ടായിരുന്ന കിണറിൻ്റെ ചുറ്റുമതിലിലിടിച്ച് 40 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൻ്റെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും രാത്രിയായതിനാൽ വെളിച്ചക്കുറവും കിണറിൻ്റെ ആഴവും തടസ്സമായി. അഗ്നിരക്ഷാ സേനയെത്തി രക്ഷാപ്രവർത്തനം നടത്തിയപ്പോഴേക്കും ഒൻപത് പേരും മരണപ്പെട്ടിരുന്നു.

അലക്ഷ്യമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് കാറോടിച്ചിരുന്ന സുനിൽ ദർഗുദെയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഏറെക്കാലം മുൻപ് നിർമിച്ച കിണറിനോട് ചേർന്ന് അടുത്തിടെയാണ് റോഡ് നിർമിച്ചത്. എന്നാൽ, അപകടകരമായ രീതിയിൽ തുറന്നുകിടന്ന കിണർ മൂടുന്നതിന് നടപടിയുണ്ടായില്ല. കിണറിൻ്റെ ഉടമയും സർക്കാർ ഉദ്യോഗസ്ഥരും പരസ്പരം പഴിചാരുന്ന സാഹചര്യമാണുള്ളത്.

ദുരന്തത്തെത്തുടർന്ന് കിണർ മൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. റോഡരികിൽ അപകടക്കെണിയായി മാറിയ കിണർ എന്തുകൊണ്ടാണ് മൂടാതിരുന്നത് എന്ന് കണ്ടെത്താനായി വിശദമായ അന്വേഷണം നടന്നുവരികയാണ്. 

Tags:    

Similar News