'കദ്ദു'വിനെ കാണാനില്ല; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍; തെരുവു നായയെ കാണാതെ പോയതില്‍ വിശദീകരണവുമായി ഡല്‍ഹി വിമാനത്താവള അധികൃതര്‍

'കദ്ദു'വിനെ കാണാനില്ല; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍

Update: 2026-04-08 13:55 GMT

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി വിമാനത്താവളത്തിലെ പ്രിയപ്പെട്ട തെരുവുനായ 'കദ്ദു'വിനെ കാണാതായതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. വിമാനത്താവള പരിസരത്തെ ശാന്തനായ നായ എന്ന് അറിയപ്പെടുന്ന കദ്ദുവിനെ മാര്‍ച്ച് 26 മുതല്‍ കാണാനില്ലെന്നും, നായയെ അധികൃതര്‍ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്തതാണെന്നുമാണ് മൃഗസ്നേഹികളുടെ ആരോപണം.

സംഭവം വിവാദമായതോടെ വിശദീകരണവുമായി എയര്‍പോര്‍ട്ട് അഡ്മിനിസ്ട്രേഷന്‍ രംഗത്തെത്തി. വിമാനത്താവളത്തിലെ മൂന്ന് ടെര്‍മിനലുകളിലും നിരവധി നായ്ക്കള്‍ വസിക്കുന്നുണ്ടെന്നും അവയ്ക്ക് കൃത്യമായ പരിചരണവും ഭക്ഷണവും നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കദ്ദുവിനെ കാണാതായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടെന്നും നായ സുരക്ഷിതമായി എവിടെയെങ്കിലും ഉണ്ടാകുമെന്നും എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ അധികൃതര്‍ വ്യക്തമാക്കി.

വിമാനത്താവള പരിസരത്ത് നായ്ക്കളുടെ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് അതോറിറ്റി കര്‍ശന നിര്‍ദ്ദേശം നല്‍കി. 2026 ജനുവരി മുതല്‍ ഇതുവരെ 31 നായ കടി കേസുകളാണ് വിമാനത്താവള പരിസരത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 24 കേസുകളിലും വിമാനത്താവള ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രണ്ട് പേരെ നായ കടിക്കുകയും, അക്രമസ്വഭാവം കാണിച്ച ഒരു നായയെ സുരക്ഷിതമായി മാറ്റിയതായും അറിയിച്ചു.

പൊതുസ്ഥലങ്ങളില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഒഴിവാക്കണമെന്ന് യാത്രക്കാരോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ഇത് നായ്ക്കള്‍ കൂട്ടംകൂടാനും അപ്രതീക്ഷിതമായി അക്രമാസക്തരാകാനും കാരണമാകുന്നുണ്ട്. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് യാത്രക്കാര്‍ ഈ കാര്യത്തില്‍ സഹകരിക്കണമെന്നും, അക്രമസ്വഭാവമുള്ള നായ്ക്കളെ കണ്ടാല്‍ ഹെല്‍പ്പ് ലൈന്‍ നമ്പറിലോ സെക്യൂരിറ്റി വിഭാഗത്തിലോ വിവരം അറിയിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags:    

Similar News