'ആള്‍ദൈവം' രഹസ്യക്യാമറയില്‍ പകര്‍ത്തിയ പീഡനദൃശ്യങ്ങള്‍ വിവിധ വെബ്‌സൈറ്റുകളില്‍; 450 സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ കേസ്
'ആള്‍ദൈവം' പകര്‍ത്തിയ പീഡനദൃശ്യങ്ങള്‍ വിവിധ വെബ്‌സൈറ്റുകളില്‍
മുംബൈ: നാസിക്കിലെ വിവാദ 'ആള്‍ദൈവം' അശോക് കുമാര്‍ ഖരാട്ട് രഹസ്യക്യാമറയിലൂടെ പകര്‍ത്തിയ അശ്ലീല വിഡിയോകള്‍ പോസ്റ്റ് ചെയ്ത വെബ്‌സൈറ്റുകള്‍ക്കും അവ പ്രചരിപ്പിച്ച 450 സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തെന്ന കുറ്റത്തിന് ഐടി നിയമപ്രകാരമാണു കേസെടുത്തത്. മൂന്നു വര്‍ഷം പീഡിപ്പിച്ചെന്ന് ആരോപിച്ച് 35 വയസ്സുകാരി നല്‍കിയ പരാതിയെത്തുടര്‍ന്നു കഴിഞ്ഞ 18നാണ് ഖരാട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതിനു പിന്നാലെ ഏഴ് പീഡനക്കേസുകള്‍ ഉള്‍പ്പെടെ 12 കേസുകളാണ് ഇയാള്‍ക്കെതിരെ പോലിസ് രജിസ്റ്റര്‍ ചെയ്തത്.
ഓഫിസിലെ രഹസ്യക്യാമറയിലൂടെ ഖരാട്ട് പകര്‍ത്തിയ പീഡനരംഗങ്ങളാണ് ഇപ്പോള്‍ വെബ്‌സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നത്. ചില വെബ്‌സൈറ്റുകള്‍ വിഡിയോ കാണുന്നതിന് 20 മുതല്‍ 50 രൂപ വരെ ഈടാക്കിയിട്ടുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ത്രീകളില്‍ ചിലര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അവ പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തു തുടങ്ങിയത്.
നൂറിലേറെ സ്ത്രീകളുടെ വിഡിയോ അടങ്ങിയ പെന്‍ഡ്രൈവ്് ഖരാട്ടില്‍ നിന്നു പൊലീസ് പിടിച്ചെടുത്തിരുന്നു. മര്‍ച്ചന്റ് നേവിയില്‍ നിന്നു വിരമിച്ച ശേഷം ആത്മീയ ബിസിനസിലേക്കു കടന്ന ഇയാള്‍ ഉന്നതരാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും വ്യവസായികളുടെയും വിനോദ മേഖലയിലെ പ്രമുഖരുടെയും ജ്യോതിഷിയായിരുന്നു. പലവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഉപദേശം തേടി തന്റെ പക്കലെത്തിയിരുന്ന സ്ത്രീകളെയാണു ഖരാട്ട് പീഡിപ്പിച്ചിരുന്നത്.