ഭയങ്കര ശല്യം! ഡൽഹി വിമാനത്താവളത്തിന് ചുറ്റും കറങ്ങി നടന്ന വിരുതന്മാരെയെല്ലാം പൊക്കി; ഇതോടെ കലിപൂണ്ട ആളുകൾ; പ്രതിഷേധം ശക്തമായതും വിശദികരണവുമായി അധികൃതർ

Update: 2026-04-08 14:24 GMT

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള പരിസരത്തുനിന്ന് തെരുവുനായ്ക്കളെ കൂട്ടത്തോടെ നീക്കം ചെയ്യുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. വിമാനത്താവള അധികൃതരുടെ ഈ നടപടി മൃഗസ്‌നേഹികൾക്കിടയിലും സന്നദ്ധ സംഘടനകൾക്കിടയിലും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

വിമാനത്താവളത്തിലെ സുരക്ഷാ മുൻകരുതലിന്റെയും ശുചിത്വത്തിന്റെയും ഭാഗമായാണ് തെരുവുനായ്ക്കളെ നീക്കം ചെയ്യുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിംഗിനും ടേക്ക് ഓഫിനും റൺവേയ്ക്ക് സമീപമുള്ള നായ്ക്കളുടെ സാന്നിധ്യം ഭീഷണിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. യാത്രികർക്ക് നായ്ക്കൾ ശല്യമാകുന്നുവെന്ന പരാതികളും നടപടിക്ക് കാരണമായി.

നായ്ക്കളെ പിടികൂടുന്ന രീതി ക്രൂരമാണെന്നും മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ആരോപണം. വർഷങ്ങളായി വിമാനത്താവള പരിസരത്ത് കഴിഞ്ഞിരുന്ന നായ്ക്കളെ എവിടേക്കാണ് മാറ്റുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും മൃഗസംരക്ഷണ പ്രവർത്തകർ ആരോപിക്കുന്നു. 'ജസ്റ്റിസ് ഫോർ ഡോഗ്‌സ്' തുടങ്ങിയ ഹാഷ്‌ടാഗുകളോടെയാണ് ക്യാമ്പയിൻ നടക്കുന്നത്.

ഇന്ത്യൻ നിയമപ്രകാരം തെരുവുനായ്ക്കളെ വന്ധ്യംകരണത്തിന് ശേഷം പിടികൂടിയ ഇടത്ത് തന്നെ തിരികെ വിടണമെന്നാണ് ചട്ടം. എന്നാൽ വിമാനത്താവളം പോലുള്ള അതീവ സുരക്ഷാ മേഖലകളിൽ ഈ നിയമത്തിൽ ഇളവുകളുണ്ടോ എന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്നു.

വിഷയത്തിൽ മേനക ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖർ ഇടപെടണമെന്നാണ് സോഷ്യൽ മീഡിയയിലൂടെ മൃഗസ്‌നേഹികൾ ആവശ്യപ്പെടുന്നത്. നായ്ക്കളെ കൊല്ലുകയല്ല, മറിച്ച് സുരക്ഷിതമായ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് വേണ്ടതെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. എന്നാൽ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് അധികൃതർ ആവർത്തിക്കുന്നു.

Tags:    

Similar News